വളം വാങ്ങാൻ ക്യൂവിൽ നിന്ന് 2 കർഷകർ മരിച്ചു; രണ്ട് ചാക്ക് യൂറിയയ്ക്ക് വേണ്ടി കാത്തുനിന്നത് 72 മണിക്കൂർ

മധ്യപ്രദേശിൽ വളത്തിന്റെ കടുത്ത ക്ഷാമം കാരണം കർഷകർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ക്യൂവിൽ കാത്തുനിന്ന രണ്ട് കർഷകരാണ് മരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങളും റോഡ് ഉപരോധങ്ങളും രാഷ്ട്രീയ ഏറ്റുമുട്ടലുകളും ഉണ്ടായി.

തികംഗഢ് ജില്ലയിൽ 50 വയസ്സുള്ള ജമുന കുശ്വാഹ എന്ന കർഷകനാണ് വളം വിതരണ കേന്ദ്രത്തിലെ ക്യൂവിൽ മൂന്ന് ദിവസം തുടർച്ചയായി കാത്തുനിന്ന ശേഷം മരിച്ചത്. രണ്ട് ചാക്ക് യൂറിയയ്ക്ക് വേണ്ടിയാണ് അദ്ദേഹം കാത്തുനിന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ക്യൂവിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ഗുണ ജില്ലയിൽ 50 വയസ്സുള്ള ഭ്രൂയ്യ ഭായ് എന്ന കർഷകനും രണ്ട് ദിവസം വളത്തിനായി ക്യൂവിൽ കാത്തുനിന്ന ശേഷം മരിച്ചിരുന്നു. തന്റെ പിതാവ് എല്ലായിടത്തും വളത്തിനായി അലഞ്ഞാണ് മരിച്ചതെന്ന് ജമുനയുടെ മകൻ പറഞ്ഞു. വളം കിട്ടാത്തതിലുള്ള മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കളും ആരോപിച്ചു. എന്നാൽ, വളം ക്ഷാമമില്ലെന്നും, മരണത്തെക്കുറിച്ച് അറിയില്ലെന്നുമാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്. ടോക്കൺ അനുസരിച്ചാണ് വിതരണം എന്നും അദ്ദേഹം അവകാശപ്പെട്ടു.

ടോക്കൺ വിതരണം ന്യായമായ രീതിയിൽ അല്ലെന്നും, മണിക്കൂറുകളോളം കാത്തുനിന്നാലും വളമില്ലാതെ തിരിച്ചുപോകേണ്ട അവസ്ഥയാണെന്നും കർഷകർ പറയുന്നു. വളം കിട്ടാതെ വന്നതോടെ രോഷാകുലരായ കർഷകർ തികംഗഢിലെ ഖരഗ്പൂരിൽ ദേശീയപാത ഉപരോധിച്ചു. ചില സ്ഥലങ്ങളിൽ കർഷകർ വളം സംഭരണ കേന്ദ്രങ്ങൾ പൂട്ടിയിടുകയും വളം കൊള്ളയടിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

സംസ്ഥാനത്ത് ആവശ്യത്തിന് വളമുണ്ടെന്നും കോൺഗ്രസ് ആശയക്കുഴപ്പം പരത്തുകയാണെന്നുമാണ് ബിജെപി നേതാക്കളുടെ വാദം. എന്നാൽ കർഷകർ 7-8 ദിവസം ക്യൂ നിൽക്കുകയാണെന്നും, അവരുടെ ദുരിതം കാണാൻ ബിജെപി നേതാക്കൾക്ക് കണ്ണട മാറ്റണം എന്നും കോൺഗ്രസ് നേതാക്കൾ തിരിച്ചടിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top