അവിഹിതബന്ധ പരാതിയിൽ വിശദീകരണവുമായി ഗണേഷ്‌കുമാർ; വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ല

ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെന്‍റ് ചെയ്ത കെഎസ്ആർടിസി നടപടി വൻ വിവാദമായി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ആരുടേയും വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ല. എന്നാൽ കൃത്യനിർവഹണത്തിൽ ജീവനക്കാരിക്ക് വീഴ്ച‌ സംഭവിച്ചതിനൊപ്പം സസ്പെൻഷൻ ഉത്തരവിലും പിഴവുണ്ടായി എന്നാണ് മന്ത്രിയുടെ വാദം.

ഡ്രൈവർക്ക് തെറ്റ് പറ്റിയെങ്കിൽ പരിശോധിക്കും. സസ്പെൻഷൻ നടപടിയിൽ തെറ്റുണ്ടായതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. വിഷയത്തിൽ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമാണ്. അത് പരിശോധിക്കേണ്ടത് കെഎസ്ആർടിസി അല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധ കൊണ്ട് യാത്രക്കാർ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നു എന്നതാണ്. ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടർക്കാണ്. നാട്ടുകാരുടെ കൈയിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായി.

Also Read : അവിഹിത ബന്ധത്തിനെതിരെ കെഎസ്ആർടിസി; വനിതാ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിലെ പിഴവ് ഉദ്യോഗസ്ഥന് സംഭവിച്ച അബദ്ധമാണ്. ആരുടേയും വ്യക്തിപരമായ കാര്യത്തിൽ ഉത്തരവാദിത്തം കെഎസ്ആർടിസിക്കില്ല. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ചയായിരുന്നു വനിതാ കണ്ടക്‌ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത്.

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്‌ടറും തമ്മിലുളള സംസാരത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി എടുത്താണ് അസാധാരണ നടപടിയെടുത്തത്. കെഎസ്ആർടിസിയിൽ ഡ്രൈവറായ തൻ്റെ ഭർത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്‌ടറുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ ആരോപണ വിധേയയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയാണ് സസ്പെൻഡ് ചെയ്തത്.

കൊല്ലത്തെ വനിതാ കണ്ടക്ടറാണ് അച്ചടക്ക നടപടി നേരിട്ടത്. കണ്ടക്‌ടറും ഡ്രൈവറും തമ്മിൽ വഴിവിട്ട ബന്ധം ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും രേഖകൾ പരിശോധിച്ചതിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിൽ കണ്ടക്‌ടർ സംസാരിച്ചത് വീഴ്ചയാണെന്നും ആണ് ഉത്തരവിൽ പറയുന്നത്. അവിഹിതബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നത് ആണെന്ന ആക്ഷേപം ഉയർന്നതോടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top