എസ്പി ഉൾപെട്ട പീഡനാരോപണം പ്രതിരോധിക്കാൻ ഡിജിപിയുടെ ധനസഹായം; വക്കീൽ ഫീസായി നാലുലക്ഷം അനുവദിച്ച് ഉത്തരവ്

മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ വിനോദ് വലിയാറ്റൂർ എന്നിവർക്കെതിരെ ഇക്കഴിഞ്ഞ വർഷം സെപ്തംബറിലാണ് ബലാൽസംഗ പരാതി ഉയർന്നത്. പൊന്നാനി സിഐ ആയിരുന്ന വിനോദ് പീഡിപ്പിച്ചുവെന്ന പരാതിയുമായി മലപ്പുറം എസ്പിയെ സമീപിച്ച യുവതിയെ, പിന്നീട് എസ്പിയും അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ഡിവൈഎസ്പിയും പലപ്പോഴായി പീഡിപ്പിച്ചെന്നും ആയിരുന്നു ആരോപണം.

Also Read: സുജിത് ദാസടക്കമുള്ള പോലീസ് ഉന്നതർക്കെതിരെ ബലാത്സംഗ കേസെടുക്കാൻ കോടതി ഉത്തരവ്; പരാതി കളളമെന്ന സർക്കാർ നിലപാടിന് തിരിച്ചടി

ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും 2024 ഒക്ടോബറിൽ ഹൈക്കോടതി അത് റദ്ദാക്കി. ഈ വകയിൽ കോടതിയിൽ ചിലവായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം എസ്പി മുഖേന സിഐ വിനോദ് സമർപ്പിച്ച അപേക്ഷയിലാണ് അത്ര പതിവില്ലാത്ത സൗമനസ്യം സംസ്ഥാന പൊലീസ് മേധാവി പ്രകടിപ്പിച്ചിരിക്കുന്നത്. നാലുലക്ഷം രൂപ അനുവദിച്ചു കൊണ്ടാണ് ഉത്തരവ്.

വ്യാജപരാതിയാണ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായതെന്നാണ് മലപ്പുറം എസ്പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗികജോലി കൃത്യമായി ചെയ്തത് കാരണമുണ്ടായ വിരോധമാണ് ആരോപണത്തിന് പിന്നിലെന്ന് വിശദീകരിക്കുന്നുണ്ട് എങ്കിലും ഏത് കേസിൻ്റെ പേരിലുള്ള വിരോധമാണെന്നോ എന്താണ് സാഹചര്യമെന്നോ പറയുന്നില്ല. എങ്കിലും ഇത്തരം കേസിൽ ഉദ്യോഗസ്ഥർക്ക് ധനസഹായം നൽകാൻ വകുപ്പുണ്ട് എന്ന 2021ലെ ഉത്തരവും ഡിജിപി ഉദ്ധരിച്ചിട്ടുണ്ട്.

അതേസമയം ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നത് വ്യാജ പരാതിയാണെന്ന് കോടതി അംഗീകരിച്ചത് കണക്കിലെടുത്താണ് ധനസഹായം അനുവദിക്കുന്നത് എങ്കിലും ഇത്തരം വ്യാജപരാതി ഉന്നയിക്കുന്നവർക്കെതിരെ സ്വീകരിക്കാവുന്ന നിയമപരമായ നടപടികളൊന്നും ഇക്കാര്യത്തിൽ ഉണ്ടായതായി ഉത്തരവിൽ ചൂണ്ടിക്കാട്ടിയില്ല എന്നതും ശ്രദ്ധേയമാണ്.

Also Read: എസ്.പി സുജിത്ത് ദാസ് രണ്ടുതവണ ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മ; നിഷേധിച്ച് ഉദ്യോഗസ്ഥന്‍; കുടുംബം തകര്‍ക്കാനുള്ള ശ്രമമെന്ന് ആരോപണം

2024 സെപ്തംബറിൽ ഡിവൈഎസ്പി വിവി ബെന്നിക്കെതിരെ ആരോപണം ഉയർന്നതോടെയാണ് വിഷയം വ്യാപക ചർച്ചയായത്. മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയതിൻ്റെ വിരോധത്തിൽ തനിക്കെതിരെ കെട്ടിച്ചമച്ചതാണ് കേസെന്നാണ് ഡിവൈഎസ്പി അന്ന് പ്രതികരിച്ചത്. താരതമ്യേന മെച്ചപ്പെട്ട പ്രതിഛായയുള്ള ഉദ്യോഗസ്ഥനാണ് വിവി ബെന്നി എങ്കിലും മറ്റ് രണ്ടുപേരുടെയും കാര്യത്തിൽ അതല്ല സാഹചര്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top