അഞ്ച് വട്ടം റോഡ് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസ് തെറിക്കുമോ? ഗണേഷ് കുമാറിന്റെ മറുപടി ഇങ്ങനെ

ഒരു വർഷത്തിനുള്ളിൽ തുടർച്ചയായി അഞ്ച് തവണ ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന കേന്ദ്ര നിയമ ഭേദഗതിയിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നിയമം നടപ്പിലാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മുൻപ് വിശദമായ ചർച്ചകളും പഠനങ്ങളും നടത്തും. കേന്ദ്ര നിയമങ്ങൾ അതേപടി നടപ്പിലാക്കാതെ, സാധാരണക്കാർക്ക് പ്രായോഗികമായി നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിയമത്തിൽ എങ്ങനെ ലഘൂകരണം വരുത്താം എന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കാൻ കർശന നിയമങ്ങൾ ആവശ്യമാണെങ്കിലും, അത് ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിലാകരുത്. പുതിയ ചട്ടങ്ങൾ സംബന്ധിച്ച് ചൊവ്വാഴ്ച ട്രാൻസ്പോർട്ട് കമ്മീഷണറുമായി മന്ത്രി ചർച്ച നടത്തും ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാനാണ് നീക്കം.

Also Read : അഞ്ചു വട്ടം പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കും; പിഴയടക്കാൻ 45 ദിവസം മാത്രം; നടപ്പിലാക്കാൻ പോകുന്നത് കർശന നടപടികൾ

കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഭേദഗതി പ്രകാരം 2026 ജനുവരി 1 മുതൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗത, സിഗ്നൽ ലംഘനം, അമിതഭാരം കയറ്റൽ തുടങ്ങി 24 കുറ്റകൃത്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണം ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. പിഴ അടയ്ക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും. ഇങ്ങനെയുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റമോ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റോ നൽകില്ല.

നിയമലംഘനം നടത്തിയാൽ പിഴയടക്കാൻ 45 ദിവസത്തെ സാവകാശം ലഭിക്കും. അതിനുശേഷം കർശന നടപടികളിലേക്ക് കടക്കും. എങ്കിലും, ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ് ഉടമയ്ക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകണമെന്ന് ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഈ നിയമം കേരളത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ് മോട്ടോർ വാഹന വകുപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top