സതീശനെ കടന്നാക്രമിച്ച് ഷാഫി-മാങ്കൂട്ടം സംഘങ്ങൾ; കോണ്‍ഗ്രസില്‍ ശാക്തികചേരികള്‍ മാറുന്നു

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെട്ട ലൈംഗിക അപവാദം കോണ്‍ഗ്രസിൻ്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ മാത്രമല്ല, പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പോലും മാറ്റിമറിക്കുന്ന സ്ഥിതിയിലേക്ക് വളരുന്നു. ആരോപണം ഉയർന്നപാടെ രാഹുലിനെ തള്ളിപ്പറഞ്ഞ വിഡി സതീശനെതിരെ ഷാഫി പറമ്പിലിൻ്റെയും രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും അടുപ്പക്കാർ രംഗത്ത് വരുകയാണ്. സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിച്ചു വളർന്ന സതീശൻ്റെ കുട്ടികൾ അതേ സോഷ്യൽ മീഡിയ വഴിതന്നെ അദ്ദേഹത്തിൻ്റെ ചിറകരിയുന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. ഇവരിൽ പലരുടെയും പോസ്റ്റുകൾ പ്രത്യക്ഷത്തിൽ തന്നെ പ്രതിപക്ഷനേതാവിന് എതിരെയാണ്.
Also Read: വി.ഡി.സതീശന്റെ ‘മകൾ’ കോൺഗ്രസിന് തീയിട്ടു; വെന്തുരുകി യുഡിഎഫ്; സതീശ് ബ്രിഗേഡ് മറുപടി പറയേണ്ടി വരും
“പ്രതിപക്ഷ നേതാവ് പറവൂരിന് പുറത്ത് അറിയപ്പെടാതിരുന്ന കാലത്തും ഞങ്ങളീ പണി ചെയ്തിട്ടുണ്ട്. പിന്നെ അയ്യോ പ്രതിപക്ഷ നേതാവിനെ സിപിഎമ്മും മാധ്യമങ്ങളും ആക്രമിക്കുന്നേ ‘എന്ന് പറഞ്ഞ് കുറെ ഫാൻസുകാർ പോസ്റ്റുകളുമായി ഇറങ്ങിയിട്ടുണ്ട്. ഏതു സിപിഎം ആടോ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നത്? ഏതു മാധ്യമങ്ങളാടോ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നത്? ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒക്കെ ആക്രമിച്ചതിന്റെ നൂറിലൊന്ന് നമ്മുടെ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പറയുന്നുണ്ടോ? പറയില്ല. കാരണമെന്താ? അദ്ദേഹത്തെ അവരിപ്പോഴും വലിയ എതിരാളിയായി കാണുന്നില്ല.” -സോഷ്യൽ മീഡിയയിൽ ഷാഫിയുടെ കുന്തമുനയായ ഒരു പ്രവാസിയുടെ ഇന്നലത്തെ പോസ്റ്റ് ഇങ്ങനെയാണ്.
Also Read: അവിടെ മർഫി, ഇവിടെ മാങ്കൂട്ടത്തിൽ!! ഭ്രൂണവധം നിയമക്കുരുക്കായാൽ രാഹുലും കോൺഗ്രസും ഊരിപ്പോകില്ല
ഈ സാഹചര്യത്തെ പരമവധി ഉപയോഗിക്കാൻ പ്രതിപക്ഷ നേതാവിൻ്റെ കോൺഗ്രസിലെ എതിരാളികൾ നീക്കം തുടങ്ങിയതോടെ സതീശൻ ഒറ്റപെടുന്ന സ്ഥിതിയായിട്ടുണ്ട്. ഏകദേശം ഒരു മാസത്തിലേറെയായി സതീശനെതിരെ ഇത്രയും നീചമായ തരത്തിലുള്ള പ്രചാരണം നടന്നിട്ടും പാര്‍ട്ടിനേതൃത്വം മൗനം പാലിക്കുന്നുവെന്ന അഭിപ്രായമാണ് സതീശൻ അനുകൂലികൾക്കുണ്ട്. ഇത് സതീശന്‍ എന്ന വ്യക്തിക്കല്ല ഡാമേജ് ഉണ്ടാക്കുന്നത്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുന്നണിയുടെ വിശ്വാസ്യതക്ക് തിരിച്ചടിയാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തെ അഴിച്ചുവിടുന്നത് മുന്നണിയുടെ അന്ത്യം കുറിയ്ക്കുമെന്ന അഭിപ്രായം ഒരുപക്ഷത്തിനുണ്ട്.
Also Read: എഐസിസിക്ക് ലഭിച്ചത് ഒൻപതിലധികം പരാതികൾ; ചില്ലറക്കാരനല്ല രാഹുൽ മാങ്കൂട്ടത്തിൽ
എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. യുവനിര എന്ന പേരില്‍ സതീശന്‍ തട്ടിക്കൂട്ടിയ സംവിധാനം ആകെ പൊളിയുന്നു എന്നേയുള്ളൂ. ഒരുകാലത്തും ഇല്ലാത്തവിധം മുതിര്‍ന്ന നേതാക്കളെ ഒതുക്കി, യാതൊരു ക്യാരക്ടറുമില്ലാത്ത കുറേപേർക്ക് അമിത സ്വാതന്ത്ര്യം കൊടുത്തതിന്റെ ഫലമാണിത്. പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ ഇടപെടലുകളെ ഈ നിലയില്‍ എത്തിച്ചത് സതീശന്റെ നീക്കങ്ങളായിരുന്നു. എതിരഭിപ്രായം പറയുന്നവരുടെ കുടുംബത്തെയടക്കം പച്ചത്തെറിവിളിക്കുന്ന അവസ്ഥയിലേക്ക് അതെത്തി നിൽക്കുകയാണ്. അതാണ് ഇപ്പോള്‍ അദ്ദേഹത്തെയും തിരിഞ്ഞുകൊത്തുന്ന അവസ്ഥയായത്. അതിന് തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്നാണ് മുതിർന്നവരുടെ നിലപാട്.
പ്രതിപക്ഷനേതാവ് എന്നുപോലും പരിഗണിക്കാതെ ഇന്നുവരെയില്ലാത്ത വിധം വളരെ മോശം പരാമര്‍ശങ്ങളാണ് സതീശനെതിരെ ഉണ്ടായികൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കുക മാത്രമല്ല, അറപ്പുളവാക്കുന്ന പരാമര്‍ശനങ്ങളാണ് ചില യുട്യൂബ് ചാനലുകള്‍ വഴി നടക്കുന്നത്. ഇതിൽ പലതിൻ്റെയും പിന്നില്‍ ഷാഫി-മാങ്കൂട്ടം അനുയായികളാണെന്ന് വ്യക്തമാകുന്നുണ്ട്. അതേസമയം സതീശനെതിരെ ഉയരുന്ന ഇത്തരത്തില്‍ അധിക്ഷേപങ്ങളെ പരമാവധി പ്രചരിപ്പിക്കാനുളള ദൗത്യം ഇടതുക്യാമ്പുകളും ഏറ്റെടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ പുതുതായി എന്തെങ്കിലും പറയുന്നതിന് പകരം ഇത്തരം പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്നതാണ് ഗുണകരമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.
പ്രതിപക്ഷ നേതാവായ ശേഷം കെസി വേണുഗോപാലുമായി അടുത്തെങ്കിലും ഇപ്പോഴാ ബന്ധം പഴയതുപോലെയല്ല. രമേശും വേണുഗോപാലും ഇപ്പോൾ കൂടുതൽ അടുപ്പത്തിലുമാണ്. സതീശനോട് അകന്നുകഴിഞ്ഞ ഷാഫിയുടെയും രാഹുലിൻ്റെയും ആഭിമുഖ്യവും ഈ ദിശയിലാണ്. യുഡിഎഫ് കണ്‍വീനറായ അടൂർ പ്രകാശും ഈ യുവനിരയോട് അടുക്കുന്നുണ്ട്. ഒരു ലൈംഗിക അപവാദം കോൺഗ്രസിലെ ശാക്തിക ബലാബലത്തിൽ മാറ്റമുണ്ടാക്കുന്നു എന്ന കൌതുകരമായ സ്ഥിതിയാണിത്. രാഹുലിനെതിരെ വന്നതിനൊന്നും തെളിവില്ലാതെയും പരാതിക്കാരില്ലാതെയും കെട്ടടങ്ങുന്ന സ്ഥിതിയായിട്ടും അത് ഉണ്ടാക്കുന്ന പ്രകമ്പനങ്ങൾ കോൺഗ്രസിൽ അവസാനിക്കുന്നില്ല, കൂടുതൽ രൂക്ഷമായി വളരുകയാണെന്ന് ചുരുക്കം.
Also Read: ആദ്യം ചാടിയിറങ്ങിയത് പ്രശാന്ത് ശിവൻ; പിന്നിൽ പതറി ഡിവൈഎഫ്ഐ; രാഹുലിൻ്റെ രാജി കൊയ്തത് ബിജെപി
“അവസാനമായി ഒരു കാര്യം പറയാം, പ്രതിപക്ഷനേതാവിനോട് വലിയ ബഹുമാനവും ഇഷ്ടവും ഒക്കെയാണ്. പ്രവർത്തകരെ ചേർത്ത് പിടിക്കാൻ അദ്ദേഹം തയ്യാറായാൽ പുള്ളി മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹം.പക്ഷേ ഇപ്പോൾ ഉള്ളതുപോലെ മുന്നോട്ടു പോയാൽ കൂടെയുള്ള സ്തുതിപാടകരുടെ വാക്കുകള്‍ വിശ്വസിച്ച് പാർട്ടിയുടെ സംവിധാനങ്ങളെ തകർക്കാൻ നോക്കിയാൽ…. തികച്ചും സാധാരണക്കാരനായ ഞാൻ ഒരു കാര്യം പറയാം. പാർട്ടിയും മുന്നണിയും നിഷ്പ്രയാസം ജയിക്കും, കാരണം വിജയൻ ജനങ്ങളെ അത്ര വെറുപ്പിച്ചിട്ടുണ്ട്. പക്ഷേ ഈ പറയുന്ന ഞാൻ മുഖ്യമന്ത്രിയാകില്ല, എഴുതി വെച്ചോളൂ.” തുടക്കത്തിൽ സൂചിപ്പിച്ച ‘കട്ട കോൺഗ്രസ്’ അനുകൂല പ്രൊഫൈലിലെ വെല്ലുവിളി രൂപത്തിലുള്ള മറ്റൊരു പരാമർശം ഇങ്ങനെയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here