സിനിമ സംഘടനകളുടെ തലപ്പത്തേക്ക് ചരിത്രത്തിൽ ആദ്യമായി വനിതാ സ്ഥാനാർത്ഥികൾ; ‘ആ’ സ്ത്രീകളെ ഉയർത്തിക്കാട്ടി കെ ആര്‍ മീര

താരസംഘടനയായ അമ്മയുടെയും നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുകയാണ്. അമ്മ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സാന്ദ്ര തോമസും ജയിച്ചാൽ സ്വർണലിപികളിൽ രേഖപ്പെടുത്തണമെന്നും എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകമായ കെ ആർ മീര ഫെയ്സ്ബുക്കിൽ കുറിച്ചു. സാന്ദ്ര തോമസ് നേരിടേണ്ടി വന്ന പ്രശ്നങ്ങളും അവയ്ക്കെതിരെ സാന്ദ്ര നടത്തിയ പോരാട്ടങ്ങളെ കുറിച്ചും മീര വിശദീകരിച്ചു.
Also Read : ബാബുരാജ് പിന്മാറണമെന്ന് വിജയ് ബാബു; നിരപരാധിത്വം തെളിയിച്ച ശേഷം അമ്മയിൽ മത്സരിക്കണമെന്ന് ഉപദേശം
പത്തുമുപ്പതു വർഷമായി ഒരേ ആളുകൾ നയിക്കുന്ന സംഘടന എന്നതാണു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രധാന സവിശേഷത. ഭാരവാഹികളായ നാലുപേർ തനിക്കെതിരേ ചെയ്ത ഗുരുതരമായ കുറ്റകൃത്യത്തിനെതിരേ സാന്ദ്ര തോമസ് പരാതിപ്പെട്ടു. സാന്ദ്രയെ സംഘടന പുറത്താക്കി. സാന്ദ്ര കോടതിയിൽ പോയി. കോടതി നടപടി സ്റ്റേ ചെയ്തു. തനിക്കെതിരേ കുറ്റകൃത്യം ചെയ്തവർക്കെതിരേ സാന്ദ്ര പോലീസിൽ പരാതി നൽകി. പോലീസ് കുറ്റകൃത്യം അന്വേഷിച്ചു തെളിവുസഹിതം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ജാമ്യമെടുത്തു. പക്ഷേ അവർ ഭാരവാഹികളായി തുടരുന്നു. മാത്രമല്ല. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ വീണ്ടും അതേ പദവികളിലേക്കു മൽസരിക്കുകയും ചെയ്യുന്നു. അതിൽ പ്രതിഷേധിച്ചാണു സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു സാന്ദ്ര തോമസ് പാനൽ ഉണ്ടാക്കി മൽസരിക്കുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും മലയാള സിനിമയിലെ ഈ രണ്ടു സംഘടനകളിൽ പ്രധാന സ്ഥാനങ്ങളിൽ സ്ഥാനാർത്ഥികളാകാൻ സ്ത്രീകൾക്ക് അവസരമുണ്ടായതിനു ഡബ്ല്യു സി സി എന്ന സംഘടനയോടും സ്വന്തം ജോലിയും നിലനിൽപ്പും പണയം വച്ച് അതിനു രൂപം നൽകിയ പതിനെട്ടു സ്ത്രീകളോടും ചരിത്രം കടപ്പെട്ടിരിക്കുന്നു. കൂടുതൽ പോരാട്ടങ്ങൾക്കു സാന്ദ്ര തോമസിനും ശ്വേത മേനോനും നൻമ നേരുന്നു എന്ന് കൂടി പറഞ്ഞാണ് കെ ആര്‍ മീരയുടെ ഫെയ്സ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here