അമേരിക്കയിൽ നിന്ന് സ്വർണം തിരിച്ചുകൊണ്ടുവരാൻ യൂറോപ്യൻ രാജ്യങ്ങൾ; ട്രംപിന്റെ നയങ്ങളിൽ ലോകത്തിന് ആശങ്ക

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിത നയങ്ങളിലും ആക്രമണോത്സുകമായ നിലപാടുകളിലും ആശങ്കയറിയിച്ച് യൂറോപ്യൻ രാജ്യങ്ങൾ. യുഎസ് ഫെഡറൽ റിസർവിൽ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ ടൺ കണക്കിന് സ്വർണശേഖരം തിരിച്ചെടുക്കാൻ ഇറ്റലിയും ജർമനിയും നീക്കം തുടങ്ങുന്നതായാണ് റിപ്പോർട്ടുകൾ. 2025-ലെ ആഗോള സാമ്പത്തിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയമായി ഇത് മാറിയിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളിൽ മുന്നിലാണ് ജർമനിയും ഇറ്റലിയും. ജർമനിക്ക് ഏകദേശം 3,500 ടണ്ണും ഇറ്റലിക്ക് 2,500 ടണ്ണും സ്വർണശേഖരമുണ്ട്. ഇതിൽ ജർമനി 1,200 ടണ്ണും ഇറ്റലി 1,000 ടണ്ണോളവുമാണ് യുഎസ് ഫെഡറൽ റിസർവിൽ നിക്ഷേപിച്ചിരിക്കുന്നത്. ഈ ശേഖരം പൂർണ്ണമായും സ്വന്തം രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ഇരുരാജ്യങ്ങളും ആലോചിക്കുന്നത്.
Also Read : പൗരത്വത്തിന് വിലയിട്ട് ട്രംപ്; 10 ലക്ഷം ഡോളറുണ്ടെങ്കിൽ അമേരിക്കൻ പൗരനാകാം
ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക-വിദേശ നയങ്ങളിലുള്ള അവ്യക്തതയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. കനത്ത ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തുന്നതും, ഫെഡറൽ റിസർവിന്റെ സ്വതന്ത്രമായ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള ട്രംപിന്റെ ശ്രമങ്ങളും യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണം പശ്ചിമേഷ്യയിൽ വലിയ അനിശ്ചിതത്വമുണ്ടാക്കി. ട്രംപിന്റെ ഇത്തരം ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ഏത് നിമിഷവും തകിടം മറിച്ചേക്കാമെന്ന ഭയമാണ് സ്വർണം സുരക്ഷിതമായി സ്വന്തം കൈവശം വെക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.
ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ മാറ്റങ്ങളുണ്ടായി. ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അത് ഇറാൻ തള്ളിക്കളഞ്ഞത് ഓഹരി വിപണിയെയും സ്വർണ്ണവിലയെയും ബാധിച്ചിരുന്നു. ട്രംപ് അധികാരത്തിലേറിയ ശേഷം ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും ഉണ്ടായ വൻ മാറ്റങ്ങളുടെ പ്രതിഫലനമാണ് ജർമനിയുടെയും ഇറ്റലിയുടെയും ഈ നീക്കമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here