ഫാ.നോബിള്‍ പാറയ്ക്കല്‍ വെള്ളമടിച്ചു വണ്ടിയോടിച്ചെന്ന് പോലീസ്; FlR വ്യാജമല്ല, പക്ഷേ മദ്യപിക്കാറില്ലെന്ന് വൈദികൻ!! കര്‍ത്താവേ കണ്‍ഫ്യൂഷന്‍ തീർക്കണമേ…

മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിനെതിരെ ആ ക്രൂരകൃത്യത്തിന് ശേഷം ലേഖനമെഴുതി കുപ്രസിദ്ധനായ കത്തോലിക്കാ വൈദികന്‍ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് പിടിയിലായി. സിറോ മലബാര്‍ സഭയുടെ മാനന്തവാടി രൂപതാ മുന്‍ പിആര്‍ഒ നോബിള്‍ പാറയ്ക്കലിനെതിരെ കഴിഞ്ഞ മാസം 11നാണ് വയനാട് തിരുനെല്ലി പൊലീസ്, ക്രൈം നമ്പര്‍ 477/ 2025 ആയി U/s BNS 281, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 185 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്. തനിക്കെതിരെ പോലീസ് കേസെടുത്തത് സത്യമാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ല എന്നുമാണ് ഫാ നോബിളിന്റെ വിചിത്ര നിലപാട്.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ മദ്യപാനവും മയക്കുമരുന്ന് ഉപഭോഗവും വര്‍ദ്ധിക്കുന്നതിനെതിരെ കത്തോലിക്കാസഭ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരി ക്കുമ്പോഴാണ് ഒരു വൈദികന്‍ തന്നെ അമിതമായി മദ്യപിച്ചു കാറോടിച്ചതിന് പിടിയിലാകുന്നത്. ഈ സംഭവം സഭയ്ക്ക് വന്‍ നാണക്കേടായി മാറി. മദ്യപിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ എക്‌സൈസ് കമ്മീഷണറെ കൂട്ടുപ്രതിയാക്കണമെന്ന് കെസിബിസിയുടെ ജാഗ്രതാ സമിതി നിലപാട് സ്വീകരിച്ചിട്ട് അധികനാളായിട്ടില്ല. നോബിള്‍ പാറയ്ക്കലിന്റെ കേസിലും എക്‌സൈസ് കമ്മീഷണറെ കൂടി പ്രതിയാക്കണമെന്ന് സഭ ആവശ്യപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്.
“സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മദ്യത്തിന് അടിമപ്പെടുകയും സ്ത്രീകള്‍ക്കെ് എതിതിരെയുള്ള അക്രമങ്ങൾ വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ മദ്യത്തിന്റെ സ്വാധീനത്തില്‍ നിര്‍വഹിക്കപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ സംസ്ഥാന എക്‌സൈസ് കമ്മീഷണറെ കൂട്ടുപ്രതിയായി കണക്കാക്കി കേസെടുക്കണം. സംസ്ഥാനത്ത് മദ്യ ഉപയോഗം വര്‍ദ്ധിക്കുന്നതിന് ഉത്തരവാദി സര്‍ക്കാരാണ്.” -2018 ഏപ്രില്‍ 24 ന് കെസിബിസി ജാഗ്രതാസമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ ആവശ്യം ഇതായിരുന്നു.
മനുഷ്യജീവന് അപകടകരമായ വിധത്തില്‍ KL 72 D 5931 എന്ന വാഹനമോടിച്ച് വരുന്നതിനിടയിലാണ് രാത്രി 12.30ന് ഇയാള്‍ പൊലീസിന്റ പിടിയിലായത്. തിരുനെല്ലി പൊലീസിന്റെ പിടിയിലാകുമ്പോള്‍ ആൽക്കോമീറ്റര്‍ (Alcometer) ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ (Blood Alcohol Content – BAC) രക്തത്തില്‍ 173mg/100 ml മദ്യം ഉണ്ടെന്ന് കണ്ടെത്തി. വാഹനം ഓടിക്കുന്ന ഒരാള്‍ക്ക് നിയമപരമായി അനുവദനീയമായ മദ്യത്തിന്റെ അളവിനേക്കാള്‍ വളരെ കൂടുതലായിരുന്നു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ സിഇഒയാണ് നിലവില്‍ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍. സഭയോട് വിയോജിച്ച് നിന്ന മാനന്തവാടി രൂപതയിലെ അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന് നോബിളിനെ ഒന്നാം പ്രതിയാക്കി 2019 ഓഗസ്റ്റില്‍ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ച് അപവാദപ്രചാരണം നടത്തി എന്നതടക്കം കുറ്റങ്ങളാണ് ഈ വൈദികനെതിരെ അന്ന് പൊലീസ് ചുമത്തിയത്. അതിൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്താണ് അറസ്റ്റ് ഒഴിവാക്കിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കോട്ടയം കാരിത്താസ് ആശുപത്രിയുടെ ജോയിന്റ് ഡയറക്ടര്‍ ഓപ്പറേഷന്‍സ് ആയ ഫാ.ജോയിസ് നന്ദിക്കുന്നേല്‍ മദ്യപിച്ച് കാര്‍ ഓടിച്ച് പെരുമ്പാവൂരില്‍ അപകടം ഉണ്ടാക്കിയിരുന്നു. ക്‌നാനായ കത്തോലിക്കാ സഭയിലെ വൈദികനാണ് ജോയിസ് നന്ദികുന്നേല്‍. ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിര്‍ത്തുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്ത് നാട്ടുകാര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും കേസെടുക്കാതെ വിട്ടയച്ചു എന്ന് ആരോപണം പോലീസിനെതിരെ ഉയര്‍ന്നിരുന്നു.
നോബിള്‍ പാറയ്ക്കല്‍ ഇന്ന് രാവിലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിശദീകരണക്കുറിപ്പ് ചുവടെ:


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here