കുട്ടികളുടെ തലച്ചോറ് വില്പനയ്ക്കുള്ളതല്ല; സോഷ്യൽ മീഡിയ നിരോധിക്കാൻ ഫ്രാൻസ്

കുട്ടികളെ സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള ചരിത്രപരമായ നിയമനിർമ്മാണവുമായി ഫ്രാൻസ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് നാഷണൽ അസംബ്ലി ഈ ബില്ലിന് അംഗീകാരം നൽകി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഈ നീക്കം വേഗത്തിലാക്കിയത്.

“നമ്മുടെ കുട്ടികളുടെ വികാരങ്ങൾ വിപണിയിലെ ചരക്കല്ല” സോഷ്യൽ മീഡിയാ നിരോധനത്തെക്കുറിച്ച് മാക്രോൺ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശം ആഗോള ശ്രദ്ധ നേടിയിരുന്നു. “നമ്മുടെ കുട്ടികളുടെയും കൗമാരക്കാരുടെയും തലച്ചോറ് വില്പനയ്ക്കുള്ളതല്ല. അമേരിക്കൻ പ്ലാറ്റ്‌ഫോമുകൾക്കോ ചൈനീസ് അൽഗോരിതങ്ങൾക്കോ അവരുടെ വികാരങ്ങളെ ചൂഷണം ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല,” മാക്രോൺ വ്യക്തമാക്കി. കുട്ടികൾ അൽഗോരിതങ്ങളുടെ അടിമകളായി മാറുന്നതും മാനസികാരോഗ്യം തകരുന്നതും തടയുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : ’16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വേണ്ട’; ഓസ്‌ട്രേലിയൻ നിയമം ഇന്ത്യയിലും വേണമെന്ന് ഹൈക്കോടതി

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും കർശന നിരോധനം. ഹൈസ്കൂളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനും നിരോധനം ബാധകമാക്കും. 2026 സെപ്റ്റംബറിൽ പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതോടെ നിരോധനം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിശ്ചിത വയസ്സിൽ താഴെയുള്ളവരുടെ നിലവിലുള്ള അക്കൗണ്ടുകൾ ഡിസംബർ 31-നകം നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകും.

കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സൈബർ ബുള്ളിയിംഗ് (Cyberbullying), ഉറക്കക്കുറവ്, വിഷാദം, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ തീരുമാനം. ഫ്രാൻസിലെ ആരോഗ്യ ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം കൗമാരക്കാർ പ്രതിദിനം 2 മുതൽ 5 മണിക്കൂർ വരെ സ്മാർട്ട്ഫോണുകൾക്കായി ചിലവഴിക്കുന്നുണ്ട്. ഇത് അവരുടെ ക്രിയാത്മകതയെയും പഠനത്തെയും ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.

സോഷ്യൽ മീഡിയയ്ക്ക് പ്രായപരിധി നിശ്ചയിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഫ്രാൻസ് മാറുകയാണ്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവന്നിരുന്നു. സമാനമായ രീതിയിൽ ബ്രിട്ടനും ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഫ്രഞ്ച് നാഷണൽ അസംബ്ലി പാസാക്കിയ ബില്ല് ഇനി ഉപരിസഭയായ സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഫെബ്രുവരി പകുതിയോടെ സെനറ്റും ബില്ല് പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top