ദുരൂഹതകൾ നിറഞ്ഞ കണ്ടെയ്‌നറുകൾ; വാൻഹായ് കപ്പലിൽ തീ പടരുമ്പോൾ

ജൂൺ 9നാണ് കേരളാ തീരത്തിന് സമീപം വച്ച് സിംഗപ്പൂർ കപ്പലായ വാൻഹായ് 503ന് തീ പിടിച്ചത്. തീ അണക്കാനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിച്ചു. അഡ്വാന്റിസ് വിർഗോ ടഗ്ഗിൻ്റെ സഹായത്തോടെയാണ് ആ ശ്രമങ്ങൾ നടന്നത്. ഇതിനകം തീ അണയ്ക്കാനായി 12,000 ലിറ്ററോളം രാസമിശ്രിതം ഉപയോഗിച്ചു. പക്ഷെ ഇന്നലെ കപ്പലിൽ നിന്നും വീണ്ടും തീ ഉയർന്നു. അതോടെ കപ്പലിനെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് വലിച്ചുകൊണ്ടുപോകുന്ന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്നതിനെക്കുറിച്ചാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ഇപ്പോൾ ആലോചിക്കുന്നത്.
Also Read : കത്തിയ കപ്പലിലെ അപകടകാരികളായ വസ്തുക്കള്‍ കേരള തീരത്തേക്ക്; അമ്പലപ്പുഴ തീരത്ത് വാതക കണ്ടെയ്‌നര്‍
കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്‌തുക്കളുണ്ടെന്നായിരുന്നു വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്‌തുക്കളും കണ്ടെയ്നറുകളിലുണ്ട്. എന്നാൽ കണ്ടെയിനറുകളിൽ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കപ്പലിലെ 243 കണ്ടെയ്‌നറുകളിൽ വെളിപ്പെടുത്താത്ത വസ്തുക്കൾ ഉള്ളതായാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കണ്ടെത്തൽ. രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇതു മൂലമാണെന്നാണ് നിഗമനം. ഇത്തരം വസ്‌തുക്കൾ വന്നത് കപ്പൽക്കമ്പനിയുടെ അറിവോടെയല്ലെന്നാണ് സൂചന. വാൻ ഹായ് കപ്പൽ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയായ 200 നോട്ടിക്കൽ മൈലിന് 3.5 നോട്ടിക്കൽ മൈൽ തെക്കാണ് ഇപ്പോൾ കപ്പലിൻറെ സ്ഥാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here