ചാനലുകളുടെ അമിതാവേശത്തിൽ വീണ്ടുമൊരു അറസ്റ്റ്!! ഇത്തവണ ‘കുടുക്കിയത്’ സൗബിൻ ഷാഹിറിനെ

ലഹരിക്കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചാനലുകൾ വാർത്ത പുറത്തുവിട്ടത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും, തെളിവുകൾ ശേഖരിക്കുന്നതേയുള്ളൂ എന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തന്നെ ക്യാമറക്ക് മുന്നിൽ പറഞ്ഞെങ്കിലും, പറ്റിയ അബദ്ധം പുറത്തറിയാതിരിക്കാൻ അതെല്ലാവരും ചേർന്ന് മുക്കി.
അമിതാവേശത്തിൽ ചാനലുകൾക്ക് പറ്റിയ ഈ അബദ്ധം മാധ്യമ സിൻഡിക്കറ്റ് പുറത്തു കൊണ്ടുവന്നെങ്കിലും, ഇന്നുവരെ ഈ പിഴവ് ആരും തിരുത്തിയിട്ടില്ല. രണ്ടു മാസത്തിനിപ്പുറം ഇതേ അബദ്ധം ആവർത്തിച്ചിരിക്കുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്തുവെന്ന് ആയിരുന്നു ചൊവ്വാഴ്ചത്തെ വലിയ ബ്രേക്കിംഗ് ന്യൂസ്.

പ്രമുഖ പത്രങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളെല്ലാം ഈ ചാനലുകളെ കോപ്പിയടിച്ചു. “സ്വന്തം റിപ്പോർട്ടർമാരെ ഫീൽഡിൽ അയച്ച് എല്ലാം നേരിട്ട് പരിശോധിച്ച് ഉറപ്പാക്കി മാത്രം റിപ്പോർട്ട് ചെയ്യും” എന്ന് ഈയിടെ വൻ പരസ്യം ചെയ്ത മലയാള മനോരമ, കൂടാതെ മാതൃഭൂമി എന്നിങ്ങനെ മുഖ്യധാരക്കാരുടെ എല്ലാം ഓൺലൈനുകൾ അതേപടി ഈ വ്യാജവാർത്ത ഏറ്റെടുത്തു.
മണിക്കൂറുകൾക്ക് ശേഷം സൗബിൻ ഷാഹിർ പുറത്തുവന്ന് അദ്ദേഹത്തിന് തന്നെ വിശദീകരിക്കേണ്ടി വന്നു, പൊലീസ് തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന്. ഇതിൻ്റെ വീഡിയോ ചാനലുകളുടെയെല്ലാം യൂട്യൂബിൽ ഇപ്പോഴുമുണ്ട്. അറസ്റ്റൊന്നും ചെയ്തിട്ടില്ല, “നമ്മുടെ കയ്യിലുള്ള രേഖകളെല്ലാം കൊടുത്തിട്ടുണ്ട്, വേറൊരു തെറ്റിദ്ധാരണയും അവർക്ക് ഉണ്ടായിട്ടില്ല”, എന്നാണ് സൗബിൻ വിശദീകരിച്ചത്.
അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതോടെ പഴിയെല്ലാം പൊലീസിൻ്റെ തലയിലിട്ടാണ് ചാനലുകൾ തിരുത്തിയത്. അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് നേരത്തെ അറിയിച്ചെന്നും എന്നാൽ പിന്നീട് പൊലീസ് തിരുത്തിയെന്നും ആണ് ഇപ്പോൾ വിശദീകരണം. അതിന് രണ്ട് മണിക്കൂർ മുമ്പത്തെ, അറസ്റ്റു ചെയ്തുവെന്ന് വിശദീകരിക്കുന്ന ‘റിപ്പോർട്ടർ ലൈവുകൾ’ ഇപ്പോഴും യൂട്യൂബിൽ കാണാം.
ഓൺലൈനിൽ ചിലരാകട്ടെ ആദ്യ വാർത്ത എഡിറ്റ് ചെയ്ത്, ‘അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു’ എന്ന മട്ടിൽ നിഷ്കളങ്കമായി വിശദീകരിച്ച് കൈകഴുകി. എന്നാൽ ലിങ്കിൽ ഇപ്പോഴും ആദ്യം അപ്ലോഡ് ചെയ്ത ‘അറസ്റ്റ് വാർത്ത’യുടെ തലക്കെട്ട് കാണാം. ദേശാഭിമാനി പോലെ ചിലരാകട്ടെ ആദ്യ വാർത്ത പൂർണമായി പിൻവലിച്ചതായി ലിങ്കിൽ ക്ലിക്ക് ചെയ്താൽ മനസിലാകും.
പഴയ സിനിമകളിലെ പോലെ ‘യൂ ആർ അണ്ടർ അറസ്റ്റ്’ എന്ന് പ്രതിയെ നോക്കി തൊണ്ടപൊട്ടി വിളിച്ചു പറയുന്നതല്ല അറസ്റ്റെന്നും, അത് ഒട്ടേറെ നടപടിക്രമങ്ങളിലൂടെ കടന്നുപോയി കോടതിയെ വരെ അറിയിച്ച് ചെയ്യുന്ന പ്രക്രിയ ആണെന്നും, ഒരിക്കൽ ചെയ്താൽ പിന്നെ തിരുത്താൻ കഴിയില്ല, എന്നുമുള്ള വസ്തുത പ്രേക്ഷകർക്ക് അറിയില്ല എന്ന മട്ടിൽ പറഞ്ഞൊഴിയാനാണ് പലരുടെയും ശ്രമം.
ആവർത്തിക്കുന്ന ഇത്തരം അബദ്ധങ്ങൾക്ക് കാരണം ചാനലുകൾ തമ്മിലുള്ള മത്സരമാണെന്ന് വ്യക്തമാണ്. ആദ്യം വാർത്ത നൽകാൻ തലപ്പത്ത് നിന്നുള്ള സമ്മർദം ഫീൽഡിലുള്ള റിപ്പോർട്ടർമാർക്ക് പലപ്പോഴും താങ്ങാനാവില്ല. ഒരു ചാനൽ ബ്രേക്കിങ് ന്യൂസ് അടിച്ചാൽ അത് അബദ്ധമാണോ എന്നുപോലും പരിശോധിക്കാതെ, കോപ്പിയടിക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. ഫീൽഡിൽ നിൽക്കുന്ന റിപ്പോർട്ടറോട് പോലും ചോദിക്കാതെയാണ് ഇതെങ്കിലും അബദ്ധമായാൽ പഴിയെല്ലാം റിപ്പോർട്ടർക്കാകും എന്ന സ്ഥിതിയുമുണ്ട്.

മലയാളം ചാനലുകളെ വിശ്വസിച്ച് വാർത്ത ഏറ്റെടുത്ത ദേശീയ മാധ്യമങ്ങളും, മറ്റ് ഭാഷാ മാധ്യമങ്ങളും പുലിവാലു പിടിച്ചു. ചിലരെല്ലാം പിന്നീട് തിരുത്തിയെങ്കിലും മലയാളത്തിലേത് പോലെ പഴയ വാർത്ത മുക്കി മിടുക്കരാകാൻ ശ്രമിച്ചില്ല. ഉത്തരവാദിത്തം പൊലീസിൻ്റെ തലയിലിട്ട് കൈകഴുകാനും ശ്രമിച്ചില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here