ഫ്രഷ് കട്ട് മുതലാളിമാരുമായി വഴിവിട്ട ബന്ധം; ഡിഐജി യതീഷ് ചന്ദ്രക്കെതിരെ കർഷക കോൺഗ്രസ്

അറവുമാലിന്യ സംസ്കരണ പ്ലാന്റായ ഫ്രഷ് കട്ടിനെതിരെ താമരശ്ശേരിയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോൺഗ്രസ്. സമരത്തെ അക്രമാസക്തമാക്കാനും പ്ലാൻ്റിൻ്റെ ഉടമകൾക്ക് അനുകൂലമായ രീതിയിൽ സംഭവങ്ങൾ കൊണ്ടെത്തിക്കാനും ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നാണ് കർഷക കോൺഗ്രസിൻ്റെ പ്രധാന ആരോപണം. സമരം അക്രമാസക്തമാക്കുന്നതിൽ ഡിഐജിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ടിനെതിരെ പ്രദേശവാസികളും വിവിധ സംഘടനകളും ആറ് വർഷമായി സമാധാനപരമായി സമരം നടത്തിവരികയായിരുന്നു. എന്നാൽ, അടുത്തിടെ സമരം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ഇടപെടലുണ്ടായി. പ്ലാൻ്റ് തുറന്നു പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം കർശന ഉപാധികളോടെ അനുമതി നൽകുകയും പോലീസ് സംരക്ഷണത്തോടെ പ്രവർത്തനം തുടങ്ങുമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് സമരം അക്രമാസക്തമായത്.

Also Read : കെപി മോഹനന്‍ എംഎല്‍എയെ കൈകാര്യം ചെയ്ത് നാട്ടുകാര്‍; മാലിന്യപ്രശ്‌നം പരിഹരിച്ചില്ലെന്ന് പരാതി

ഫ്രഷ് കട്ട് മുതലാളിമാരുമായി ഡിഐജി യതീഷ് ചന്ദ്ര വഴിവിട്ട ബന്ധം പുലർത്തുന്നുണ്ടെന്നും, സമരത്തെ പൊളിക്കാനായി ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. പോലീസ് സംരക്ഷണത്തോടെ പ്ലാൻ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കം ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും കർഷക കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. സമരത്തിൽ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി ഉപയോഗിച്ചു എന്ന് യതീഷ് ചന്ദ്ര നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, ഡിഐജിയുടെ വാദം പച്ചക്കള്ളമാണെന്നും ജനകീയ സമരം അടിച്ചമർത്താനുള്ള പോലീസിൻ്റെ നീക്കമാണ് ഇതെല്ലാമെന്നും സമരസമിതി അംഗങ്ങൾ പറഞ്ഞു. കൂടാതെ സംഭവശേഷം ഡിഐജി സ്ഥലത്ത് ക്യാമ്പ് ചെയ്തു കൊണ്ട് നിരപരാധികളുടെ വീടുകളില്‍ പോലും കയറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു.

ജില്ലാ ഭരണകൂടം നൽകിയ ഉപാധികൾ പ്രകാരം പ്ലാൻ്റിലെ പ്രതിദിന മാലിന്യ സംസ്കരണം 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കണം. പഴകിയ അറവ് മാലിന്യങ്ങൾ ഒഴിവാക്കി പുതിയവ മാത്രം സംസ്കരിക്കണമെന്നും ദുർഗന്ധം കുറയ്ക്കുന്നതിനായി രാത്രിയിൽ പ്രവർത്തനം നിർത്തിവെക്കണമെന്നും നിർദ്ദേശമുണ്ട്. എങ്കിലും, ഈ ഉപാധികളൊന്നും അംഗീകരിക്കാൻ സമരസമിതി തയ്യാറല്ല. ഫ്രഷ് കട്ട് പ്ലാൻ്റ് പൂർണ്ണമായും അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റുമായ മെഹ്റൂഫ് ഉൾപ്പെടെ മുന്നൂറിലധികം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top