ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി; മന്ത്രിമാരെ പ്രഖ്യപിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രധാനമന്ത്രി രാജിവച്ചു

ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിക്കൊണ്ട്, പുതിയ പ്രധാനമന്ത്രിയായി നിയമിതനായ സെബാസ്റ്റ്യൻ ലെകോർണു മണിക്കൂറുകൾക്കകം രാജി സമർപ്പിച്ചു. മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചതിന് പിന്നാലെ സഖ്യകക്ഷികളുടെയും പ്രതിപക്ഷത്തിൻ്റെയും കടുത്ത ഭീഷണികൾ ഉയർന്ന സാഹചര്യത്തിലാണ് ലെകോർണുവിൻ്റെ അപ്രതീക്ഷിത രാജി. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ വിശ്വസ്തനായ ലെകോർണു (39), ഒരു മാസം മുമ്പാണ് പ്രധാനമന്ത്രിയായി നിയമിതനായത്.

Also Read : ഇന്ത്യക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാൻസ് തടഞ്ഞു; യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളെന്ന് സംശയം

മാക്രോണിൻ്റെ നയങ്ങളിൽ സമൂലമായ മാറ്റം വരുത്തുന്നില്ലെങ്കിൽ ലെകോർണുവിൻ്റെ പുതിയ സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് ഭരണ മുന്നണിയിലെ ശക്തനായ ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ഒലിവിയർ ഫൗർ പ്രഖ്യാപിച്ചിരുന്നു. ലെകോർണുവിന്റെ മന്ത്രിസഭ പഴയ മാക്രോൺ പക്ഷക്കാരെക്കൊണ്ട് നിറഞ്ഞതാണെന്ന് അദ്ദേഹം വിമർശിച്ചു. മന്ത്രിസഭ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സഖ്യകക്ഷികളുടെ പിന്തുണ നഷ്ടമായതോടെ, ലെകോർണു രാജി സമർപ്പിക്കുകയായിരുന്നു.

ഫ്രാൻസിൽ ഒരു വർഷത്തിനിടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ലെകോർണു. ചെലവ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് മുൻ പ്രധാനമന്ത്രിമാരായ ഫ്രാങ്സ്വാ ബെയ്‌റു, മൈക്കൽ ബാർണിയർ എന്നിവരും അധികാരം നഷ്ടപ്പെട്ട് പുറത്തായിരുന്നു. ലെകോർണുവിൻ്റെ രാജിക്ക് പിന്നാലെ, രാജ്യത്ത് അടിയന്തര പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് തീവ്ര വലതുപക്ഷ നേതാവ് മറീൻ ലെ പെൻ ആവശ്യപ്പെട്ടു. ലെകോർണുവിൻ്റെ രാജി ഫ്രാൻസിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിതെളിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പ്രസിഡൻ്റ് മാക്രോൺ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top