മെരുങ്ങാതെ കണ്ണൂര്‍ സിഹം; ഹൈക്കമാന്‍ഡിനെ അനുസരിക്കാതെ വെല്ലുവിളി തുടര്‍ന്ന് കെ സുധാകരന്‍

പുന:സംഘടന കഴിഞ്ഞിട്ടും കോണ്‍ഗ്രസില്‍ മുറുമുറുപ്പും പതംപറച്ചിലും തീരുന്നില്ല. കെപിസിസി പ്രസിഡന്റിന്റെ കസേരയില്‍ നിന്നിറങ്ങിയതിന്റെ പിറ്റേന്ന് മുതല്‍ ചാനലായ ചാനലുകള്‍ക്കെല്ലാം ഓടി നടന്ന് അഭിമുഖം നല്‍കി പാര്‍ട്ടിയെ വെട്ടിലാക്കുന്ന പണിയിലാണ് കെ സുധാകരന്‍. മരിക്കുന്നതു വരെ പാര്‍ട്ടി പദവികളില്‍ അള്ളിപ്പിടിച്ചിരുന്ന് മറ്റാരയും ഇങ്ങോട്ട് അടുപ്പിക്കാതിരിക്കുക എന്ന മനോഭാവക്കാരാണ് സംസ്ഥാന കോണ്‍ഗ്രസിലെ ബഹു ഭൂരിപക്ഷവും. ജനസ്വാധീനമില്ലാത്ത ചില സംഘടനാ നേതാക്കളാണ് ഇപ്പോഴത്തെ കുത്തിത്തിരിപ്പുകള്‍ക്ക് പിന്നില്‍.

വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായി ചമഞ്ഞ് ഹൈക്കമാന്‍ഡിെന വെല്ലുവിളിക്കയും പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തിയിട്ടും അച്ചടക്ക സമിതി തലവന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മിണ്ടാട്ടംമുട്ടി നില്‍ക്കുകയാണ്. തന്റെ അനുയായികള്‍ക്ക് വേണ്ട പദവികള്‍ ഉറപ്പിക്കാനാണ് സുധാകരന്റെ തുറന്ന് പറച്ചിലെന്നാണ് വിവരം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവ് പദവിയിലിരുന്നാണ് ഹൈക്കമാന്‍ഡ് നടപടികളെ വിമര്‍ശിക്കുന്നത്. ഇതൊന്നും അച്ചടക്ക ലംഘനമായി മുന്‍ അധ്യക്ഷന് തോന്നുന്നുമില്ല. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ നിയമനങ്ങള്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു.

‘എനിക്കൊപ്പം പ്രവര്‍ത്തകരുണ്ട്, ജീവന്‍ തരാന്‍ പോലും തയ്യാറായ അണികള്‍ കൂടെയുണ്ട്. അവരെ ഒപ്പം കൂട്ടാന്‍ യാതൊരു പ്രയാസവുമില്ല. ഞാനൊന്ന് ഞൊടിച്ചാല്‍ പത്തിരട്ടി ഞൊടിക്കുന്ന അണികളുണ്ട്. നേതൃത്വസ്ഥാനത്തേയ്ക്ക് പരിഗണിക്കേണ്ടത് പരിചയസമ്പന്നരെയാണ്. ഉയരുന്നവരെ പിടിച്ചുകെട്ടാന്‍ ആളുകളുണ്ട്. കൂടുതല്‍ പറഞ്ഞാല്‍ നേതാക്കള്‍ക്ക് ഇന്‍സള്‍ട്ടാകും. ഞാന്‍ പരിചയസമ്പന്നനായ നേതാവാണ്. നേതൃത്വത്തില്‍ നിന്ന് സംരക്ഷണം കിട്ടിയില്ല. സണ്ണി ജോസഫിനെ നിയമിച്ചത് എന്റെ അഭിപ്രായം പരിഗണിച്ചാണ്. എന്നാല്‍ എന്നെ മാറ്റിയ രീതി ശരിയാണോയെന്ന് നേതാക്കളോട് ചോദിക്കണം’. ഇങ്ങനെ എല്ലാം പറഞ്ഞ് അഖിലേന്ത്യാ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് സുധാകരന്‍. നേതൃമാറ്റ പ്രക്രിയെ താന്‍ അംഗീകരിക്കുന്നില്ലെന്ന സന്ദേശമാണ് സുധാകരന്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കുന്നത്.

മലബാറില്‍ സ്വാധീനമുള്ള സുധാകരനെ മെരുക്കുക അത്ര എളുപ്പമല്ലെന്ന് പുതിയ കെപിസിസി അധ്യക്ഷനും നന്നായി അറിയാം. സുധാകരനെ കുത്തി ഇളക്കി പുനസംഘടനയെ അട്ടിമറിക്കാനാണ് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന കെപിസിസി ഭാരവാഹികളുടെ നീക്കം എന്നും സണ്ണി ജോസഫും കേന്ദ്ര നേതൃത്വവും മനസിലാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top