പിണറായി സര്‍ക്കാരിന്റെ അവസാന ഓണം ഘോഷിക്കാന്‍ നെട്ടോട്ടം; വിത്തിറക്കി കുത്തേണ്ട സ്ഥിതിയില്‍ കേരളം

ഓണം ആഘോഷിച്ച് കഴിയുന്നതോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ധനപ്രതിസന്ധി രൂക്ഷമാകും. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് നീങ്ങുന്ന സര്‍ക്കാരിന് ഈ ഓണം നിര്‍ണായകമാണ്. കാരണം രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ഓണമാണിത്. അതുകൊണ്ടുതന്നെ ഒന്നിനും കുറവ് വരുത്താന്‍ പാടില്ലെന്ന് സര്‍ക്കാരിനും മുന്നണിക്കും നിര്‍ബന്ധമുണ്ട്. പക്ഷേ പണം എവിടെ നിന്ന് കിട്ടും എന്നതില്‍ ഇപ്പോഴും വേണ്ടത്ര വ്യക്തത വന്നിട്ടില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ലില്‍ പതിരില്ല, ഇക്കുറി എന്തു വിറ്റാലും ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ പാടുപെടും എന്നതാണ് സ്ഥിതി.

നിലവിലെ കണക്കനുസരിച്ച് ഓണം കടന്നുകിട്ടാന്‍ ഏതാണ്ട് 20,000 കോടിയിലധികം വേണ്ടിവരും. വായ്പ എടുക്കുന്നതിന് പരിധിയുണ്ട്. എന്നാലും പരമാവധി വായ്പകള്‍ എടുക്കാന്‍ തന്നെയാണ് തീരുമാനം. ആദ്യ ഒന്‍പതുമാസം കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്ന വായ്പ 29,529 കോടി രൂപയാണ്. അതില്‍ നല്ലൊരുവിഹിതം ഇതിനകം എടുത്തിട്ടുണ്ട്. ഓണം കഴിഞ്ഞാല്‍ പിന്നെയും മൂന്നുമാസം കൂടി കടന്നുപോകാനുമുണ്ട്. അതുകൊണ്ടുതന്നെ വായ്പ എടുക്കുന്നതില്‍ സൂക്ഷ്മതയും ആവശ്യമാണ്.

കേരളത്തിന്റെ നികുതിവരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കേന്ദ്രം സാമ്പത്തികമായി വലിയ തോതില്‍ ഞെരുക്കിയിട്ടും അത് ഉപയോഗിച്ചാണ് ഒരുപരിധി വരെ കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതും. എന്നാല്‍ ഓണത്തിന് അതുമാത്രം മതിയാവില്ല. വലിയ ബാധ്യതകളാണ് ഏറ്റെടുക്കാനുള്ളത്. രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനുതന്നെ ഏകദേശം 1800 കോടിയോളം രൂപ ആവശ്യമാണ്.

മാസാദ്യം ഓണം വരുന്നതു കൊണ്ടുതന്നെ ശമ്പളം നല്‍കേണ്ടതുണ്ട്. അതോടൊപ്പം മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ഒരു ഗഢു ക്ഷാമബത്ത നല്‍കാനുള്ള നടപടികളും നീങ്ങിയിട്ടുണ്ട്. പുറമെ ബോണസ്, അഡ്വാന്‍സ് തുടങ്ങിയ ചെലവുകളും വരും. ഒപ്പം സര്‍ക്കാരിന് വലിയ ബാദ്ധ്യതയായി വിപണി ഇടപെടലും ഇക്കുറി ഉണ്ടാകും എന്നാണ് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതില്‍ പ്രധാനം വെളിച്ചെണ്ണയുടെ വിലക്കയറ്റമാണ്.

വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 500 രൂപ അടുപ്പിച്ച് വില ഉയര്‍ന്ന സാഹചര്യത്തില്‍ സബ്സിഡി നിരക്കില്‍ അത് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, കേര വെളിച്ചണ്ണ തന്നെ വിലക്കുറവില്‍ സര്‍ക്കാര്‍ വിപണനകേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുന്നുമുണ്ട്. അതോടൊപ്പം ഓണത്തിന് സര്‍ക്കാര്‍ വിപണികളില്‍ അവശ്യസാധനങ്ങളുടെ ലഭ്യതയില്‍ കുറവ് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും സ്വീകരിക്കേണ്ടത് ഉണ്ടെന്ന് ഭഷ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം കൂടി നല്ലൊരു തുക ആവശ്യമായി വരും.

ഈ ചെലവുകളിലൊന്നും ഒരു വെട്ടിക്കുറവും നിലവിലെ സാഹചര്യത്തില്‍ വരുത്താന്‍ സര്‍ക്കാരിന് കഴിയില്ല. ഓണത്തിന്റെ ആഘോഷം കഴിഞ്ഞാല്‍ കേരളം തെരഞ്ഞെടുപ്പുകളുടെ ഘട്ടത്തിലേയ്ക്കാണ് ഇറങ്ങുന്നത്. ഇപ്പോള്‍ തന്നെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ്. അത് മറികടക്കാന്‍ ഈ ചെലവുകളെങ്കിലും കുറവില്ലാതെ നടത്തേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തിലാണ് 7,500 കോടി രൂപയുടെ അധികവായ്പയ്ക്ക് കേരളം ഇപ്പോള്‍ കേന്ദ്രത്തോട് അനുമതി തേടിയിരിക്കുന്നത്. ഗ്യാരന്റി റിഡംപ്ക്ഷന്‍ ഫണ്ട് രൂപീകരിച്ചില്ല എന്നതിന്റെ പേരില്‍ ഉള്‍പ്പെടെ വായ്പാ വിഹിതത്തില്‍ നിന്നും വെട്ടിക്കുറച്ച 4,500 കോടിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ ഫണ്ട് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ച് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് കുറവുചെയ്ത 3,300 കോടിയോളം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതുമാത്രമല്ല, കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദന വായ്പാ അനുപാതത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നിബന്ധനകളില്ലാതെ കൂടുതല്‍ വായ്പയ്ക്ക് അനുമതി വേണമെന്നതാണ് കേരളം കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ വിത്തെടുത്ത് കുത്തേണ്ട സ്ഥിതിയിലാകും കേരളം. ഓണം ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം തെരഞ്ഞെടുപ്പിന് മുന്‍പ് മറികടക്കാന്‍ വേണ്ടത്ര സമയവും സര്‍ക്കാരിനുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി എങ്ങനെ മറികടക്കാമെന്ന ചിന്ത സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സജീവമായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top