‘അച്ഛാ എന്നെ രക്ഷിക്കൂ, എനിക്ക് മരിക്കണ്ട’; കണ്ണീരായി യുവരാജിന്റെ അവസാന വിളി!

നോയിഡയിൽ 27 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിക്കുന്നതിന് മുമ്പ് അച്ഛനോട് പറഞ്ഞ വാക്കുകൾ എല്ലാവരുടെയും ഹൃദയം തകർക്കുന്നതായിരുന്നു. ‘അച്ഛാ, ഞാൻ വെള്ളം നിറഞ്ഞ വലിയൊരു കുഴിയിൽ വീണു, ഞാൻ മുങ്ങിത്താഴുകയാണ്. ദയവായി വന്ന് എന്നെ രക്ഷിക്കൂ, എനിക്ക് മരിക്കണ്ട,’ എന്ന് യുവരാജ് കരഞ്ഞുപറഞ്ഞതായി അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
നോയിഡ സെക്ടർ 150-ന് സമീപം വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവരാജ് മേത്ത. നിയന്ത്രണം വിട്ട കാർ ഡ്രെയിനേജ് ബൗണ്ടറിയിൽ ഇടിച്ചാണ് ആഴത്തിലുള്ള കുഴിയിലേക്ക് വീണത്. കടുത്ത മഞ്ഞും റോഡിൽ ദിശാസൂചകങ്ങളോ റിഫ്ലക്ടറുകളോ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട കാർ ഡ്രെയിനേജ് സംരക്ഷണ ഭിത്തിയിലിടിച്ച് 70 അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്ക് മറിയുകയായിരുന്നു.
കാർ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കെയാണ് യുവരാജ് തന്റെ അച്ഛനായ രാജ്‌കുമാർ മേത്തയെ ഫോണിൽ വിളിച്ചു സഹായത്തിനായി അഭ്യർത്ഥിച്ചത്. യുവരാജിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു. എൻഡിആർഎഫ് സംഘവും പോലീസും ചേർന്ന് അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാർ പുറത്തെടുത്തത്. അപ്പോഴേക്കും യുവരാജ് മരണപ്പെട്ടിരുന്നു.
റോഡിലെ സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. കുഴിയിലേക്ക് മറിയാൻ സാധ്യതയുള്ള റോഡിൽ റിഫ്ലക്ടറുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാത്തതും പ്രതിഷേധത്തിന് കാരണമായി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് അപകടം നടന്ന കുഴി അധികൃതർ പിന്നീട് മാലിന്യങ്ങൾ ഇട്ട് മൂടി. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here