വിശ്വാസികളേ വരുവിന്‍, വ്യാജ ‘തിരുമേനിമാര്‍’ നിങ്ങളെ അനുഗ്രഹിക്കാന്‍ റെഡി; പാര്‍ട്ടിയുടെ ലയന സമ്മേളനത്തിലും പ്രാര്‍ത്ഥനാ സഹായം

കാശ് കൊടുത്താല്‍ മെത്രാന്മാര്‍ എന്തിനും റെഡി. കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ലയന സമ്മേളനത്തിലാണ് നാട്ടിലാരും കേട്ടിട്ടില്ലാത്ത സഭയുടെ മേലധ്യക്ഷന്മാരായി ചമഞ്ഞ് ഒരു സംഘം വ്യാജ തിരുമേനിമാര്‍ ചുവപ്പ് കുപ്പായം ധരിച്ച് രംഗത്തിറങ്ങിയത്. തമിഴ്നാട്ടില്‍ നിന്നാണ് ഈ മെത്രാന്‍ കുറുവ സംഘത്തെ ഇറക്കിയതെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ മാസം 18ന് കൊച്ചിയില്‍ നടന്ന ജെഎസ്എസ് താമരാക്ഷന്‍ വിഭാഗവും ഹിന്ദുസ്ഥാന്‍ ആവോ മോര്‍ച്ചയും തമ്മിലുള്ള ലയന സമ്മേളനത്തിലാണ് വ്യാജ പിതാക്കന്‍മാര്‍ നിരന്ന് ഇരുന്നത്. ഇവരൊക്കെ ആരാണെന്നോ ഏത് സഭയില്‍പ്പെട്ടവരാണെന്നോ തങ്ങള്‍ക്ക് അറിവില്ല. ഞങ്ങള്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് ജെഎസ്എസ് സെന്‍ട്രല്‍ കമ്മറ്റി അംഗം കെകെ പ്രമോദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മുന്‍ എംഎല്‍എമാരായ എവി താമരാക്ഷന്‍, മാത്യു സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലയന സമ്മേളനം നടന്നത്. ബീഹാറില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ഹിന്ദുസ്ഥാന്‍ ആവോ മോര്‍ച്ച.
ആര്‍ച്ച് ബിഷപ്പ് ഡോ.ബാബു ജോര്‍ജ്ജ്, ബിഷപ്പ് കേസരി, ബിഷപ്പ് മാര്‍ലിയോസ് യോഹന്നാന്‍ കുര്യാക്കോസ് സണ്ണി ആലപ്പാട്ട്, ബിഷപ്പ് സണ്ണി അബ്രാഹം, ബിഷപ്പ് ജോണ്‍ ബെര്‍ത്തലോമിയോസ് എന്നിങ്ങനെ കുറെ ബിഷപ്പുമാരാണ് ലയന സമ്മേളനത്തില്‍ പ്രാര്‍ത്ഥനാ സഹായവുമായി പങ്കെടുത്തത്. യാതൊരു ദൈവശാസ്ത്ര പശ്ചാത്തലമോ സഭാപരമായ അംഗീകാരമോ ഇല്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും എന്നാണ് ആരോപണം. മുന്‍പ് വിവിധ പെന്തക്കോസ്ത് സഭകളില്‍ പാസ്റ്റര്‍മാ രായിരുന്ന ചിലരാണ് മെത്രാന്‍ വേഷത്തില്‍ രംഗത്ത് വരുന്നത്. വെല്ലൂര്‍ ആസ്ഥാനമായുള്ള സംഘമാണ് നിശ്ചിത തുക വാങ്ങി ഇത്തരക്കാര്‍ക്ക് മെത്രാന്‍ കുപ്പായവും സഭാചിഹ്നങ്ങളും മറ്റ് ഔദ്യോഗിക രേഖകളും നല്‍കുന്നത്.
സ്വന്തമായി വിശ്വാസിസമൂഹമോ പള്ളികളോ ഇല്ലാത്ത ഇവര്‍ പദവികള്‍ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ കൊല്ലം സ്വദേശി ജയിംസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ മെത്രാന്‍ വേഷത്തില്‍ പങ്കെടുത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇയാള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലങ്ങളിലും മറ്റും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ക്ക് ‘ആത്മീയ പരിവേഷം’ നല്‍കാന്‍ ഇത്തരം വ്യാജന്മാരെ വാടകയ്ക്കെടുത്തുകൊണ്ടുവരുന്നത് പതിവ് കാഴ്ചയാണ്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വേദിയില്‍ മലങ്കര മെത്രാപ്പോലീത്ത എന്ന വ്യാജേന ജയിംസ് ജോര്‍ജ് എത്തിയത് വിവാദമായിരുന്നു. പരിപാടിയുടെ സംഘാടന ചുമതലയുണ്ടായിരുന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് വിവാദത്തില്‍പ്പെട്ട വ്യക്തികളെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. വേദിയിലുണ്ടായിരുന്നവര്‍ വ്യാജന്മാരാണെന്ന വിവരം പരിപാടി കഴിഞ്ഞ ശേഷമാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത് എന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here