പെറ്റിക്കേസിൽ ഫൈൻ അടക്കാതെ, വാഹനങ്ങളുമായി കറങ്ങിയാൽ ഇനിമുതൽ എംവിഡി പിടികൂടും..

ഇനി മുതൽ പെറ്റി അടക്കാത്ത വാഹനങ്ങളുമായി യാത്ര ചെയ്താൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എഐ ക്യാമറയിൽ ഉൾപ്പെടെ കുടുങ്ങി പലതവണ പിഴ വന്നതും, അത് അടയ്ക്കാതെ വാഹനത്തിൽ തന്നെ യാത്ര ചെയ്യുന്നതും കണ്ടെത്തി നടപടിയെടുക്കാനാണ് എംവിഡി ഒരുങ്ങുന്നത്. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ സ്വകാര്യ കേന്ദ്രങ്ങളിൽ ആയിരിക്കും സൂക്ഷിക്കുക. പിഴപ്പലിശ ഉൾപ്പെടെ അടച്ചു കഴിഞ്ഞാൽ മാത്രമേ വാഹനങ്ങൾ വിട്ടുകൊടുക്കുകയുള്ളൂ. വാഹനങ്ങൾ സൂക്ഷിച്ചതിന്റെ വാടകയും അപ്പോൾ നൽകേണ്ടിവരും.

പൊലീസ് സ്റ്റേഷനുകളിലും മോട്ടോർ വകുപ്പിന്റെ ഓഫീസുകളും വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥല പരിമിതിയുണ്ട്. അതുകൊണ്ടാണ് സ്വകാര്യ കേന്ദ്രങ്ങളിൽ ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്. ഇവർക്ക് നൽകാനുള്ള വാടക, വാഹന ഉടമയിൽ നിന്നാവും ഈടാക്കുക. നിലവിൽ, എംവിഡി ഇതിനുള്ള സൗകര്യങ്ങൾ ഈഞ്ചയ്ക്കലിലെ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. നികുതി അടയ്ക്കാത്ത വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ ഇതിന് തടസ്സമായത് സ്ഥലപരിമിതി തന്നെയായിരുന്നു.

പെർമിറ്റും ഫിറ്റ്നസും ഇല്ലാത്തത്തതും, സാങ്കേതിക തകരാർ ഉള്ളതുമായ പല വാഹനങ്ങളും റോഡിൽ ഒരു കൂസലും ഇല്ലാതെ ഓടുന്നുണ്ട്. എന്നാൽ ഇവയെല്ലാം പിടിച്ചെടുത്ത് സൂക്ഷിക്കാനുള്ള കേന്ദ്രങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണവും. പിഴ അടയ്ക്കാത്ത ചരക്ക് വാഹനങ്ങളും കസ്റ്റഡിയിലെടുക്കാനും തീരുമാനമുണ്ട്. ഈ തീരുമാനങ്ങൾ നടപ്പാക്കിയാൽ നികുതി കുടിശ്ശിക നല്ലരീതിയിൽ കുറയ്ക്കാൻ കഴിയും. എന്നാൽ,പിഴ ഇനത്തിലുള്ള വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും എന്നാണ് എംവിഡി അധികൃതർ വ്യക്തമാക്കുന്നത്.

സ്വകാര്യ വ്യക്തികൾക്ക് എംവിഡിയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങൾ പിടിച്ചിടാനുള്ള കേന്ദ്രങ്ങൾ ആരംഭിക്കാം. അതിനുവേണ്ടി ചില നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ചുറ്റുമതിലുകളിൽ എല്ലാം നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണ്. സുരക്ഷാ ജീവനക്കാരും ഉണ്ടായിരിക്കണം. അധികൃതർ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇവിടെയ്ക്ക് കൈമാറും. പിഴ അടച്ച രസീതുമായി വന്നാൽ മാത്രമേ വാഹനങ്ങൾ കൈമാറാൻ പാടുള്ളൂ. വാഹനങ്ങൾ സൂക്ഷിച്ചതിന്റെ തുക ഇവർക്ക് വാഹന ഉടമയിൽ നിന്നും ഈടാക്കുകയും ചെയ്യാം.

എഐ ക്യാമറകളുടെ വരവാണ് ഇത്രയേറെ വാഹനങ്ങൾക്ക് പിഴ വരാൻ കാരണമായത്. ഇതിൽ പിഴ അടക്കാതെ കുറ്റം ആവർത്തിക്കുന്നവർ 30% ത്തോളം ഉണ്ട്. ഇരുപതിൽ അധികം തവണ പിഴ കിട്ടിയ വാഹനങ്ങളും സംസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോർട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top