ഒബാമ മുതൽ ഇങ്ങോട്ട്…! ഇന്ത്യയുടെ അതിഥി പട്ടികയിൽ ഇത്തവണ യൂറോപ്യൻ കരുത്ത്!

രാജ്യം നാളെ എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന ഗംഭീരമായ പരേഡിൽ ഇത്തവണ മുഖ്യാതിഥികളായി എത്തുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉന്നത നേതാക്കളാണ്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യയിലെത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നേതാക്കൾ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി എത്തുന്നത് ഇതാദ്യമായാണ്.
നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ലോകനേതാക്കളെ ഇന്ത്യ അതിഥികളായി ക്ഷണിക്കാറുണ്ട്. 2025ൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ആയ പ്രബോവോ സുബിയാന്റോ ആണ് ഇന്ത്യയിൽ എത്തിയത്. ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു നേതാവ് മുഖ്യാതിഥിയാകുന്ന നാലാമത്തെ അവസരമായിരുന്നു അത്. 2024ൽ ഫ്രഞ്ച് പ്രസിഡന്റ് ആയ ഇമ്മാനുവൽ മാക്രോൺ ആണ് എത്തിയത്. ആറാം തവണയാണ് ഒരു ഫ്രഞ്ച് രാഷ്ട്രത്തലവൻ ഇന്ത്യയുടെ അതിഥിയാകുന്നത്. 2023ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് ആയ അബ്ദുൽ ഫത്താഹ് അൽ സിസി ആണ് എത്തിയത്. ഈജിപ്തിൽ നിന്നുള്ള ആദ്യ അതിഥിയായിരുന്നു അദ്ദേഹം.
2021ലും 2022ലുംകോവിഡ് മഹാമാരിയെത്തുടർന്ന് വിദേശ അതിഥികൾ ഉണ്ടായിരുന്നില്ല. 2020ൽ ബ്രസീൽ പ്രസിഡന്റ് ആയ ജെയർ ബോൾസോനാരോ. 2019ൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആയ സിറിൽ റമഫോസ. 2018ൽ തായ്‌ലൻഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, മ്യാൻമർ, കംബോഡിയ, ലാവോസ്, ബ്രൂണൈ തുടങ്ങിയ 10 രാജ്യങ്ങളിലെയും നേതാക്കൾ ഒന്നിച്ച് അതിഥികളായി എത്തി. 2017 യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, 2015ൽ ബരാക് ഒബാമയാണ് എത്തിയത്. റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായ ആദ്യ യുഎസ് പ്രസിഡന്റാണ് ഇദ്ദേഹം.
ഭാരതത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന പരേഡാണ് കർത്തവ്യ പഥിൽ നടക്കുന്നത്. ‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’ എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here