70 വർഷത്തെ കാത്തിരിപ്പ് സഫലം! ‘മുഖി’ക്ക് അഞ്ച് കുഞ്ഞുങ്ങൾ! ഇന്ത്യൻ മണ്ണിൽ ചീറ്റകളുടെ വംശം തഴയ്ക്കുന്നു..

ഇന്ത്യയുടെ ‘പ്രോജക്ട് ചീറ്റ’ പദ്ധതിക്ക് ചരിത്രപരമായ നേട്ടം. ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റപ്പുലിയായ ‘മുഖി’ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ (Kuno National Park) അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ഇന്ന് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. ‘പ്രോജക്റ്റ് ചീറ്റ’യുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഇത് മാറിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നു എന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
ഇന്ത്യയിൽ ജനിക്കുകയും ഇവിടെ വെച്ച് വിജയകരമായി ബ്രീഡിങ്ങ് നടത്തുകയും ചെയ്യുന്ന ആദ്യത്തെ പെൺചീറ്റയാണ് 33 മാസം പ്രായമുള്ള മുഖി. ചീറ്റപ്പുലികൾ ഇന്ത്യൻ ആവാസവ്യവസ്ഥയുമായി ആരോഗ്യകരമായി ഇണങ്ങിച്ചേരുന്നു എന്നതിന്റെ ശക്തമായ സൂചനയാണിത്. ചീറ്റപ്പുലികൾക്ക് ഇന്ത്യയിൽ സ്വന്തമായി വളരാനും നിലനിൽക്കാനും കഴിയും എന്ന് തെളിയിക്കുന്നു എന്നും മോഹൻ യാദവ് പറഞ്ഞു.
ഏകദേശം 70 വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റകളെ 2022 സെപ്റ്റംബർ 17നാണ് ഇന്ത്യയിൽ വീണ്ടും എത്തിച്ചത്. ചീറ്റകളെ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുവന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിടുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here