അന്ന സെബാസ്റ്റ്യന്റെ കുടുംബത്തെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു; അമിത ജോലിഭാരം നിമിത്തം മരിച്ച യുവതിക്ക് നീതി ഇനിയും അകലെ

അമിത ജോലി ഭാരം നിമിത്തം കൊച്ചി സ്വദേശിയായ 24കാരി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയില്‍ മരിച്ച് ഒരു വര്‍ഷമാകുമ്പോഴും തൊഴിലിടങ്ങളിലെ ചൂഷണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി. ആരോപണവിധേയരായ അന്താരാഷ്ട്ര കമ്പനി ഏണസ്റ്റ് ആന്‍ഡ് യങ്ങി ( )നെതിരെ ഒരു നടപടിയുമുണ്ടായില്ല. കേന്ദ്ര മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും അന്നയുടെ മാതാപിതാക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ആളെ പറ്റിക്കലായിരുന്നു എന്ന തിരിച്ചറിവിലാണ് കുടുംബം.
കഴിഞ്ഞ വര്‍ഷം ജൂലൈ 20നാണ് പൂനെയിലെ ഇ.വൈ കമ്പനിയിലെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്. ജോലി സമയം കഴിഞ്ഞും പണിയെടുപ്പിച്ച് തന്റെ മകളെ കൊന്നതാണെന്ന് കാട്ടി അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ കമ്പനി മേധാവിക്ക് അയച്ച കത്ത് വലിയ വിവാദമായിരുന്നു.
ഇ.വൈ ഇന്ത്യ ചെയര്‍മാന് അയച്ച കത്തില്‍ മകള്‍ അനുഭവിച്ച തൊഴില്‍ പീഡനം വിശദീകരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ തൊഴിലിടങ്ങളിലെ ചൂഷണത്തിനിടയായി മരിച്ച അന്നയുടെ വിഷയം കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്തലജെ പ്രതികരിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും ഒന്നും സംഭവിച്ചില്ല.
ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് അന്നയുടെ മരണ കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു.
ഇ.വൈയില്‍ ജോലിക്ക് കയറി നാല് മാസത്തിനകം ഒരു ചെറുപ്പക്കാരി അമിതജോലി ഭാരത്താല്‍ മരിച്ചതില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ ഒരു നടപടിയും കമ്പനിക്കെതിരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. വര്‍ക്ക് ലൈഫ് ബാലന്‍സ് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നൊക്കെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ അന്നയുടെ മരണമുണ്ടായ സമയത്ത് പ്രതികരിച്ചത്.
അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശവും നല്‍കിയിരുന്നു. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു എങ്കിലും ഇത് സംബന്ധിച്ച് പിന്നീട് എന്തെങ്കിലും സംഭവിച്ചതായി അറിവില്ല.
അന്നയുടെ മരണം ദേശീയ തലത്തില്‍ വിവാദമായ ഘട്ടത്തില്‍ ഭരണ- പ്രതിപക്ഷ നേതാക്കള്‍ നിരനിരയായി വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. ആ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ ഇവരാരും ഒന്നും ചെയ്യുകയോ ഈ വിഷയം ഫോളോ അപ്പ് ചെയ്യുകയോ ചെയ്തില്ല. അതുകൊണ്ട് തന്നെ കേന്ദ്ര തൊഴില്‍ മന്ത്രാലയം ഒന്നും ചെയ്യാതെ ഒളിച്ചു കളി തുടരുന്നു. അന്നയുടെ മരണത്തെക്കുറിച്ചും ഇ.വൈയുടെ തൊഴില്‍ ചൂഷണത്തെ കുറിച്ചും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here