പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഒരുക്കിയത് 4,000 ചെടിച്ചട്ടികൾ; വേരോടെ കടത്തി നാട്ടുകാർ; ഒപ്പം കട്ടൗട്ടുകളും..

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കായി റോഡരികിൽ ഒരുക്കിയ പൂച്ചെട്ടികൾ മോഷ്ടിച്ചു നാട്ടുകാർ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ലഖ്‌നൗവിലെത്തിയത്. പരിപാടി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലായിരുന്നു മോഷണം.
ചെടിച്ചട്ടികൾ കൈക്കലാക്കി കടന്നുപോകുന്ന നാട്ടുകാരുടെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ലഖ്‌നൗ വികസന അതോറിറ്റിയുടെ കണക്കനുസരിച്ച് ഏകദേശം 4,000ത്തിലധികം ചെടിച്ചട്ടികളാണ് മോഷണം പോയത്. ചിലർ ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും ചട്ടികൾ കയറ്റിക്കൊണ്ടുപോയപ്പോൾ, മറ്റുചിലർ നടന്നുപോകുമ്പോൾ കയ്യിൽ കിട്ടിയവയുമായി കടന്നുകളയുകയായിരുന്നു. പൂച്ചെട്ടികൾക്ക് പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങളുള്ള കട്ടൗട്ടുകളും കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്.
അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർത്ഥം 230 കോടി രൂപ ചിലവഴിച്ച് 65 ഏക്കറിലധികം സ്ഥലത്താണ് ഈ സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നഗരം മനോഹരമാക്കാൻ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ഒരുക്കിയ അലങ്കാരങ്ങളാണ് മണിക്കൂറുകൾക്കുള്ളിൽ നാട്ടുകാർ അടിച്ചുമാറ്റിയത്. സംഭവത്തിൽ അധികൃതർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here