കാഞ്ചിപുരം അവിഹിതക്കാരുടെ ഇന്ത്യൻ ക്യാപിറ്റല്‍; ഡേറ്റിംഗ് ആപ്പായ ആഷ്‌ലി മാഡിസന്റെ ഞെട്ടിക്കുന്ന സര്‍വേ റിപ്പോര്‍ട്ട്

വിവാഹത്തിന്റെ പവിത്രതയെക്കുറിച്ച് വാതോരാതെ കൊട്ടിഘോഷിക്കുകയും ഏകപത്‌നീവൃതം മഹത്താണെന്ന് വ്യാഖ്യാനിക്കുകയും സായിപ്പിന്റേത് കുത്തഴിഞ്ഞ ജീവിതമാണ് എന്നുമൊക്കെ വീമ്പടിക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നു. ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ആഷ്‌ലി മാഡിസണ്‍ (Ashley Madison) നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. രാജ്യത്ത് ഏറ്റവുമധികം വിവാഹേതര ബന്ധങ്ങള്‍ ഉള്ളത് തമിഴ്‌നാട്ടിലാണെന്ന് മാഡിസന്റെ റിപ്പോര്‍ട്ട് പറയുന്നു.

അവിഹിതബന്ധക്കാരെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് ആഷ്‌ലി മാഡിസണ്‍. വിവാഹം കഴിഞ്ഞിട്ടും മറ്റ് അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആവോളം പോത്സാഹനം ഇവിടെ നിന്നും ലഭിക്കും. ഡേറ്റിങ് പ്ലാറ്റ്‌ഫോമുകളില്‍ കയറുന്നവരുടെ എണ്ണം ഉപയോഗിച്ചും അല്ലാതെ നടത്തിയ സര്‍വേകളിലൂടെയുമാണ് അവിഹിതക്കാരെ കുറിച്ച് പഠനം നടത്തിയത്. ജൂണിലെ ഏറ്റവും പുതിയ ഉപയോക്താക്കളുടെ കണക്കും പ്ലാറ്റ്‌ഫോം പുറത്തുവിട്ടിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നുമാണ് ഏറ്റവുമധികം ആളുകള്‍ ഡേറ്റിങ് ആപ്പില്‍ കയറിയിട്ടുള്ളത്. മെട്രോ നഗരങ്ങളെ കവച്ചുവെക്കുന്ന വിധത്തിലാണ് കാഞ്ചിപുരത്തെ ആള്‍ക്കാരുടെ അവിഹിത ബന്ധങ്ങള്‍. നേരത്തെയുള്ള സര്‍വെയില്‍ 17-ാം സ്ഥാനത്തായിരുന്ന കാഞ്ചീപുരം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തേക്കുള്ള കാഞ്ചിപുരത്തിന്റെ കുതിപ്പിന് കാരണം എന്താണെന്ന് മാഡിസണ്‍ വ്യക്തമാക്കിയിട്ടില്ല.

ആദ്യ 20 നഗരങ്ങളുടെ പട്ടികയിലെങ്ങും മുംബൈ ഇടംപിടിച്ചിട്ടില്ല. വിവാഹത്തിന് പുറത്ത് പങ്കാളികളെ തേടുന്നവരുടെ എണ്ണത്തില്‍ മെട്രോനഗരങ്ങളില്‍ ഡല്‍ഹിയിലെ ഒന്‍പത് സ്ഥലങ്ങളാണ് മുന്നിൽ. സെന്‍ട്രല്‍ ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്, സൗത്ത് വെസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ ഹി, വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവയ്ക്ക് പുറമെ ഗുരുഗ്രാം, ഗാസിയബാദ്, നോയിഡ എന്നിവയും പട്ടികയിലുണ്ട്. ജയ്പൂര്‍, റായ്ഗഡ്, കാംരൂപ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലും വിവാഹിതരായ ഡേറ്റിങുകാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

നിലവില്‍ പുറത്തുവന്ന കണക്കുകള്‍ സമൂഹത്തിലെ വലിയ മാറ്റമാണ് കാണിക്കുന്നത്. ഒറ്റപ്പങ്കാളിയെന്ന രീതിയില്‍ നിന്ന് നിരവധിപ്പേര്‍ മാറിച്ചിന്തിക്കുന്നുവെന്ന് വേണം അനുമാനിക്കാനെന്നും മാഡിസണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വിവാഹതേര ബന്ധം സമ്മതിക്കുന്നവരുടെ എണ്ണം ഇന്ത്യയിലും ബ്രസീലിലും വര്‍ധിക്കുകയാണെന്ന് ഏപ്രിലിലെ മാഡിസൻ്റെ സര്‍വെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സര്‍വെയില്‍ പങ്കെടുത്ത 53 ശതമാനം ഇന്ത്യക്കാരും അവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്.

ലോകവ്യാപകമായി അഞ്ചരക്കോടിയിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഡേറ്റിംഗ് പ്ലാറ്റ്ഫോമാണ് ആഷ്‌ലി മാഡിഷണ്‍. 2002ല്‍ ആരംഭിച്ച ഇത് വിവാഹിതര്‍ക്ക് വിവാഹേതര ബന്ധങ്ങള്‍ക്കുള്ള വേദിയായാണ് തുടങ്ങിയത്. 2015 ജൂലൈയില്‍ ദ ഇംപാക്ട് ടീം (The Impact Team) എന്നറിയപ്പെടുന്ന ഹാക്കേഴ്‌സ് ഈ ഡേറ്റിംഗ് ആപ്പിന്റെ സൈറ്റ് ഹാക്കുചെയ്ത് ഡേറ്റ മറിച്ചു വിറ്റതും ഉപഭോക്താക്കളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടതും വന്‍ വിവാദമായിരുന്നു.

2015ലെ ഹാക്കിങ്ങിന് ശേഷവും ഓരോ വര്‍ഷവും ആഷ്‌ലി മാഡിഷണില്‍ 20,000 പുതിയ അംഗങ്ങള്‍ പണം കൊടുത്തു സര്‍വീസ് വാങ്ങുന്നു എന്നാണ് കണക്ക്.
ഓരോ ദിവസവും ആഷ്‌ലി മാഡിസണില്‍ അവിഹിത ബന്ധം തേടിയെത്തുന്നത് ശരാശരി 40,000 പേരാണ്. ഹാക്കിങ് സംഭവത്തിനു ശേഷം വെബ്‌സൈറ്റ് ഡേറ്റാബേസിന്റെ സുരക്ഷ പതിന്‍മടങ്ങ് വര്‍ധിപ്പിച്ചെന്നാണ് ആഷ്‌ലി മാഡിസണ്‍ അവകാശപ്പെടുന്നത്.

മാഡിസണില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന 3.7 കോടി ജനങ്ങളുടെ പട്ടികയാണ് ഹാക്കര്‍മാര്‍ പുറത്തുവിട്ടത്. സാങ്കേതിക ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു ഇത്രയും അധികംപേരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍ പുറത്തുവിട്ടത്. നിരവധി രാജ്യങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ മുഖംമൂടി വലിച്ചുകീറുന്നത് ആയിരുന്നു ഈ വലിയ ഹാക്കിങ്. ഇതോടെ ലോക വ്യാപകമായി പല സുദൃഡ വിവാഹ ബന്ധങ്ങളും തകര്‍ന്നു തരിപ്പണമായതും ലോകംകണ്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top