65 രൂപയിൽ താഴെ ഇന്ധനം; പെട്രോളിന് വിട

പെട്രോൾ പമ്പിൽ കയറുമ്പോൾ മീറ്റർ നോക്കി നെഞ്ചുപിടയുന്ന കാലം മാറാൻ പോകുകയാണ്. നമ്മൾ ഇലക്ട്രിക് വണ്ടികളെ കുറിച്ചും ഹൈഡ്രജനെ കുറിച്ചും ഒരുപാട് ചർച്ചകൾ കേട്ടു. പക്ഷേ, നിശബ്ദമായി എന്നാൽ അതിശക്തമായി ഇന്ത്യയിൽ ഒരു പുതിയ വിപ്ലവം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതാണ് ‘ഫ്ലെക്സ് ഫ്യൂവൽ’ (Flex Fuel). 2030-ഓടെ നമ്മുടെ റോഡുകളെ മാറ്റിമറിക്കാൻ പോകുന്ന ഈ മാജിക് എന്താണെന്ന് നമുക്ക് നോക്കാം?
2003-ൽ വെറും 5% എഥനോൾ കലർത്തി തുടങ്ങിയ ഇന്ത്യ ഇന്ന് 10% കടന്ന് 20%-ലേക്ക് കുതിക്കുകയാണ്. അതായത്,ഇനി മുതൽ നിങ്ങൾ പമ്പിൽ നിന്ന് അടിക്കുന്ന ഒരു ലിറ്റർ പെട്രോളിൽ 200 മില്ലി എഥനോൾ ഉണ്ടാകും എന്നർത്ഥം. അളവിലധികം എഥനോൾ ഒഴിച്ചാൽ വണ്ടിയുടെ എഞ്ചിൻ അടിച്ചുപോകും. കാരണം എഥനോൾ എൻജിനിൽ തുരുമ്പുണ്ടാക്കും എന്നാൽ ഫ്ലെക്സ് ഫ്യൂവൽ എഞ്ചിനുകൾ ഇതിനെ പ്രതിരോധിക്കാൻ പാകത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ലോകത്തെ ബോസ് ബ്രസീലാണ്. 1970-കൾ മുതൽ അവർ എഥനോൾ ഉപയോഗിക്കുന്നു. ഇന്ന് ബ്രസീലിലെ ഭൂരിഭാഗം വണ്ടികളും 100% എഥനോളിലും ഓടും. ഈ സാങ്കേതികവിദ്യയാണ് ഇന്ത്യ കാത്തിരിക്കുന്നത്. ഫെബ്രുവരിയിൽ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഇന്ത്യയിലെത്തുമ്പോൾ ഇതൊരു ചായകുടി സന്ദർശനമാകില്ല. ഇന്ത്യയുടെ ഊർജ്ജ മേഖലയെ മാറ്റിമറിക്കുന്ന കരാറുകൾ അവിടെ ഒപ്പിടും. ബ്രസീലിയൻ സാങ്കേതികവിദ്യ വരുന്നതോടെ ഇന്ത്യയിൽ 85 ശതമാനത്തിന് മുകളിൽ എഥനോൾ ഉപയോഗിച്ച് ഓടുന്ന E85 എഞ്ചിനുകൾ നിർമ്മിക്കാൻ നമുക്ക് സാധിക്കും.
Also Read : പെട്രോളിന് പകരക്കാരൻ ബ്രസീലിൽ നിന്ന്; എണ്ണയടിച്ചിനി പോക്കറ്റ് കാലിയാവില്ല
കരിമ്പിൽ നിന്നും ധാന്യങ്ങളിൽ നിന്നുമാണ് എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്. അതിനാൽ തന്നെ ഈ വിപ്ലവത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ നമ്മുടെ കർഷകരാണ്. ഇത്രയും കാലം നമ്മൾ പെട്രോളിനായി വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്നപ്പോൾ, നമ്മുടെ പണം വിദേശങ്ങളിലെ എണ്ണക്കിണറുകളിലേക്കാണ് ഒഴുകിയിരുന്നത്. എന്നാൽ ഇനി ആ പണം നമ്മുടെ ഗ്രാമങ്ങളിലെ കരിമ്പ് പാടങ്ങളിലേക്കും ചോളം കർഷകരിലേക്കും എത്തും. കരിമ്പ് ചണ്ടിയിൽ നിന്നും കേടായ ധാന്യങ്ങളിൽ നിന്നും എഥനോൾ ഉൽപ്പാദിപ്പിക്കാൻ തുടങ്ങുന്നതോടെ, കൃഷി ഒരു ലാഭകരമായ ബിസിനസ്സായി മാറും. വായു മലിനീകരണം കുറയുന്നതോടൊപ്പം സാധാരണക്കാരന്റെ ഇന്ധനച്ചെലവ് പകുതിയാകാനും നമ്മുടെ കർഷകർ സമ്പന്നരാകാനും ഈ നീക്കം വഴിയൊരുക്കും.

ഇതൊക്കെ വെറും തള്ളാല്ലേ? എന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്കാണ് ഇന്ത്യയിലെ ആദ്യത്തെ 100% എഥനോൾ ബൈക്ക് എന്ന ഖ്യാതിയോടെ TVS തങ്ങളുടെ ഐക്കോണിക് മോഡലായ Apache RTR 200 Fi E100 അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഇതിൽ പെട്രോൾ ഒട്ടും ചേർക്കാതെ ശുദ്ധമായ എഥനോളിൽ മാത്രം യാത്ര ചെയ്യാം. എഥനോൾ പമ്പുകളുടെ ലഭ്യത കുറവായതിനാൽ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ മോഡൽ അവതരിപ്പിക്കപ്പെട്ടത്. എങ്കിലും, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാവശ്യമായ വലിയ മൂലധനമില്ലാതെ തന്നെ സാധാരണക്കാരന് ഇന്ധനച്ചെലവ് പകുതിയായി കുറയ്ക്കാമെന്ന് ടിവിഎസ് ഇതിലൂടെ തെളിയിച്ചു.
Also Read : ട്രംപിന്റെ താരിഫിന് ഇന്ത്യയുടെ കടുംവെട്ട്; റഷ്യൻ മണ്ണിൽ വയനാടൻ കാപ്പിയുടെ ഗന്ധം
നിലവിലുള്ള പെട്രോൾ പമ്പുകളിൽ തന്നെ ഗ്രീൻ ഡിസ്പെൻസിങ് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ അണിയറയിൽ നടക്കുന്നുണ്ട്. പൂനെ പോലുള്ള നഗരങ്ങളിൽ മൂന്ന് E100 സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് ഇത് രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. കൂടാതെ, പഞ്ചസാര മില്ലുകളുടെ പരിസരങ്ങളിൽ പ്രത്യേക എഥനോൾ സ്റ്റേഷനുകൾ തുടങ്ങാനും പദ്ധതിയുണ്ട്. അതായത്, പെട്രോൾ അടിക്കുന്ന അത്രയും എളുപ്പത്തിൽ ഇനി നമുക്ക് എഥനോളും അടിക്കാം. നിലവിൽ പെട്രോളിന് 100 രൂപയ്ക്ക് മുകളിൽ നൽകുമ്പോൾ, ശുദ്ധമായ എഥനോളിന് ലിറ്ററിന് 60-65 രൂപ മാത്രമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. മൈലേജിൽ നേരിയ വ്യത്യാസം വന്നാൽ പോലും, ഒരു സാധാരണ യാത്രക്കാരന്റെ മാസത്തെ ഇന്ധന ബില്ലിൽ കുറഞ്ഞത് 30 മുതൽ 40 ശതമാനം വരെ ലാഭം ഇതിലൂടെ ഉണ്ടാകും.
Also Read : ട്രംപിന്റെ ‘തീരുവ പഞ്ചിൻ്റെ’ ആഘാതം കേരളത്തിനും; തിരിച്ചടി പലവഴിക്ക് വരുമെന്ന് ആശങ്ക
സാമ്പത്തിക ലാഭത്തിനപ്പുറം എഥനോൾ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറക്കും. പെട്രോളിയം ഇന്ധനങ്ങളെ അപേക്ഷിച്ച് എഥനോളിൽ ഓക്സിജന്റെ അളവ് കൂടുതലാണ്. ഇത് എൻജിനുള്ളിലെ ഇന്ധനം പൂർണ്ണമായും കത്താൻ സഹായിക്കുന്നു. ഇതിന്റെ ഫലമായി അപൂർണ്ണമായ ജ്വലനം മൂലം ഉണ്ടാകുന്ന പുക ഗണ്യമായി കുറയുന്നു. പെട്രോളിലും ഡീസലിലും അടങ്ങിയിരിക്കുന്ന സൾഫർ കത്തുമ്പോൾ ഉണ്ടാകുന്ന സൾഫർ ഡയോക്സൈഡ് ആണ് ആസിഡ് മഴക്കും മറ്റും കാരണമാകുന്നത്. എന്നാൽ ശുദ്ധമായ എഥനോളിൽ സൾഫർ ഒട്ടുമില്ല. കൂടാതെ വർഷം തോറും പെട്രോളിനായി നമ്മൾ ഒഴുക്കുന്ന കോടാനുകോടി രൂപ ലാഭിക്കാം. ആ പണം നമ്മുടെ കർഷകരിലേക്ക് എത്തും. കൃഷി ലാഭകരമാകും, വണ്ടി ചിലവ് കുറയും. മലിനീകരണം കുറയും. ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ഡിഎൻഎ തന്നെ മാറാൻ പോകുകയാണ്. പെട്രോളിനും ഡീസലിനും ഒപ്പം എഥനോൾ കരുത്തിൽ കുതിക്കാനൊരുങ്ങുകയാണ് ഇന്ത്യ. അറബ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളോട് ടാറ്റാ പറഞ്ഞ്, ബാരാമതിയിലെയും ഉത്തർപ്രദേശിലെയും കരിമ്പ് പാടങ്ങളിൽ നിന്നും ഇന്ത്യയുടെ ടാങ്കറുകൾ ഇന്ധനം ശേഖരിക്കുന്ന കാലം വിദൂരമല്ല. ഇന്ത്യയുടെ റോഡുകളിൽ ഇനി മുഴങ്ങുക കർഷകന്റെ വിയർപ്പിന്റെയും ഇന്ത്യൻ സാങ്കേതികവിദ്യയുടെയും കരുത്തായിരിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here