അമ്മയുടെ സാരിയിൽ മരണം! മൂന്ന് പെൺമക്കളെ കെട്ടിത്തൂക്കി അച്ഛൻ ആത്മഹത്യ ചെയ്തു

ബിഹാറിലെ മുസാഫർപുറിൽ മൂന്ന് പെൺമക്കളെ കെട്ടിത്തൂക്കിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. അഞ്ച് മക്കളെയും കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചിരുന്നെങ്കിലും രണ്ട് ആൺമക്കൾ രക്ഷപ്പെട്ടു. ഇത്രയും ക്രൂരമായ നടപടിക്ക് ഇയാളെ പ്രേരിപ്പിച്ചത് എന്താണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
മരണപ്പെട്ട അമർനാഥ് റാം, മക്കളായ 12കാരി അനുരാധ, 7 വയസുകാരി ശിവാനി, 6 വയസുകാരായ രാധിക, ശിവം കൂടാതെ 5 വയസുകാരനായ ചന്ദൻ എന്നിവരുമൊത്താണ് മിസ്രൗലിയ ഗ്രാമത്തിൽ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ ഒരു വർഷം മുൻപ് മരിച്ചിരുന്നു. രാത്രി ഭക്ഷണം കഴിച്ച ശേഷം, ഇയാൾ അഞ്ച് മക്കളോടും പെട്ടിയുടെ മുകളിൽ കയറി നിൽക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന്, അമ്മയുടെ സാരികൾ ഉപയോഗിച്ച് ഉണ്ടാക്കിയ കുരുക്കുകൾ ഓരോരുത്തരുടെയും കഴുത്തിൽ ഇട്ടു. സ്വന്തം കഴുത്തിലും ഇയാൾ കുരുക്കിട്ടു. അതിനുശേഷം എല്ലാവരോടും പെട്ടിയിൽ നിന്ന് താഴേക്ക് ചാടാൻ ആവശ്യപ്പെട്ടു. മൂന്ന് പെൺമക്കൾ ചാടി മരണപ്പെട്ടു. എന്നാൽ, രണ്ട് ആൺമക്കൾ ചാടാതെ രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, ഇത്രയും വലിയ ദുരന്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇയാൾ പണം കടം വാങ്ങിയിരുന്നു എന്നും അത് തിരിച്ചടക്കാൻ സമ്മർദ്ദത്തിലായിരുന്നു എന്നും ചില നാട്ടുകാർ പറയുന്നു. ഭാര്യ മരിച്ച ശേഷം അഞ്ച് മക്കളെയും നോക്കാൻ ഇയാൾ കഷ്ടപ്പെട്ടിരുന്നു എന്നും വിവരമുണ്ട്. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. രക്ഷപ്പെട്ട ആറ് വയസ്സുകാരൻ ശിവം പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here