20 കോടി തിരുപ്പതി ലഡ്ഡുവിൽ വ്യാജ നെയ്യ്! ഭക്തരെ കബളിപ്പിച്ചത് 5 വർഷം; പ്രസാദത്തിൽ പോലും മായം ചേർത്ത് വിശ്വാസ വഞ്ചന!

ലോകപ്രശസ്തമായ തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിർമ്മാണത്തിൽ വലിയ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. 2019 മുതൽ 2024 വരെ വിതരണം ചെയ്ത ലഡ്ഡു പ്രസാദങ്ങളിൽ വൻതോതിൽ മായം ചേർത്തതായി അധികൃതർ സ്ഥിരീകരിച്ചു.
അഞ്ച് വർഷത്തിനിടെ വിതരണം ചെയ്ത 48.76 കോടി ലഡ്ഡുക്കളിൽ ഏകദേശം 20 കോടി ലഡ്ഡുക്കൾ മായം ചേർത്ത നെയ്യ് ഉപയോഗിച്ചാണ് ഉണ്ടാക്കിയത് എന്നാണ് അധികൃതർ പറയുന്നത്. ക്ഷേത്രം മാനേജ് ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) ട്രസ്റ്റ് ബോർഡ് ചെയർമാൻ ബിആർ നായിഡുവാണ് ഈ വിവരം അറിയിച്ചത്. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന ഈ കേസ്, നിലവിൽ സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കുകയാണ്.
പാം ഓയിൽ, പാം കെർണൽ ഓയിൽ, മറ്റ് വിഷാംശമുള്ള വസ്തുക്കൾ എന്നിവ കലർത്തിയ 68 ലക്ഷം കിലോഗ്രാം വ്യാജ നെയ്യാണ് (ഏകദേശം 250 കോടി രൂപ വില) ഇതിനായി ഉപയോഗിച്ചത്. ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഡയറിയാണ് ഈ വ്യാജ നെയ്യ് പ്രധാനമായും വിതരണം ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് മുൻ TTD ചെയർമാനും എംപിയുമായ വൈ വി സുബ്ബ റെഡ്ഡിയെ SIT എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. നെയ്യിൽ മായം കണ്ടെത്തിയ ലബോറട്ടറി റിപ്പോർട്ട് തനിക്ക് കിട്ടിയില്ലെന്നാണ് അദ്ദേഹം മൊഴി നൽകിയത്. സുബ്ബ റെഡ്ഡിയുടെ മുൻ അസിസ്റ്റന്റായ ചിന്ന അപ്പണ്ണയെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ TTD എക്സിക്യൂട്ടീവ് ഓഫീസർ എവി ധർമ്മ റെഡ്ഡിയെയും SIT ചോദ്യം ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here