പുൽവാമയിൽ ക്രിക്കറ്റ് ആരവം; ഭീകരതയുടെ ഓർമ്മകൾക്ക് വിടനൽകി ജനക്കൂട്ടം

ഭീകരാക്രമണത്തിന്റെ പേരിൽ ആറു വർഷം മുൻപ് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായ ജമ്മു കശ്മീരിലെ പുൽവാമ, ചരിത്രം കുറിച്ച് റോയൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചു. സംഘർഷങ്ങളുടെ ശബ്ദം മാത്രം കേട്ട ഈ പ്രദേശം, ക്രിക്കറ്റ് ആരവങ്ങളാൽ മുഖരിതമായി. പുൽവാമയിലെ തദ്ദേശീയരായ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി നടന്ന ഈ ക്രിക്കറ്റ് മാമാങ്കം, സമാധാനത്തിലേക്കും പുരോഗതിയിലേക്കുമുള്ള ഒരു പുതിയ വഴി തുറന്നതിന്റെ സൂചനയാണ് നൽകുന്നത് എന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“പുൽവാമ ഈ ആഘോഷത്തിന്റെ വേദിയാകുന്നത് പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പൂർത്തീകരണമാണ് ” എന്നു പിഡിപി എംഎൽഎ വഹീദ് ഉർ റഹ്മാൻ പര ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കശ്മീരിലെ യുവജനങ്ങൾക്ക് ഇതൊരു പുതിയ ഇന്നിങ്സിൻ്റെ തുടക്കമാണെന്നും കായികരംഗം പ്രതീക്ഷയുടെയും അവസരങ്ങളുടെയും പാലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കായിക പരിപാടികൾ യുവജനങ്ങളെ നിരാശയിൽ നിന്നും, വഴിതെറ്റിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും അകറ്റിനിർത്താൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ഫെബ്രുവരി 14-നാണ് ഇന്ത്യയെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നത്. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ വച്ച് സി.ആർ.പി.എഫ്. വാഹനവ്യൂഹത്തിന് നേരെ ചാവേറാക്രമണം ഉണ്ടായി. 40 ജവാന്മാർ വീരമൃത്യു വരിച്ചു. തുടർന്ന്, പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2019 ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ജയ്ഷ്-ഇ-മുഹമ്മദിന്റെ ഭീകര ക്യാമ്പുകൾക്ക് നേരെ വ്യോമാക്രമണം നടത്തിയാണ് തിരിച്ചടിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here