വ്യാജ ഡോക്ടറായി മെഡിക്കൽ കോളേജിൽ ജോലി ചെയ്തത് 3 വർഷം; പിടിക്കപ്പെട്ടത് സഹോദരിയുടെ പരാതിയിൽ

ഉത്തർപ്രദേശിലെ ലളിത്പുർ ജില്ലയിലെ മെഡിക്കൽ കോളേജിലാണ് വ്യാജ ഡോക്ടർ മൂന്ന് വർഷം ജോലി ചെയ്തത്. സഹോദരി ഭർത്താവിന്റെ മെഡിക്കൽ ഡിഗ്രി ഉപയോഗിച്ചാണ് ഇയാൾ ഡോക്ടറായത്. ലളിത്പുർ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിലാണ് വ്യാജ ഡോക്ടറായി ജോലി ചെയ്തിരുന്നത്.
ഡോ അഭിമന്യു സിംഗ് എന്ന പേരിലാണ് തട്ടിപ്പു നടത്തിയത്. നിരവധി രോഗികളുടെ ജീവനാണ് ഇതിലൂടെ അപകടത്തിലാക്കിയത്. ഇയാളുടെ സഹോദരി നൽകിയ പരാതിയിലൂടെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ ജോലി രാജിവെച്ച് ഇയാൾ ഒളിവിൽ പോയി. തന്റെ ഭർത്താവ് രാജീവ് ഗുപ്തയുടെ എംബിബിഎസ്, എംഡി ഡിഗ്രികളാണ് ഇയാൾ ഉപയോഗിച്ചതെന്ന് സഹോദരി പരാതിയിൽ വ്യക്തമാക്കിയത്. രാജീവ് ഗുപ്ത ഇപ്പോൾ അമേരിക്കയിലെ പ്രധാന ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.
പരാതി ലഭിച്ച ഉടൻ കോളേജ് പ്രിൻസിപ്പൽ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ഇയാളുടെ രേഖകൾ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇയാൾ സഹോദരി ഭർത്താവിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ആധാർ കാർഡ് സംഘടിപ്പിച്ച് ആൾമാറാട്ടം നടത്തുകയായിരുന്നു. തനിക്കെതിരെ പരാതി വന്നതറിഞ്ഞ ഉടൻ ഇയാൾ രാജി വെച്ച് രക്ഷപെടുകയായിരുന്നു. പ്രിൻസിപ്പൽ ഡോ മായങ്ക് കുമാർ ശുക്ല സംഭവം സ്ഥിരീകരിക്കുകയും, സമഗ്രമായ അന്വേഷണത്തിന് ശേഷം കർശന നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here