‘ഹനുമാൻ വ്യാജ ഹിന്ദു ദൈവം, ഈ പ്രതിമ യുഎസിൽ എന്തിന്’; വിവാദങ്ങൾക്ക് തിരികൊളുത്തി റിപ്പബ്ലിക്കൻ നേതാവ്

യുഎസ് നഗരത്തിലെ ‘സ്റ്റാച്യു ഓഫ് യൂണിയൻ’ എന്നറിയപ്പെടുന്ന 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയെക്കുറിച്ചാണ് ടെക്സസിലെ ഒരു റിപ്പബ്ലിക്കൻ നേതാവ് വിവാദ പരാമർശം നടത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സിനെ ഒരു ക്രിസ്ത്യൻ രാഷ്ട്രം എന്ന് വിളിച്ച ടെക്സസിലെ റിപ്പബ്ലിക്കൻ അലക്സാണ്ടർ ഡങ്കൻ ആണ് ഹിന്ദുദൈവത്തിന്റെ പ്രതിമ നിർമ്മിച്ചതിനെ എതിർത്തത്.
“ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ നമ്മൾ എന്തിനാണ് അനുവദിക്കുന്നത്? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്,” ടെക്സസിലെ ഷുഗർ ലാൻഡ് പട്ടണത്തിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന പ്രതിമയുടെ വീഡിയോയ്‌ക്കൊപ്പമാണ് ഡങ്കൻ എക്‌സിൽ ഇങ്ങനെ എഴുതിയത്.
“ഞാനല്ലാതെ മറ്റൊരു ദൈവവും നിങ്ങൾക്ക് ഉണ്ടാകരുത്. സ്വർഗ്ഗത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിന്റെയും ഒരു വിഗ്രഹമോ പ്രതിമയോ നിങ്ങൾക്കായി ഉണ്ടാക്കരുത്.”എന്ന ബൈബിൾ വചനത്തെ ഉദ്ധരിച്ചുകൊണ്ട് മറ്റൊരു പോസ്റ്റും ഡങ്കൻ പങ്കുവച്ചിരുന്നു. ഉടൻ തന്നെ ഇതിന് തിരിച്ചടിയും ലഭിച്ചു.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) ഈ പ്രസ്താവനയെ “ഹിന്ദു വിരുദ്ധവും പ്രകോപനപരവുമാണ്”എന്നാണ് വിളിച്ചത്. ഈ വിഷയത്തിൽ ടെക്‌സാസിലെ റിപ്പബ്ലിക്കൻ പാർട്ടി നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹിന്ദു സ്മാരകങ്ങളിൽ ഒന്നാണ് ‘സ്റ്റാച്യു ഓഫ് യൂണിയൻ’. 2024ൽ ശ്രീ ചിന്നാജീയർ സ്വാമിജിയാണ് ഇത് അനാച്ഛാദനം ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here