കുടുംബാസൂത്രണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമോ? പുരുഷന്മാർക്ക് ഇതൊന്നും വേണ്ടേ!!

കുടുംബാസൂത്രണം എന്നത് സ്ത്രീയുടെയും പുരുഷന്റെയും ഉത്തരവാദിത്വമാണ്. എന്നാൽ അതിപ്പോൾ സ്ത്രീകളിലേക്ക് മാത്രമായി ഒതുങ്ങുകയാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ വന്ധ്യംകരണം ഇപ്പോൾ വളരെ കുറവ് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. 51,740 സ്ത്രീകളാണ് 2023-24 കാലഘട്ടത്തിൽ ഈ മാർഗ്ഗങ്ങൾ സ്വീകരിച്ചത്. എന്നാൽ പുരുഷന്മാരുടെ കാര്യമെടുത്താൽ അത് വെറും 457പേരിൽ ഒതുങ്ങും.

പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് പുരുഷവന്ധ്യംകരണം ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും പിന്നിലുള്ളത് പത്തനംതിട്ട ജില്ലയാണ്. വെറും എട്ട് പേർ മാത്രമാണ് ഈ ജില്ലയിൽ ഇതിനു തയ്യാറായത്.ഇതുമായി ബന്ധപ്പെട്ട പലവിധത്തിലുള്ള ബോധവത്കരണങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.ഗർഭനിരോധന മാർഗങ്ങൾ സ്ത്രീകൾ മാത്രമാണ് സ്ഥിരമായി ചെയ്തു വരുന്നത്. ഇതിനുവേണ്ടി പല മാർഗങ്ങളും ഇവർ സ്വീകരിക്കുന്നുണ്ട്. ലാപ്രോസ്‌കോപ്പിക്, മിനി-ലാപ്, പോസ്റ്റ്-പാര്‍ട്ടം സ്റ്റെറിലൈസേഷന്‍ എന്നിങ്ങനെ നീളുന്നു അവ.

പുരുഷ വന്ധ്യംകരണം വേഗത്തിൽ നടപ്പാക്കാവുന്ന ഒരു സുരക്ഷിതമായ നടപടിയാണ്. എന്നാൽ അതിനെപ്പറ്റി വളരെയധികം തെറ്റായ ധാരണകളാണ് നിലനിൽക്കുന്നത്. വെറും 10 മുതൽ 15 മിനിറ്റ് മാത്രം എടുക്കുന്ന ലളിതമായ ഒരു പ്രൊസീജ്യർ ആണ് ഇത് . ഇതിൽ മുറിവുകളോ തുന്നലുകളോ വരുന്നില്ല. മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുന്നില്ല. എന്നാൽ പലരും ഇപ്പോഴും വിശ്വസിക്കുന്നത് പുരുഷത്വവും ലൈംഗികതയോടുള്ള താല്പര്യവും ഇത് മൂലം നഷ്ടപ്പെടുന്നു എന്നാണ്. ഈ മനോഭാവമാണ് ഇതിന്റെ പ്രധാന കാരണവും. മാത്രമല്ല പലരും രണ്ടാം വിവാഹത്തിന് തയ്യാറാവുന്നവരുമാണ്. ഇങ്ങനെയൊരു പ്രൊസീജ്യർ ചെയ്തു കഴിഞ്ഞാൽ അവരുടെ മുന്നോട്ടുള്ള ജീവിതത്തെ ഇത് ബാധിക്കുന്നു എന്ന ഭയവും ഇവർക്കുണ്ട്

സ്ത്രീകളുടെ കാര്യമെടുത്താൽ ഇതിന്റെ കണക്ക് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. സിസേറിയനിൽ വന്ന വർദ്ധനവ് ഇതിനൊരു പ്രധാനകാരണമായിട്ടുണ്ട്. സിസേറിയനോടൊപ്പം തന്നെ വന്ധ്യംകരണവും നടത്താമെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ കുടുംബാസൂത്രണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top