സുധാകരനെ ‘സ്‌കെച്ചുചെയ്ത്’ പാര്‍ട്ടി; തല്‍ക്കാലം അവഗണിക്കും, തെരഞ്ഞെടുപ്പിന് ശേഷം നടപടി

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കേ മുന്‍ മന്ത്രിയും നേതാവുമായ ജി. സുധാകരന്‍ സി.പി.എമ്മിന് തലവേദനയായി മാറുന്നു. കഴിഞ്ഞ കുറേകാലമായി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന സുധാകരന്‍ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എങ്കിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഒരു നിയന്ത്രണവുമില്ലാതെ പരസ്യമായി നേതാക്കളേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് രംഗത്തുവരുന്നത് സി.പി.എം നേതൃത്വത്തില്‍ കടുത്ത അമര്‍ഷത്തിന് വഴിവച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ പടിക്കല്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഒരു നടപടി സ്വീകരിച്ച് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണ് അവര്‍. അതുകൊണ്ട് കഴിയുന്നതും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കഴിഞ്ഞ കുറേക്കാലമായി സുധാകരനും ആലപ്പുഴയിലെ പാര്‍ട്ടിയും തമ്മില്‍ കടുത്ത പോരിലാണ്. സമീപകാലത്ത് സുധാകരന്‍ കടുത്ത സൈബര്‍ ആക്രമണം പല ഭാഗത്തുനിന്നും നേരിടുന്നുമുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയില പങ്കെടുത്തുകൊണ്ട് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരിലാണ് സുധാകരന്‍ സൈബര്‍ കടന്നലുകളുടെ ആക്രമണത്തിന് വിധേയമാകുന്നത്. അദ്ദേഹത്തിന്റെ ജേഷ്ഠസഹോദരനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് ആക്രമണം നടത്തുന്നതും. ഇത്രയും ആക്രമണം ഉണ്ടായിട്ടും അതിനെ പാര്‍ട്ടി പ്രതിരോധിക്കുന്നില്ല എന്നതില്‍ സുധാകരന് കടുത്ത അമര്‍ഷവുമുണ്ട്. എന്നാല്‍ പാര്‍ട്ടിഅണികളല്ല ഈ വിമര്‍ശനമൊന്നും ഉന്നയിക്കുന്നത് എന്നാണ് നേതൃത്വത്തിന്റെ വിശദീകരണവും.
കഴിഞ്ഞ കുറേക്കാലമായി, പ്രത്യേകിച്ച് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതുമുതല്‍ സുധാകരന്‍ പാര്‍ട്ടിയില്‍ ഒരുവിമതനെപോലെയാണ് പെരുമാറുന്നത് എന്നാണ് ആലപ്പുഴയിലെ സി.പി.എമ്മിന്റെ വിമര്‍ശനം. എം.എല്‍.എ സീറ്റും മന്ത്രിസ്ഥാനവും ലഭിക്കാത്തതിന്റെ കെറുവാണ് സുധാകരന് എന്നാണ് അവര്‍ വിമര്‍ശിക്കുന്നത്. നേരത്തെ ഡോ.തോമസ് ഐസക്കുമായി നേര്‍ക്കുനേര്‍ പോരിലായിരുന്നു സുധാകരന്‍. ഇപ്പോള്‍ അത് ജില്ലയിലെ പാര്‍ട്ടിക്ക് മൊത്തം എതിരായി മാറ്റിമറിച്ചുവെന്നും പരാതിയുണ്ട്. നിയമസഭയില്‍ സീറ്റുനിഷേധിച്ചതിന് പുറമെ പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങളും കൂടി നഷ്ടമായതാണ് സുധാകരനെ വല്ലാതെ ചൊടിപ്പിച്ചിട്ടുള്ളത്. സമ്മേളനകാലത്തുതന്നെ ഇതിലുള്ള തന്റെ അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും സംസ്ഥാന നേതൃത്വം ഇടപെട്ട് അത് സമവായത്തില്‍ എത്തിക്കുകയും ചെയ്തിരുന്നു.
അതിനുപുറമെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന തന്റെ നേതൃത്വത്തിലാണ് അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്ന അവകാശവാദം സുധാകരന്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അതിനെയൊന്നും കണക്കിലെടുക്കാതെ, ഉണ്ടായായ വികസനമെല്ലാം, പ്രത്യേകിച്ച് നിര്‍മ്മിച്ച പാലങ്ങളും റോഡുകളുമൊക്കെ തന്റെ നേട്ടമാണ് എന്ന നിലയില്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി പ്രചരിപ്പിക്കുന്നുവെന്ന അമര്‍ഷവും സുധാകരനുണ്ട്. എല്ലാത്തിനുപരിയായി പ്രായപരിധിയുടെ പേരില്‍ കമ്മിറ്റികളില്‍ നിന്നും മാറ്റിനിര്‍ത്തിയെങ്കിലും ജില്ലയിലെ മുതിര്‍ന്ന നേതാവായ തന്നെ നിലവിലെ നേതൃത്വം പൂര്‍ണ്ണമായി അവഗണിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.
ഇത്തരത്തില്‍ സുധാകരനുള്ളില്‍ കിടന്നു പുകയുന്ന അമര്‍ഷമാണ് ഇപ്പോള്‍ പൊട്ടിപുറത്തുവന്നിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്നലെ അദ്ദേഹം മന്ത്രി സജി ചെറിയാനും എ.കെ. ബാലനുമെതിരെ പരസ്യമായി രംഗത്തുവന്നതും. സുധാകരന്റെ ഇത്തരം നടപടികളില്‍ പാര്‍ട്ടി കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി നയപരമായി ഒരു തീരുമാനം എടുത്താല്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് സുധാകരന്‍ മനസിലാക്കണം എന്നാണ് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെടുന്നത്. വിഭാഗീയത കൊടികുത്തി വാണിരുന്ന സമയത്ത് വി.എസ്. പാളയത്തിലെ കരുത്തനായിരുന്ന സുധാകരന്‍ അവിടെനിന്നും മാറി ഔദ്യോഗികപക്ഷത്തിന്റെ ഭാഗമായി പിണറായിയെ പിന്തുണച്ചു നിന്നതുകൊണ്ടാണ് ഇത്രയൊക്കെയായിട്ടും കടുത്ത നടപടികള്‍ ഉണ്ടാകാത്തതെന്നാണ് സി.പി.എമ്മിലെ ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്.
ALSO READ : തപാൽവോട്ട് അട്ടിമറിയിൽ തെളിവ് കിട്ടാതെ പോലീസ്!! ജി സുധാകരൻ കഷ്ടിച്ച് രക്ഷപ്പെട്ടു
സുധാകരനെതിരെ ഒരു നടപടി സ്വീകരിക്കുകയെന്നത് വലിയ കാര്യമല്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സമയത്ത് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സുധാകരനെതിരെ ഒരു നടപടി സ്വീകരിക്കുന്നതുകൊണ്ട് പാര്‍ട്ടിയിലോ പൊതുസമൂഹത്തിലോ അത് ഒരു വലിയ ചലനമൊന്നും ഉണ്ടാക്കുമെന്നും അവര്‍ കരുതുന്നില്ല. അത്രത്തോളം ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹമെന്ന അഭിപ്രായവും അവര്‍ക്കില്ല. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഒന്നാകെ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തില്‍ നിന്നും പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരായി വീഴുന്ന ഓരോവാക്കിനും വലിയ പ്രചാരണം ലഭിക്കും. അത് പൊതുസമൂഹത്തില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കാനുള്ള സാഹചര്യവുമൊരുക്കും.
സര്‍ക്കാരിന്റെ ഗുണപരമായ പ്രവര്‍ത്തങ്ങളെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് സി.പി.എം കൈകൊണ്ടിട്ടുള്ള പ്രധാന തീരുമാനം. സുധാകരനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ച് ശ്രദ്ധമാറുകയാണെങ്കില്‍ പിന്നെ വികസനത്തെക്കുറിച്ചും സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും വിശദീകരിക്കേണ്ട സമയം ഈ നടപടിയെ ന്യായീകരിക്കുന്നതിനായി വിനിയോഗിക്കേണ്ടി വരും. അതുകൊണ്ട് തല്‍ക്കാലം സുധാകരന്റെ ഇത്തരം പ്രസ്താവനകളെ അവഗണിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം ബന്ധപ്പെട്ട നേതാക്കളോടും ഇതില്‍ പ്രതികരിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം സുധാകനോട് സംയമനം പാലിക്കാനും പാര്‍ട്ടി നിര്‍ദ്ദേശിച്ചേക്കും. നിലപാട് തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സുധാകരന്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here