അജിത് പവാറിന് വിട; ബാരാമതിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ബാരാമതി കണ്ണീരോടെ വിടനൽകി. ഇന്ന് ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ, മക്കളായ പാർത്ഥ്, ജയ് എന്നിവർ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ആയിരക്കണക്കിന് അനുയായികളും വിവിധ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ബുധനാഴ്ച രാവിലെ നടന്ന അപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), ഫോറൻസിക് വിദഗ്ധർ എന്നിവർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുണെ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാരാമതിയിലെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് വിമാനത്തിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന അജിത് പവാർ ഉൾപ്പെടെ ആറ് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. 1959ൽ ജനിച്ച അജിത് പവാർ, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവായിരുന്നു.
ആറ് തവണ അദ്ദേഹം സംസ്ഥാന ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാരാമതിയിലെ തെരുവുകളിൽ “അജിത് ദാദ അമർ രഹെ” എന്ന മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ പ്രിയ നേതാവിനെ അവസാനമായി യാത്രയാക്കിയത്. കേന്ദ്രമന്ത്രി രക്ഷാ ഖഡ്‌സെ ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here