വ്യാജ BARC ശാസ്ത്രജ്ഞൻ പിടിയിൽ; ലോകം ചുറ്റിയത് വിവിധ പേരുകളിൽ

ഇന്ത്യയുടെ പ്രധാന ആണവ ഗവേഷണ കേന്ദ്രമായ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ (BARC) ശാസ്ത്രജ്ഞനെന്ന് ആൾമാറാട്ടം നടത്തിയ പ്രതിയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ആണവ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും ഡാറ്റകളും ലഭിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
അക്തർ ഖുതുബുദ്ദീൻ ഹുസൈനി എന്ന 55കാരനെയാണ് പിടികൂടിയത്. മുംബൈയിലെ വെർസോവ സ്വദേശി എന്നാണ് വിവരം. ഇയാൾ ‘BARC ശാസ്ത്രജ്ഞൻ’ എന്ന് പരിചയപ്പെടുത്തി വ്യാജ തിരിച്ചറിയൽ കാർഡുകളും മറ്റും ഉപയോഗിച്ച് വിദേശ രാജ്യങ്ങളിൽ വരെ യാത്ര ചെയ്യുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്തിരുന്നു. അറസ്റ്റിനിടെ ഇയാളിൽ നിന്ന് BARCൻ്റേതെന്ന പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡുകൾ, വിവിധ പേരുകളിലുള്ള മൂന്ന് പാസ്‌പോർട്ടുകൾ, സംശയാസ്പദമായ രേഖകൾ, ആണവ ഡാറ്റയെന്ന് സംശയിക്കുന്ന വിവരങ്ങളും 14 മാപ്പുകളും പൊലീസ് കണ്ടെടുത്തു.
വ്യാജ തിരിച്ചറിയൽ കാർഡുകളിൽ ‘അലക്‌സാണ്ടർ പാൽമർ’, ‘അലി റസാ ഹുസൈൻ’ എന്നിങ്ങനെ വ്യത്യസ്ത പേരുകളാണ് ഉപയോഗിച്ചിരുന്നത്. വ്യാജ തിരിച്ചറിയൽ കാർഡുകളും മറ്റ് രേഖകളും നിർമ്മിക്കാൻ സഹായിച്ച മുന്നസീർ ഖാൻ എന്ന സൈബർ കഫേ ഉടമയെയും പൊലീസ് ജാർഖണ്ഡിൽ നിന്നും അറസ്റ്റ് ചെയ്തു. 2004ൽ, രഹസ്യരേഖകൾ കൈവശം വച്ചതിന് ദുബായിൽ നിന്ന് ഹുസൈനിയെ നാടുകടത്തിയിരുന്നു. എന്നാൽ, പിന്നീട് വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ദുബായ്, ടെഹ്‌റാൻ, മറ്റ് സ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നതായാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		