SV Motors SV Motors

ഹീത്ത് സ്ട്രീക്ക് അന്തരിച്ചു; സിംബാബ്‍വെയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ

ജോഹന്നാസ് ബർഗ്: സിംബാബ്‍വെ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് (49) വിടവാങ്ങി. മെറ്റാബെലാലാൻഡിലെ ഫാംഹൗസിൽ ദീർഘ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് കാലത്തായിരുന്നു അന്ത്യം. ഭാര്യ നാദിൻ സ്ട്രീക്കാണ് മരണവിവരം സ്ഥിരീകരിച്ചത്. നാലുമക്കളുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അതെല്ലാം തള്ളി സുഹൃത്ത് ഹെൻറി ഒലാങ്കെ രംഗത്ത് വന്നിരുന്നു. 19 മത്തെ വയസ്സിൽ ദക്ഷിണാഫ്രിക്കക്കെതിരെ ബാംഗ്ലൂരിൽ 1993 ൽ നടന്ന ഹീറോ കപ്പ് ഏകദിന മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്. അതേവർഷം തന്നെ കറാച്ചിയിൽ പാകിസ്താനെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റിലും തുടക്കം കുറിച്ചു. റാവൽപിണ്ടിയിലെ രണ്ടാം മത്സരത്തിൽ എട്ടു വിക്കറ്റെടുത്തു റെക്കോർഡ് സൃഷിടിച്ചു. പാകിസ്ഥാനെതിരെ 44 വിക്കറ്റെടുത്ത ബൗളറെന്ന പ്രത്യേകതയും ഹീത്തിനുണ്ട്. ഒമ്പതാമത്തെ ടെസ്റ്റിലാണ് ആദ്യ അർദ്ധ സെഞ്ചുറി നേടിയത്. വെസ്റ്റ്ഇൻഡീസിനെതിരെ മാത്രമാണ് ഏക സെഞ്ചുറി നേടാൻ കഴിഞ്ഞത്.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനവും സ്ട്രീക്ക് കളിച്ചിട്ടുണ്ട്. ഇരുഫോർമാറ്റുകളിലും രാജ്യത്തിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും അദ്ദേഹമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 216 വിക്കറ്റും ഏകദിനത്തിൽ 239 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. 1993-ലാണ് ഹീത്ത് സ്ട്രീക്ക് സിംബാബ്‌വെയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. 2000-ൽ ടീമിന്റെ നായകനായ സ്ട്രീക്കിന്റെ കീഴിൽ സിംബാബ്‌വെ അവരുടെ ആദ്യത്തെ വിദേശ ടെസ്റ്റ് പരമ്പര വിജയം കുറിച്ചു. 2005-ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ചു. ഐ.പി.എല്ലിൽ കൊൽക്കത്ത നെെറ്റ് റൈഡേഴ്സിന്റെ കോച്ചായിരുന്നു.

സിംബാബ്‍വെ ടീമിന്റെ ക്യാപ്റ്റനായി 2000-ൽ ഹീത്തിനെ നിയമിച്ചെങ്കിലും ഒരുവർഷം കഴിഞ്ഞപ്പോൾ രാജിവച്ചു. 2004-ൽ വീണ്ടും ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ക്രിക്കറ്റിൽ വിശ്വാസവഞ്ചന കാട്ടിയതിന്റെ പേരിൽ 2021-ൽ ഹീത്തിന് ഐസിസിയുടെ അഴിമതി നിരോധന കൗൺസിൽ എട്ടുവർഷത്തേയ്ക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top