പാലോട് രവിയെ ക്രൂശിക്കരുത്!! പാർട്ടിയിൽ ഐക്യം വേണമെന്ന് ഉപദേശിച്ചത് വിനയായി; ചാനലുകൾ വളച്ചൊടിച്ച സംഭാഷണം പൂർണരൂപമിതാ…

കോൺഗ്രസ് എടുക്കാചരക്കാകുമെന്നും കേരളത്തിൽ ഇടതുഭരണം വീണ്ടും വരുമെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് പാലോട് രവി ഒരു ഫോൺ സംഭാഷണത്തിനിടെ പറഞ്ഞുവെന്ന മട്ടിൽ വാർത്തകൾ പുറത്തുവന്നത് ഇന്ന് രാവിലെയാണ്. കൈരളിയും റിപ്പോർട്ടറും അടക്കം ന്യൂസ് ചാനലകുകൾ തുടങ്ങിവച്ച പ്രചാരണം പിന്നീട് എല്ലാവരും ഏറ്റെടുത്ത് വൻ വിവാദമായതോടെ രാത്രിയോടെ രവി രാജിവയ്ക്കേണ്ടി വന്നു. കെപിസിസി ഉടനടി രാജി സ്വീകരിക്കുകയും ചെയ്തു.
എന്നാൽ ഈ വിവാദം ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതാണ് എന്ന് വ്യക്തമാകുന്ന സംഭാഷണത്തിൻ്റെ പൂർണരൂപം മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുകയാണ്. പരസ്പര ഐക്യമില്ലാത്ത പ്രവർത്തകരെ ഗുണദോഷിക്കുകയാണ് രവി ചെയ്തത്. ഇങ്ങനെ പോയാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും. ബിജെപി പണമിറക്കി വോട്ടുപിടിക്കും. ഇടതുഭരണം വീണ്ടും വരും. അതോടെ കോൺഗ്രസിന് അധോഗതിയാകും. മുസ്ലിങ്ങൾ കോൺഗ്രസിനെ ഉപേക്ഷിച്ച് സിപിഎമ്മിൽ പോകും… ഇതെല്ലാം സൂക്ഷിക്കണം എന്നായിരുന്നു മുന്നറിയിപ്പ്.
ഡിസിസി പ്രസിഡൻ്റ് പാർട്ടിക്കെതിരെ പറഞ്ഞുവെന്ന് ആയിരുന്നു രാവിലെ മുതൽ ചാനലുകളുടെയെല്ലാം പ്രചാരണം. കൈരളി തുടങ്ങിവച്ച പ്രചാരണം മറ്റ് ചാനലുകളും ഏറ്റെടുക്കുകയായിരുന്നു. മാത്രവുമല്ല, വാമനപുരം മണ്ഡലത്തിലെ പ്രവർത്തകൻ പുല്ലമ്പാറ ജലീലുമായി കഴിഞ്ഞ ഏപ്രിലിൽ മാസത്തിൽ സംസാരിച്ചതിൻ്റെ ഓഡിയോയാണ് മൂന്നുമാസത്തിന് ശേഷം ഇപ്പോൾ പുറത്തുവിട്ടത്. പാലോട് രവിയെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള നീക്കമാണെന്ന് സൂചനയുണ്ടായിരുന്നു.
സംഭാഷണത്തിൻ്റെ പൂർണരൂപം കേൾക്കാം:

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here