നേതാജി മുതൽ അജിത് പവാർ വരെ; രാജ്യത്തെ നടുക്കിയ വിമാനാപകടങ്ങളുടെ കറുത്ത അധ്യായങ്ങൾ

ഇന്ത്യൻ ജനതയെ ഞെട്ടിച്ച ഒരു വിമാനാപകട വാർത്തയുമായാണ് ഇന്നത്തെ പുലരി കടന്നുവന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിയോഗവാർത്ത രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ശരദ് പവാറിന്റെ പിൻഗാമിയായി അറിയപ്പെട്ടിരുന്ന അജിത് പവാറിന്റെ ഈ അപ്രതീക്ഷിത വിയോഗം മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാരാമതിയുടെ മണ്ണിൽ തകർന്നുവീണ വിമാനം കേവലം ഒരു വാഹനമാണ് ഒരു വലിയ രാഷ്ട്രീയ യുഗത്തിന്റെ തുടർച്ച കൂടിയായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ ജീവനെടുത്ത വിമാനാപകടങ്ങളിൽ അവസാനത്തെത്താണിത്. സഞ്ജയ് ഗാന്ധി മുതൽ മാധവറാവു സിന്ധ്യ വരെയും, വൈ.എസ്. രാജശേഖര റെഡ്ഡി മുതൽ ജനറൽ ബിപിൻ റാവത്ത് വരെയുമുള്ള അതികായന്മാർ ആകാശച്ചുഴിയിൽ പൊലിഞ്ഞപ്പോൾ തകർന്നുപോയത് രാജ്യത്തിന്റെ പ്രതീക്ഷകളായിരുന്നു. സത്യത്തിൽ, ഇന്ത്യൻ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ വിമാനാപകടങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഗതിയെത്തന്നെ പലപ്പോഴും മാറ്റിമറിച്ചിട്ടുണ്ട്. ആകാശച്ചുഴിയിൽ പൊലിഞ്ഞുപോയ ആ കരുത്തരായ നേതാക്കളുടെ ഓർമ്മകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢത ഇന്നും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം തന്നെയാണ്. 1945 ഓഗസ്റ്റ് 18-ന് തായ്‌വാനിൽ വെച്ചുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക രേഖകൾ പറയുന്നത്. എങ്കിലും, ഇന്ത്യക്കാരുടെ മനസ്സിൽ ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യചിഹ്നമായി ആ അപകടം അവശേഷിക്കുന്നു. പിന്നീട് രാജ്യം നടുങ്ങിയത് സഞ്ജയ് ഗാന്ധിയുടെ വേർപാടിലായിരുന്നു. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പിൻഗാമിയായി രാജ്യം കണ്ടിരുന്ന സഞ്ജയ് ഗാന്ധി 1980 ജൂൺ 23-ന് ഒരു വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം വിമാനം തകർന്നു വീണപ്പോൾ ഇന്ത്യയുടെ ഭാവി തന്നെ മറ്റൊന്നാവുകയായിരുന്നു.

Also Read : വിമാനാപകടത്തിൽ അജിത് പവാറിന് ദാരുണാന്ത്യം; മഹാരാഷ്ട്രയെ നടുക്കിയ ദുരന്തം

കോൺഗ്രസിലെ കരുത്തനായ നേതാവായിരുന്നു മാധവറാവു സിന്ധ്യ. 2001 സെപ്റ്റംബർ 30-ന് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വെച്ചുണ്ടായ അപകടത്തിൽ അദ്ദേഹം വിടവാങ്ങിയപ്പോൾ രാജ്യത്തിന് നഷ്ടമായത് മികച്ചൊരു ഭരണാധികാരിയെയായിരുന്നു. 2002 മാർച്ചിൽ ലോക്‌സഭാ സ്പീക്കറായിരുന്ന ജി.എം.സി. ബാലയോഗിയും ആന്ധ്രാപ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടവാങ്ങി.

2009 സെപ്റ്റംബർ 2-ന് ആന്ധ്രാ മുഖ്യമന്ത്രിയായിരിക്കെ ചിറ്റൂർ വനമേഖലയിൽ വെച്ചുണ്ടായ അപകടത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡിയെ നഷ്ടമായത് ആധുനിക ഇന്ത്യ കണ്ട വലിയൊരു ദുരന്തമായിരുന്നു. ഒരു സംസ്ഥാനം മുഴുവൻ പ്രിയ നേതാവിനായി പ്രാർത്ഥനയോടെ കാത്തിരുന്നെങ്കിലും വിധി മറ്റൊന്നായിരുന്നു. നമ്മുടെ പ്രതിരോധ മേഖലയെ നടുക്കിക്കൊണ്ടാണ് 2021 ഡിസംബറിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും തമിഴ്‌നാട്ടിലെ കൂനൂരിൽ വെച്ച് ആകാശച്ചുഴിയിൽപ്പെട്ടത്.

ഈ കറുത്ത അധ്യായങ്ങളിലേക്കാണ് ഇപ്പോൾ അജിത് പവാറിന്റെ പേരും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. ശരദ് പവാർ എന്ന മഹാമേരുവിന്റെ തണലിൽ വളർന്ന്, പിന്നീട് സ്വന്തം നിലയിൽ മറാഠാ രാഷ്ട്രീയത്തിലെ നെടുംതൂണായി മാറിയ നേതാവ്. ബാരാമതിയിലെ ആ വിമാനാപകടം കേവലം ഒരു കുടുംബത്തിന്റെ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ കറുത്ത ഏടാണ്. ആകാശച്ചുഴികൾ കവർന്നെടുത്ത ഈ നായകന്മാരുടെ പട്ടിക ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും ഒരു നോവായി നിലനിൽക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top