പുതിയ പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെ അസാധാരണ സംഭവം; സുരക്ഷാ വീഴ്ചയെന്ന് ആരോപണം

ഇന്ന് രാവിലെ തിരുവനന്തപുരത്ത് പുതിയ പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നടത്തിയ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ. മുൻ പൊലീസ് ഉദ്യോഗസ്ഥൻ പരാതിയുമായി ഡിജിപിയുടെ വാർത്താ സമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു. മാധ്യമപ്രവർത്തകൻ എന്ന വ്യാജേനയാണ് ഡിജിപിക്ക് മുന്നിലേക്ക് കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ജോലി ചെയ്തിരുന്ന ബഷീർ എത്തിയത്. ‘ഒരു കാര്യം പറയാനുണ്ട്. മുപ്പത് വർഷമായി സർവീസിൽ ഉണ്ടായിരുന്നു…’ എന്ന് പറഞ്ഞാണ് ബഷീർ മുന്നിലേക്ക് വന്നത്. കണ്ണൂരിലെ പൊലീസ് സ്റ്റേഷനിൽ ജോലി നോക്കിയ സമയത്ത് തന്നെ ചിലർ മർദിച്ചുവെന്ന പരാതിയുടെ പകർപ്പ് അദ്ദേഹം മാധ്യമങ്ങളെ കാണിച്ചു.
കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് പറയുമ്പോഴും ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്ത മറുപടികളാണ് അദ്ദേഹം നൽകിയത്. അനുവാദമില്ലാതെ സിനിമയിൽ പേര് ഉപയോഗിച്ചു എന്ന പരാതിയും ഉയർത്തി. എന്നാൽ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റ ദിവസം തന്നെ മാധ്യമപ്രവർത്തകൻ എന്ന വ്യാജേന എന്തിനാണ് അദ്ദേഹം അവിടെ എത്തിയത് എന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. അതീവ സുരക്ഷയുള്ള പരിപാടിയിലേക്ക് എങ്ങനെ പ്രവേശിച്ചു എന്ന കാര്യത്തിനെക്കുറിച്ചും നിലവിൽ വിവരമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here