ട്രെയിനല്ല, ഓടുന്ന വിമാനം! വന്ദേ ഭാരത് സ്ലീപ്പറിന്റെ വിശേഷങ്ങൾ ഇതാ..

രാജ്യത്തെ റെയിൽവേ യാത്രയുടെ മുഖഛായ മാറ്റിമറിച്ചതായിരുന്നു വന്ദേ ഭാരത് ട്രെയിനുകളുടെ വരവ്. വേഗതയുടെ കാര്യത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും മുൻപുണ്ടായിരുന്ന ട്രെയിനുകളെയെല്ലാം വെല്ലുന്ന പുത്തൻ യാത്രാനുഭവം ആയിരുന്നു വന്ദേ ഭാരത് നൽകിയത്. എന്നിട്ടും ദീർഘദൂര യാത്രകൾക്കുള്ള സ്ലീപ്പർ സംവിധാനം ഇതുവരെ ഉണ്ടായില്ല. ആ കുറവ് കൂടി പരിഹരിച്ചു കൊണ്ടാണ് റെയിൽവേയുടെ പുതിയ നീക്കം
ഗുവാഹത്തി – കൊൽക്കൊത്ത റൂട്ടിൽ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് ഓടുകയാണ്. ദീർഘദൂര യാത്രകളുടെ ഇതുവരെയുള്ള അനുഭവം മാറ്റിമറിക്കാൻ പോകുന്ന വിധമുള്ള സൗകര്യങ്ങൾ ഈ ട്രെയിനുകൾ നൽകും എന്നാണ് പുതിയ ട്രെയിൻ പ്രഖ്യാപിച്ചു കൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചത്. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് വിമാനത്തിനുള്ളിലേത് പോലുള്ള ആധുനികമായ കാഴ്ചയും സൗകര്യങ്ങളുമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഉൾവശം കൂടുതൽ വിശാലവും മനോഹരവുമാണ്. യാത്രക്കാർക്ക് നല്ല ഉറക്കം ലഭിക്കാൻ കൂടുതൽ കുഷ്യനുള്ള ബെർത്തുകൾ ഉണ്ടാകും. മുകളിലത്തെ ബെർത്തിലേക്ക് മുതിർന്നവർക്കും കുട്ടികൾക്കും വലിയ ബുദ്ധിമുട്ടില്ലാതെ കയറാൻ കഴിയുന്ന വിധമാകും ക്രമീകരണം. മൊത്തത്തിൽ സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് യാത്രക്കാർക്ക് ഒട്ടും അസ്വസ്ഥത ഉണ്ടാക്കാത്ത രീതിയിലാണ് ഇതിന്റെ നിർമ്മാണം.
180 കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ പോലും വലിയ കുലുക്കമോ ട്രെയിനിന്റെ പുറത്തുനിന്നുള്ള ശബ്ദമോ ഉള്ളിൽ അനുഭവപ്പെടില്ല. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് തടയാനുള്ള ഇന്ത്യയുടെ സ്വന്തം സുരക്ഷാ സംവിധാനമായ ‘കവച്’ ഈ ട്രെയിനിലുണ്ട്. കൂടാതെ തീപിടുത്തം തടയാനുള്ള സെൻസറുകളും എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
വിമാനങ്ങളിൽ കാണുന്ന ‘ബയോ വാക്വം’ (Bio-Vacuum) ടോയ്ലറ്റുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇത് കൂടുതൽ വൃത്തി ഉള്ളതും ഗന്ധമില്ലാത്തതുമായിരിക്കും.
ഫസ്റ്റ് എസി കോച്ചുകളിൽ കുളിക്കാൻ ഷവർ ഉൾപ്പടെയുള്ള സൗകര്യങ്ങളും ഉണ്ട്. ട്രെയിനിന്റെ പ്രധാന വാതിലുകൾ സ്റ്റേഷനിൽ എത്തുമ്പോൾ തനിയെ തുറക്കുകയും അടയുകയും ചെയ്യും. ഒരു കോച്ചിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കാനുള്ള വാതിലുകളും സെൻസർ വഴി പ്രവർത്തിക്കുന്നവയാണ്. ബേബി കെയർ ഏരിയയും ഈ ട്രെയിനിലുണ്ട്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാർക്ക് ഇത് വലിയ ആശ്വാസമാകും. ഓരോ യാത്രക്കാരനും പ്രത്യേകമായി ഉപയോഗിക്കാവുന്ന റീഡിംഗ് ലൈറ്റുകൾ, എല്ലാ ബെർത്തുകൾക്കും സമീപം ഫോൺ ചാർജിംഗ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് സ്ലീപ്പറിലുള്ളത്.
ദീർഘദൂര യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ആദ്യ ട്രെയിനിൽ 16 കോച്ചുകളാണ് ഉള്ളത്. 823 പേർക്ക് യാത്ര ചെയ്യാം. എസി 3 ടയറിന് 2,300, എസി 2 ടയർ 3,000, എസി ഫസ്റ്റ് ക്ലാസിന് 3,600 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. അടുത്ത ആറ് മാസത്തിനുള്ളിൽ 8 സ്ലീപ്പർ ട്രെയിനുകൾ കൂടി പുറത്തിറക്കും. ഈ വർഷം അവസാനത്തോടെ ഇത് 12 ആയി ഉയർത്തുമെന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here