പൊലീസിലും വ്യാജ ലൈംഗിക ആരോപണം!! എസ്പിയെ കുടുക്കാനുള്ള നീക്കം തിരിച്ചടിക്കും; തെളിവുകളിതാ….

തൊഴിലിടത്തെ ഉപദ്രവമെന്നോ, അധികാര ദുർവിനിയോഗം എന്നോ പരമാവധി പറയാവുന്ന ഒരു വിഷയത്തെ ലൈംഗിക ആരോപണമാക്കി ചിത്രീകരിച്ച് മുഖ്യധാരാ മാധ്യമങ്ങളടക്കം വാർത്തകൾ ആഘോഷമാക്കിയ പശ്ചാത്തലത്തിലാണ് പത്തനംതിട്ട മുൻ എസ്പിയായിരുന്ന വി ജി വിനോദ് കുമാറിനെതിരായ പരാതിയുടെ വിശദാംശങ്ങൾ മാധ്യമ സിൻഡിക്കറ്റ് പരിശോധിച്ചത്. എസ്പിക്ക് കീഴിൽ ജോലിചെയ്തിരുന്ന രണ്ട് വനിതാ എസ്ഐമാരാണ് പരാതിക്കാർ. രാത്രികാലങ്ങളിൽ ഇവരുടെ ഫോണിലേക്ക് എസ്പി മോശം മെസേജുകൾ അയച്ചിരുന്നു എന്നാണ് വാർത്തകൾ. അശ്ലീല മെസേജുകൾ എന്നുപോലും ചിലർ വാർത്തയിൽ കടത്തിപറഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ഡിഐജി അജിതാ ബീഗം ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്.
എന്നാൽ അശ്ലീല മെസേജ് എന്നോ മോശം മെസേജ് എന്നോ ഒരുവരി പോലും ഇരുവരുടെയും മൊഴികളിൽ ഇല്ല എന്നതാണ് വസ്തുത. മാത്രമല്ല മെസേജുകളിൽ പലതിനെക്കുറിച്ചും വിശദീകരിച്ചിട്ടുമുണ്ട്. ‘ഹലോ, പ്ലീസ് കോൾ’ എന്നാണ് മെസേജുകൾ എന്ന് രണ്ടുപേരും ഒരുപോലെ മൊഴിയിൽ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽപോയ ശേഷമാണ് ഇവ എന്നതാണ് ഈ നടപടിയിലെ അനൌചിത്യം. എന്നാൽ ഇങ്ങനെ മെസേജ് കിട്ടി വിളിച്ചപ്പോഴൊന്നും ഒരു അശ്ലീലവും എസ്പി പറഞ്ഞതായി മൊഴിയിൽ ഇല്ല. പകരം ആ പകലത്തെ ഡ്യൂട്ടി സംബന്ധമായ കാര്യങ്ങളും പിറ്റേന്ന് ചെയ്യാനുളളവയും ആണ് മിക്കപ്പോഴും പറഞ്ഞത്. ഒരിക്കൽ ഒരു എസ്ഐയോട് പേഴ്സണൽ കാര്യം ചോദിച്ചെന്നും മൊഴിയിൽ പറയുന്നു. അതിലും അശ്ലീലമൊന്നും പരാമർശിച്ചിട്ടേയില്ല.
ഒരുദിവസം രാത്രി ഫോണിൽ വിളിച്ച എസ്പി 33 വർഷത്തെ തൻ്റെ കരിയറിനെക്കുറിച്ച് പറഞ്ഞെന്നും ഫോൺ വച്ചിട്ടുപോകാൻ കഴിയാതെ വന്നുവെന്നും എസ്ഐ പറയുന്നു. തന്നോട് എന്തിനാണ് ഈ കാര്യങ്ങൾ പറയുന്നതെന്ന് ആലോചിച്ച് പിന്നീട് ഫോൺ എടുത്തിട്ടില്ല. എന്നാൽ അങ്ങനെയുള്ള ദിവസങ്ങളിൽ പിറ്റേന്ന് രാവിലത്തെ സാടാ (SATA) വയർലെസ് കോൺഫ്രൻസിൽ എസ്പി തന്നെ അന്വേഷിച്ചെന്നും ഇടക്കൊക്കെ സാടാ അറ്റൻഡ് ചെയ്യണമെന്ന് പറഞ്ഞതായും മൊഴിയിലുണ്ട്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ എല്ലാവരും നിർബന്ധമായും അറ്റൻഡ് ചെയ്യേണ്ട സാടായുടെ കാര്യത്തിൽ ഒഴിവു ചോദിച്ചപ്പോൾ എസ്പി അനുവദിച്ചിരുന്നു. അടുത്ത ജില്ലയിൽ നിന്ന് യാത്രചെയ്ത് വരുന്നതിൻ്റെ ബുദ്ധിമുട്ട് അറിയിച്ചപ്പോഴാണ് ഇതെന്നും എസ്ഐയുടെ ഇതേ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.
എല്ലാ സ്റ്റേഷനുകളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്സോ കേസുകളിൽ മൊഴിയെടുക്കാൻ താനടക്കം മൂന്നുപേരെയാണ് നിയോഗിച്ചിരുന്നത്. ഇക്കാര്യത്തിൽ അടിക്കടി ഡ്യൂട്ടിയിട്ട് എസ്പി ബുദ്ധിമുട്ടിച്ചെന്നും ഇതിനാൽ വീട്ടിലെത്താൻ വൈകുമായിരുന്നു എന്നും, കുഞ്ഞിൻ്റെ കാര്യം നോക്കാനും കഴിയാതായതോടെ 14 ദിവസം മെഡിക്കൽ ലീവെടുക്കേണ്ടി വന്നുവെന്നും മൊഴിയിൽ പറയുന്നുണ്ട്. 14 ദിവസം കൂടി ലീവ് നീട്ടിയെടുത്ത ശേഷം തിരികെയെത്തിയപ്പോൾ, ഇനിയും ലീവ് നീട്ടിയെങ്കിൽ മെഡിക്കൽ ബോർഡിന് വിടാൻ താൻ ഉദ്ദേശിച്ചിരുന്നു എന്ന് എസ്പി പറഞ്ഞു. വീണ്ടും ദുരിതങ്ങളായതോടെ അടുപ്പമുള്ള ഒരു വക്കീലിനെ കണ്ട് എസ്പിയുടെ കോളുകളുടെയും മെസേജുകളുടെയും സ്ക്രീൻ ഷോട്ടുകൾ നൽകി, അത് സൂക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നും എസ്ഐ പറയുന്നു. അതിൽ എന്തെങ്കിലും അശ്ലീലം ഉണ്ടായിരുന്നതായി മൊഴിയിൽ ഈഭാഗത്തും പറയുന്നില്ല.
ഇതിനുപുറമെ, ഈവർഷമാദ്യം താൻ ജില്ലയിലേക്ക് ട്രാൻസ്ഫറായി എത്തി ജോയിൻ ചെയ്ത ദിവസം രാത്രി മറ്റൊരു എസ്ഐ വിളിച്ച് എസ്പിയെ ഫോണിൽ വിളിക്കാൻ നിർദേശിച്ചു. വിളിച്ചപ്പോൾ തൻ്റെ പേഴ്സണൽ നമ്പറിലെ വാട്സാപ്പിൽ നിന്ന് തിരികെ വിളിച്ച എസ്പി, ആ ദിവസം ട്രാൻസ്ഫറിനെ പരാമർശിച്ച് താൻ ഫോണിലിട്ട സ്റ്റാറ്റസിനെക്കുറിച്ച് പലരും അദ്ദേഹത്തോട് സംസാരിച്ചുവെന്നും ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു എന്ന് പറയുന്നുണ്ട്. മൊഴിയിലെ പരാമർശം ഇങ്ങനെയാണ്: “നിങ്ങടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നതല്ലേ, ഭർത്താവ് ജയിലിലും അല്ലേ, തൽക്കാലം സോഷ്യൽ മീഡിയയിൽ ഒന്നും ഇടരുതെന്ന് പറയുകയും വളരെ മാന്യമായി സംസാരിക്കുകയും ചെയ്തു.”
ഒരു റോഡപകട കേസിൽ വസ്തുത തെറ്റിച്ചെഴുതാൻ എസ്പി നിർബന്ധിച്ചതായി രണ്ടാമത്തെ വനിതയുടെ മൊഴിയിൽ പറയുന്നു. അതിൽ ബുദ്ധിമുട്ട് അറിയിച്ചിട്ടും എസ്പി വഴങ്ങിയില്ല, മുൻ എസ്പി കെ എൻ ബാലിന് ബന്ധമുള്ള കേസാണതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തൻ്റെ മേലുദ്യോഗസ്ഥനായ ഡിവൈഎസ്പിയുമൊത്ത് എസ്പിയെ കണ്ട് സംസാരിച്ചപ്പോൾ പ്രശ്നം തീർന്നെന്നും, കേസ് രേഖകൾ എസ്പി വിട്ടുതന്നുവെന്നും പറയുന്നു. ഇതിൻ്റെ പേരിൽ പിന്നീട് എസ്പി ബുദ്ധിമുട്ടിച്ചെന്നും താൻ അന്വേഷിക്കുന്ന കേസിൽ ചിലതിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞെന്നും, മുകളിലേക്ക് റിപ്പോർട്ട് അയക്കുമെന്ന് പറഞ്ഞെന്നും, ഇത് തന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കി എന്നും മൊഴിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിലും ലൈംഗിക പരാമർശങ്ങളൊന്നും ഉന്നയിച്ചിട്ടില്ല.
അതേസമയം ഈ രണ്ടു എസ്ഐമാരുടെയും മൊഴിയിൽ ഒരുപോലെ ചേർത്തിട്ടുള്ള ഒന്നാണ് നിർണായകം. ഈവിധമെല്ലാം എസ്പി ബുദ്ധിമുട്ടിച്ചത് അദ്ദേഹത്തിന് വഴങ്ങാൻ വേണ്ടിയാണെന്ന് മനസിലായി എന്നാണ് രണ്ടുപേരും പറയുന്നത്. “മനപൂർവം എന്നെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടിയും അതുവഴി ഞാൻ അദ്ദേഹത്തിന് വഴങ്ങുമെന്ന് കരുതിയും ആണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത് ആണ്” -ഒരാളുടെ മൊഴിയിൽ പറയുന്നത് ഇങ്ങനെ…. “അദ്ദേഹത്തിൻ്റെ ഇംഗിതത്തിന് വഴങ്ങുന്നതിനായി എന്നെ ഭീഷണിപ്പെടുത്തിയും അല്ലാതെയും പിന്തുടരുകയാണെന്ന് എനിക്ക് മനസിലായി” -ഇങ്ങനെയാണ് അടുത്തയാളുടെ മൊഴിയിലെ പരാമർശം. എന്നാൽ ഇംഗിതം എന്താണെന്ന് ഒരിക്കലെങ്കിലും എസ്പി പ്രത്യക്ഷമായോ പരോക്ഷമായോ അറിയിച്ചതായോ അതിന് നിർബന്ധിച്ചതായോ ഒരുസൂചന പോലും രണ്ട് മൊഴികളിലും ഇല്ല.
വസ്തുത ഇതായിട്ടും ഇതിനെ ലൈംഗിക അപവാദം ആക്കാൻ ബോധപൂർവം ശ്രമം നടന്നുവെന്നാണ് മൊഴികളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ വ്യക്തമാകുന്നത്. എസ്ഐ റാങ്കിലുള്ള വനിതകൾ എഴുതിയ മൊഴിയിൽ നിന്ന് സുപ്രധാന വിവരങ്ങൾ ചോർന്നുപോയതാണെന്ന് കരുതാനും കഴിയില്ല. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് ഡിഐജി, ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതിനെക്കുറിച്ച് പുറത്തുവന്ന വാർത്തകളിലാണ് ലൈംഗികാരോപണം ഊന്നിയൂന്നി പറയുന്നത്. ചിലരാകട്ടെ പൊലീസിൽ പൂവാലശല്യം എന്ന മട്ടിലാണ് ഇതിനെ അവതരിപ്പിച്ചത്. ഡിഐജിയുടെ റിപ്പോർട്ടിൻ്റെ കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്. അല്ലെങ്കിൽ കൂടുതൽ മൊഴികളുണ്ടാകണം. ഈ പരാതികളെ ലൈംഗിക താൽപര്യത്താലുള്ള ഇടപെടലായി ചിത്രീകരിച്ചത് വനിതാ ഡിഐജി ആണോ എന്നാണ് ഇനി അറിയാനുള്ളത്.
വനിതാ എസ്ഐമാരുടെ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്പി ഡിജിപിക്ക് നേരിട്ട് പരാതി നൽകിയതായും വിവരമുണ്ട്. വിജിലൻസിൽ ജോലിചെയ്ത നീണ്ട കാലയളവിൽ സിഐ, എസ്ഐ റാങ്കിലുള്ള ഒട്ടേറെപ്പേരെ കൈക്കൂലിക്കേസിൽ അറസ്റ്റ് ചെയ്ത എസ്പിക്കെതിരെ പലകേന്ദ്രങ്ങളിലും ഗൂഡാലോചന നടക്കുന്നുണ്ട് എന്നും അതിൻ്റെ ഭാഗമാണ് ഇത്തരം പരാതികളെന്നും അദ്ദേഹത്തിൻ്റെ അടുപ്പക്കാർ വിശദീകരിക്കുന്നുണ്ട്. അത്തരമൊരു ഇടപെടലും ഈ പരാതികൾക്ക് പിന്നിലുള്ളതായി കരുതാൻ വഴിയില്ല എങ്കിലും ബോധപൂർവമുള്ള കുപ്രചാരണമാണ് ഇക്കാര്യത്തിൽ നടക്കുന്നത് എന്ന കാര്യം ഉറപ്പിച്ചു പറയാവുന്ന സാഹചര്യം ഉണ്ട്.
2011ൽ രണ്ടു വനിതാ പൊലീസുകാരുടെ വ്യാജ പരാതിയിൽ ഇടുക്കി എഎസ്പിയായിരുന്ന ആർ നിശാന്തിനി നേരിട്ട് ഇടപെട്ട് റജിസ്റ്റർ ചെയ്യിപ്പിച്ച ലൈംഗികാതിക്രമ കേസ് കേരള പൊലീസിന് ഉണ്ടാക്കിയ ക്ഷീണം ഇനിയും മാറിയിട്ടില്ല. യൂണിയൻ ബാങ്കിൻ്റെ തൊടുപുഴ ബ്രാഞ്ചിൽ മാനേജറായിരുന്ന പേഴ്സി ജോസഫിനെ അദ്ദേഹത്തിൻ്റെ ക്യാബിനിൽ കണ്ട പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കേസെടുത്ത ശേഷം എഎസ്പി നേരിട്ട് മർദ്ദിക്കുകയും ചെയ്തു. ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ പൊലീസ് ഉന്നതരാകെ ശ്രമിച്ചിട്ടും, പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടി പത്തുവർഷത്തോളം കേസ് നടത്തിയ പേഴ്സി ജോസഫിന് മുന്നിൽ നിശാന്തിനിക്ക് അടിയറ പറയേണ്ടിവന്നു. വൻതുക നഷ്ടപരിഹാരം നൽകിയാണ് 2019ൽ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here