‘ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടിയത് ഇതേ കോച്ച്’; വിമർശകർക്ക് മറുപടിയുമായി ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത തോൽവിക്ക് പിന്നാലെ, തന്റെ ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തിന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം ബിസിസിഐക്ക് വിട്ടു കൊടുത്ത് ഇന്ത്യൻ ടീമിൻെറ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ.ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 408 റൺസിൻ്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഗംഭീർ, താൻ രാജിവെക്കുമോ എന്ന ചോദ്യത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു.”എൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. ഞാൻ പരിശീലകനായി ചുമതലയേറ്റ ആദ്യ വാർത്താ സമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നു, ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാനല്ല എന്ന്, ഇപ്പോഴും ഞാൻ അതിൽ ഉറച്ചുനിൽക്കുന്നു. എന്നെ പുറത്താക്കണോ അതോ നിലനിർത്തണോ എന്നത് ബിസിസിഐയുടെ തീരുമാനമാണ്.”
Also Read : 2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? മറുപടിയുമായി ഗംഭീർ
വിമർശനങ്ങൾക്കിടയിലും തൻ്റെ കീഴിൽ ടീം കൈവരിച്ച നേട്ടങ്ങളും ഗംഭീർ ചൂണ്ടിക്കാട്ടി. “ഇംഗ്ലണ്ടിൽ മികച്ച ഫലങ്ങൾ ഉണ്ടാക്കിയതും, ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടിയതും ഇതേ പരിശീലകനാണ് എന്നത് ആളുകൾ പെട്ടെന്ന് മറക്കുന്നു,” അദ്ദേഹം പറഞ്ഞു. കുറഞ്ഞ അനുഭവസമ്പത്തുള്ള ടീമാണ് ഇതെന്നും അവർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായ ശേഷം ടെസ്‌റ്റ് ടീമിലെ ബാറ്റിങ് നിര പരാജയപ്പെടുകയാണെന്ന വിമർശനങ്ങൾ ശക്തമാണ്. ഗംഭീറിന്റെ രാജി ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ ആരാധകർ വലിയ രോഷം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗംഭീറിന്റെ ഇത്തരമൊരു വിശദീകരണം.
സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയോട് 2-0 എന്ന നിലയിൽ ടെസ്റ്റ് പരമ്പര അടിയറവ് വക്കുന്നത് 25 വർഷത്തിന് ശേഷമാണ്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനവും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ മങ്ങിയതും ഗംഭീറിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here