തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജുവിന് വീണ്ടും തിരിച്ചടി; കടുത്ത വകുപ്പുകൾ ചുമത്തിയേക്കും; വിചാരണ സ്റ്റേചെയ്ത് ഹൈക്കോടതി

മുൻമന്ത്രി ആൻ്റണി രാജു രണ്ടാംപ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ഇതിൽ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണാ കോടതി നടപടികൾ തടയുകയും ചെയ്തു. അടുത്തമാസം 20നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വഞ്ചന അടക്കമുള്ള വകുപ്പുകളാണ് നിലവിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ സർക്കാർ ജീവനക്കാരുടെ വഞ്ചനക്ക് ചുമത്തേണ്ടത് ഐപിസി 409 എന്ന വകുപ്പാണെന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ ഹർജി. മാധ്യമ പ്രവർത്തകനായ അനിൽ ഇമ്മാനുവലാണ് അഡ്വ.അജിത് ജി. അഞ്ചർലേക്കർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം അനുവദിച്ചാൽ ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കേസാകും ഇത്.
തൊണ്ടിമുതൽ സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന കോടതി ജീവനക്കാരൻ കെ എസ് ജോസ് ഒന്നാം പ്രതിയും, അഭിഭാഷകനായിരിക്കെ ലഹരികടത്ത് കേസിലെ തൊണ്ടിമുതലായിരുന്ന അടിവസ്ത്രം ഒന്നാം പ്രതിയെ സ്വാധീനിച്ച് കൈക്കലാക്കിയ ആൻ്റണി രാജു രണ്ടാം പ്രതിയുമാണ്. ഒന്നാം പ്രതിക്കെതിരെ പുതിയ വഞ്ചനാക്കുറ്റം കൂടി വന്നാൽ അത് ആൻ്റണി രാജുവിനും ബാധകമാകും.
1989ൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ കേസിലെ തൊണ്ടിയായ അടിവസത്രം വെട്ടിത്തയ്ച്ചു ചെറുചതാക്കിയ കേസിലാണ് ആൻ്റണി രാജു വിചാരണ നേരിടുന്നത്. വിചാരണ കോടതി ശിക്ഷിച്ചെങ്കിലും തൊട്ടുപിന്നാലെ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയ പ്രതി കുറ്റവിമുക്തനായി, പിറ്റേന്ന് രാജ്യംവിട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here