‘എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍’; സംസ്ഥാനമൊട്ടാകെ കോടികള്‍ മുടക്കി മുഖ്യമന്ത്രിയുടെ ഹോര്‍ഡിംഗുകള്‍; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക മാമാങ്കം

രണ്ട് മാസത്തിലധികമായി ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാ വര്‍ക്കേഴ്‌സിന് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ഇതാ ധൂര്‍ത്ത് മാമാങ്കത്തിന് വട്ടം കൂട്ടുന്നു. 232 രൂപ പ്രതിദിന വേതനം 700 രൂപയാക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ് ആശമാര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്നത്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ കാണുന്നു പോലുമില്ല. നാലാം വാര്‍ഷികം പ്രമാണിച്ച് മുഖ്യമന്ത്രിയുടെ പടം വെച്ച ഹോര്‍ഡിംഗ് സംസ്ഥാനമൊട്ടാകെ സ്ഥാപിക്കാന്‍ 20 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചു. ഭരണാധികാരിയുടെ പടം വെക്കാന്‍ കോടികള്‍ ഖജനാവില്‍ നിന്നൊഴുക്കാന്‍ മടിയില്ലാത്ത നിലയിലേക്ക് മാറിയിരിക്കുകയാണ് തൊഴിലാളി പ്രേമം പറയുന്ന ജനകീയ സര്‍ക്കാര്‍.
മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് കൂറ്റന്‍ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുന്നത്. വ്യക്തിപൂജ പാടില്ലെന്ന് താത്വികമായ നിലപാടുള്ള പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് മുഖ്യമന്ത്രിയെ വാഴ്ത്തുന്ന ഹോര്‍ഡിംഗുകള്‍ സംസ്ഥാനത്താകെ നിറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ‘എന്റെ കേരളം’ ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ഏപ്രില്‍ 21-ന് കാസര്‍ഗോഡ് നടക്കും. കാലിക്കടവ് മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രദര്‍ശന-വിപണന മേള ഉദ്ഘാടനം ചെയ്യും
ഈ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഹോര്‍ഡിംഗ് മാമാങ്കവും. ഇതിനായി 15.63 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ച് ഉത്തരവിറക്കി. ഹോര്‍ഡിങ്സുകളുടെ ഡിസൈനിങിനുമാത്രം 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എല്‍ഇഡി ഡിജിറ്റല്‍ വാള്‍/ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡ്, എല്‍ഇഡി സ്‌ക്രീനില്‍ ഉപയോഗിച്ച് വാഹന പ്രചാരണം എന്നിവക്ക് മൂന്ന് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിലുള്ള പരസ്യങ്ങള്‍ക്ക് ഒരുകോടി രൂപയും 35 ഹോര്‍ഡിങുകളുടെ മെയിന്റനന്‍സിന് 68 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ തുക തികയാതെ വന്നാല്‍ അധിക ഫണ്ട് ധനവകുപ്പില്‍ നിന്ന് അനുവദിക്കും.

ഏപ്രില്‍, മെയ് മാസങ്ങളിലാണ് നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതല്‍ ജില്ലാ, സംസ്ഥാനതലം വരെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലാതല യോഗത്തില്‍ ക്ഷണിക്കപ്പെട്ട വ്യക്തികള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭാക്താക്കള്‍, ട്രേഡ് യൂണിയന്‍ / തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകള്‍, പ്രാഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍ സാമുദായിക നേതാക്കള്‍ തുടങ്ങിയവരെ പരിപാടികളില്‍ എത്തിക്കും. യോഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഭരണത്തിന്റെ ഒമ്പത് വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് ആഘോഷങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും കണക്കിലെടുക്കുമ്പോള്‍, ഈ ആഘോഷങ്ങള്‍ക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. മുന്‍പ്, സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി കണക്കാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here