കേസ് 35 വർഷം വലിച്ചുനീട്ടിയിട്ടും ഫലമുണ്ടാകുന്ന ലക്ഷണമില്ല!! തൊണ്ടിമുതൽ തിരിമറിക്കേസിന് അവസാനമാകുന്നു

മുൻമന്ത്രി ആൻ്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തി. രണ്ടു കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥർ അടക്കം രണ്ടു സാക്ഷികളുടെ മൊഴികളാണ് ഇനി രേഖപ്പെടുത്താൻ ഉള്ളത്. ആദ്യകേസ് അന്വേഷിച്ച, പിന്നീട് എസ്പിയായി വിരമിച്ച കെ കെ ജയമോഹൻ ഇന്ന് മൊഴി നൽകും. തിരുവനന്തപുരം നാർക്കോട്ടിക് സെൽ അസി. കമ്മിഷണറായിരിക്കെ കേസിൽ പുനരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച പി.പ്രഭയുടെ വിചാരണയും ഉടൻ നടക്കും.
1989ൽ വിദേശി പ്രതിയായ ലഹരിക്കടത്ത് കേസിലെ പ്രധാന തൊണ്ടിവസ്തുവായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയതാണ് കേസിന് അടിസ്ഥാനം. അതീവ കരുതലോടെ സൂക്ഷിക്കുന്ന ഈ തൊണ്ടി കോടതിയിൽ നിന്ന് വാങ്ങി പുറത്തു കൊണ്ടുപോയിട്ടില്ല എന്ന് പ്രതിഭാഗം വക്കീലായിരുന്ന ആൻ്റണി രാജുവിനോ, അത് എടുത്തു കൊടുത്തിട്ടില്ല എന്ന് കൂട്ടുപ്രതിയായ മുൻ കോടതി ജീവനക്കാരൻ കെ എസ് ജോസിനോ ഒരുഘട്ടത്തിൽ പോലും വാദം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
പ്രതിയുടെ അഭിഭാഷകൻ ആയിരുന്ന ആൻ്റണി രാജുവിൻ്റേതായി കോടതിയുടെ തൊണ്ടി രജിസ്റ്ററിലുള്ള ഒപ്പ് നിഷേധിക്കാനും കഴിഞ്ഞിട്ടില്ല. കയ്യക്ഷരം പരിശോധിച്ച ഫൊറൻസിക് ലാബിലെ വിദഗ്ധനെ വിസ്തരിച്ചു എങ്കിലും ക്രോസ് വിസ്താരം നടത്താൻ പ്രതിഭാഗം തയ്യാറായത് പോലുമില്ല. കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് ആയിരുന്ന ജോസിൻ്റെ പങ്കിനെപ്പറ്റി സഹപ്രവർത്തകർ ആയിരുന്ന മുൻ ജീവനക്കാർ നൽകിയ മൊഴിയും ശക്തമാണ്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലഹരിയുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത് 1989 ഏപ്രിൽ 4നായിരുന്നു. വിചാരണയിൽ പ്രതി ശിക്ഷിക്കപ്പെട്ടെങ്കിലും, അപ്പീൽ കേട്ട ഹൈക്കോടതി വെറുതെവിട്ടു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തൊണ്ടിയായ അടിവസ്ത്രത്തിൽ തിരിമറി നടന്നുവെന്ന് കണ്ടെത്തി പ്രതിഭാഗം വക്കീലായിരുന്നു ആൻ്റണി രാജുവും കോടതിയിലെ തൊണ്ടിസെക്ഷൻ ക്ലാർക്കും പ്രതികളായത്.
കുറ്റകൃത്യം നടന്ന് 16 വർഷത്തിന് ശേഷം, 2006ൽ പോലീസ് നൽകിയ കുറ്റപത്രം 2014 വരെ വിചാരണയില്ലാതെ വഞ്ചിയൂർ കോടതിയിലും, പിന്നീട് 2022 വരെ നെടുമങ്ങാട് കോടതിയിലും കെട്ടിക്കിടന്നു. 2022 ജൂലൈയിൽ ഈ അട്ടിമറി നീക്കം പുറത്തായതോടെയാണ് കേസ് പൊങ്ങിയത്. മനോരമ ചാനലിലെ ജേണലിസ്റ്റ് ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ സ്ഥാപനം വിസമ്മതിച്ചതോടെ ഫെയ്സ്ബുക്കിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ഇതോടെ കേസ് റദ്ദാക്കണമെന്ന ഹർജിയുമായി ആൻ്റണി രാജു ഹൈക്കോടതിയിൽ എത്തി. ഫലം കാണാതെ സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും വൻ തിരിച്ചടിയായി. കേസ് റദ്ദാക്കണമെന്ന ആൻ്റണി രാജുവിൻ്റെ അപേക്ഷ കഴിഞ്ഞ വർഷം നവമ്പർ 20ന് തള്ളിയ സുപ്രീം കോടതി, ഉടനടി വിചാരണ നേരിടാൻ പ്രതികളോട് നിർദേശിച്ചു. കേസ് അതീവ ഗൌരവമാണെന്ന് നിരീക്ഷിച്ച്, ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ വിചാരണാ കോടതിക്ക് നിർദേശം നൽകുകയും ചെയ്തു.
ഇതുപ്രകാരം ഇക്കഴിഞ്ഞ ഡിസംബറിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റൂബി ഇസ്മയിൽ മുമ്പാകെ വിചാരണ തുടങ്ങിയ കേസ് വേഗത്തിൽ മുന്നോട്ട് നീങ്ങുകയാണ്. അഡ്വ.എ മൻമോഹനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്. 1989ൽ പിടികൂടിയ ലഹരിക്കേസ് ആദ്യം പരിഗണിച്ച കോടതിയിലെ മജിസ്ട്രേറ്റ് ആയിരുന്ന മുഹമ്മദ് വാസിം ഈ വിചാരണക്കിടെ രണ്ടു പ്രതികൾക്കെതിരെയും നൽകിയിട്ടുള്ള മൊഴികൾ കേസിൽ വ്യക്തമായ സൂചന നൽകുന്നതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here