കൈക്കൂലിക്കാരുടെ ‘ഹാർഡ് വർക്ക്’ ഫലിച്ചില്ല! തുടർച്ചയായ 4 ദിവസം ‘ട്രാപ്പ്’, വിജിലൻസിന് ചരിത്രനേട്ടം; ക്ഷേത്രപൂജക്കും കൈക്കൂലി

അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ വിജിലൻസിന് മികച്ച റെക്കോർഡ്. കൈക്കൂലിക്കാരെ കയ്യോടെ പിടികൂടുന്ന ട്രാപ്പ് കേസുകൾ തുടർച്ചയായ നാല് ദിവസം നടത്തി നാലും വിജയിപ്പിച്ചു. ഇതിലൂടെ കേരളത്തിൽ പലയിടത്തായി നാല് ഉദ്യോസ്ഥരുടെ അറസ്റ്റുകളും നടന്നു. ട്രാപ്പ് കേസുകളുടെ എണ്ണത്തിൽ ഇത് വിജിലൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്.

ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ്റെ അങ്കമാലി ഓഫീസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എം.വിൽസൺ ആണ് ഇന്ന് വിജിലൻസിൻ്റെ ട്രാപ്പിൽ വീണത്. സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കാൻ 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അങ്കമാലി സ്വദേശി വിൽസൺ കുടുങ്ങിയത്. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഭൂമി തരംമാറ്റാനായി 50,000 രൂപ കൈക്കൂലി വാങ്ങിയ കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസർ കെ.ആർ.ഉല്ലാസ് മോൻ ആണ് ഈ ദിവസങ്ങളിൽ വിജിലൻസിൻ്റെ കെണിയിൽ കുടങ്ങിയ മറ്റൊരു പ്രമുഖൻ. ഭൂമി പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കാനായി 5000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂർ വില്ലേജ് അസിസ്റ്റൻ്റ് ജിബി മാത്യു ആണ് കുടുങ്ങിയ മറ്റൊരാൾ.

ആലപ്പുഴ മാന്നാർ കുട്ടംപേരൂർ- കുന്നത്തൂർ ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ റിസീവറും, ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസറുമായ ശ്രീനിവാസൻ കുടുങ്ങിയതാകട്ടെ ക്ഷേത്രത്തിലെ പൂജകളുടെ പേരിൽ കൈക്കൂലി വാങ്ങുമ്പോഴാണ്. 5,000 രൂപയായിരുന്നു ഈയിനത്തിൽ ഉദ്യോഗസ്ഥനുള്ള പടി.

ട്രാപ്പ് കേസുകളിൽ ഈ വർഷം ഇതുവരെ 19 സർക്കാർ ഉദ്യോഗസ്ഥർ കുടുങ്ങിയ റവന്യൂ വകുപ്പാണ് മുന്നിൽ. 10 കേസുകൾ ഉള്ള തദ്ദേശ സ്വയംഭരണ വകുപ്പും ആറു കേസുകൾ ഉള്ള പോലീസ് വകുപ്പും തൊട്ടുപിന്നിലുണ്ട്. ആകെ 53 ട്രാപ്പ് കേസുകൾ ഈവർഷം പിടികൂടിയപ്പോൾ ഉദ്യോഗസ്ഥരും ഇടനിലക്കാരുമായി 71 പേരെയാണ് വിജിലൻസ് അറസ്റ്റുചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top