മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരം; നേപ്പാളിന്റെ റാങ്ക് 90; നമ്മുടേത് 151 !!

മാധ്യമ സ്വാതന്ത്ര്യത്തില്‍ (Press Freedom) ഇന്ത്യയുടെ സ്ഥാനം 159ല്‍ നിന്ന് 151 ആയി മാറിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (Reporters without Boarders). ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ആധികാരിക പഠനം നടത്തുന്ന സംഘടനയാണിത്. ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യ റാങ്ക് 2024ല്‍ 159ഉം, 2023ല്‍ 161ഉം ആയിരുന്നു. ഈവര്‍ഷം നേരിയ തോതില്‍ റാങ്ക് ഉയര്‍ന്നതായി കാണാം. 180 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
2002 മുതല്‍ ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യ റാങ്ക് പരിതാപകരമായ നിലയിലാണ്. രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാധ്യമ ഉടമകള്‍ നിലപാടുകള്‍ മാറ്റുന്നതാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷത്തെ മാധ്യമസ്വാതന്ത്ര്യ റാങ്ക് ലിസ്റ്റ് വ്യക്തമാക്കുന്നതും ലോകത്തെ ദയനീയമായ മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയാണ്. മാധ്യമങ്ങളുടെ സാമ്പത്തിക അസ്ഥിരതയും പരാധീനതകളുമാണ് മാധ്യമസ്വാതന്ത്യം ബലികഴിക്കാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
ഏഷ്യന്‍ രാജങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം അയല്‍ രാജ്യങ്ങളേക്കാള്‍ വളരെയധികം പിന്നിലാണ്. നമ്മുടെ അയല്‍ രാജ്യങ്ങളുടെ റാങ്കുനില കാണുമ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ജനാധിപത്യ രാജ്യത്തിന്റെ പരിതാപകരമായ മാധ്യമ സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയും. നേപ്പാള്‍ 90, മാലിദ്വീപ് 104, ശ്രീലങ്ക 139, ബംഗ്ലാദേശ് 149 എന്നിങ്ങനെയാണ്. നോര്‍വെ, എസ്റ്റോണിയ, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.
ഇന്ത്യയുടെ 151ആം റാങ്കിന് തൊട്ടുപിന്നിൽ നില്‍ക്കുന്ന രാജ്യങ്ങൾ നോക്കുക. ഭൂട്ടാന്‍ 152, പാകിസ്ഥാന്‍ 158, മ്യാന്‍മാര്‍ 169, അഫ്ഗാനിസ്ഥാന്‍ 175, ചൈന 178 എന്നിങ്ങനെയാണ്. പട്ടാള – ഏകാധിപത്യ ഭരണങ്ങള്‍ നടക്കുന്ന ഈ രാജ്യങ്ങളേക്കാള്‍ ഒട്ടും ഭേദമല്ലാത്ത അവസ്ഥയിലാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here