ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ വനപാലകന് അവിഹിതബന്ധം; മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ

ഗുജറാത്തിലെ ഭാവ്‌നഗറിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ ഭർത്താവായ വനവകുപ്പ് ഉദ്യോഗസ്ഥന് അവിഹിതബന്ധമെന്ന് കണ്ടെത്തൽ. സഹപ്രവർത്തകയുമായി ഏകദേശം നാല് വർഷമായി ബന്ധമുണ്ടായിരുന്നതായാണ് പൊലീസ് വെളിപ്പെടുത്തിയത്.
പ്രതിയായ 39കാരനായ ശൈലേഷ് ഖംഭ്ള അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ACF) ഉദ്യോഗസ്ഥനാണ്. ഈ കൊലപാതകത്തിൽ സഹപ്രവർത്തകയ്ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ പൊലീസ് ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്. 40 വയസ്സുള്ള ഭാര്യ നയന, 13 വയസ്സുള്ള മകൾ പ്രീത, 9 വയസ്സുള്ള മകൻ ഭവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭാവ്‌നഗറിലേക്ക് അവധിക്കാല യാത്ര വന്ന ഇവരെ പെട്ടന്ന് കാണാതാവുകയായിരുന്നു. നവംബർ ഖംഭ്ള പൊലീസിൽ പരാതി നൽകി. തന്റെ സുരക്ഷാ ജീവനക്കാരൻ ഭാര്യയും മക്കളും ഓട്ടോറിക്ഷയിൽ പോകുന്നത് കണ്ടെന്ന് ഇയാൾ അവകാശപ്പെട്ടു. എന്നാൽ സുരക്ഷാ ജീവനക്കാരൻ ഇത് നിഷേധിച്ചു.
ചോദ്യം ചെയ്യലിനിടെ ഖംഭ്ളയുടെ അസ്വാഭാവികമായ പെരുമാറ്റവും, കാണാതായ കുടുംബാംഗങ്ങളോടുള്ള താല്പര്യക്കുറവും പൊലീസിന് സംശയം വർദ്ധിപ്പിച്ചു.
നവംബർ 16നാണ് പോലീസിന് ഖംഭ്ളയുടെ വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിൽ ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ ഖംഭ്ള കുറ്റം സമ്മതിച്ചു. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഇയാൾ കുടുംബത്തെ കൊലപ്പെടുത്തിയത്. നാല് വർഷമായി തുടരുന്ന ബന്ധത്തിൽ ഖംഭ്ളയുടെ ഭാര്യ നയന തടസ്സമായി മാറുകയായിരുന്നു. നയന കഴിഞ്ഞ ആറ് മാസമായി സൂറത്തിലെ ഭർതൃവീട്ടിൽ നിന്ന് ഭാവ്‌നഗറിലേക്ക് സ്ഥിരമായി താമസം മാറണമെന്ന് നിർബന്ധം പിടിച്ചിരുന്നു.
ഒക്ടോബർ അവസാനവാരം ദീപാവലി അവധിക്ക് ഭാവ്‌നഗറിൽ എത്തിയ ശേഷം അവർ അവിടെ തുടരാൻ നിർബന്ധിച്ചതോടെ തർക്കം രൂക്ഷമായി. നവംബർ 5ന് പുലർച്ചെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനെ തുടർന്നാണ് ലിവിംഗ് റൂം സോഫയിൽ വെച്ച് തലയണ ഉപയോഗിച്ച് നയനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ഭാര്യ മരിച്ച ശേഷം, കുട്ടികൾ സത്യം പുറത്തറിയിക്കുമോ എന്ന് ഭയന്നാണ് അവരെയും കൊന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം നടത്തിയത്. നവംബർ 2ന് ഇയാൾ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരെക്കൊണ്ട് വീടിന് സമീപം കുഴികൾ കുഴിപ്പിച്ചിരുന്നു. സഹപ്രവർത്തകയുമായുള്ള ബന്ധം തുടരുന്നതിനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here