നടിയുടെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ്; നിയമപോരാട്ടവുമായി ഗായത്രി അരുൺ

കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി നടി ഗായത്രി അരുൺ. തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചാണ് സ്ഥാപനം വൻ തട്ടിപ്പ് നടത്തിയത്. 300ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ ചതിയിൽപ്പെട്ടതായും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വെളിപ്പെടുത്തി. സ്ഥാപനത്തിനെതിരെ താൻ നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഗായത്രി അറിയിച്ചു.

2024 സെപ്റ്റംബർ മൂന്നിന് കൊച്ചിയിലുള്ള ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിൽ ഗായത്രി അരുൺ പങ്കെടുത്തിരുന്നു. പ്രസ്തുത സ്ഥാപനം പിന്നീട് നടിയുടെ ചിത്രം അനുവാദമില്ലാതെ മാർക്കറ്റിംഗിനായി ഉപയോഗിക്കാൻ തുടങ്ങി. വാട്‌സാപ്പിൽ നടിയുടെ ചിത്രം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചാണ് ഇവർ ബിസിനസ് നടത്തിയിരുന്നത്. നടിയുടെ സാന്നിധ്യം കണ്ട് വിശ്വസിച്ച് പണമടച്ച നിരവധി വിദ്യാർത്ഥികൾക്ക് പിന്നീട് സ്ഥാപനവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. പണം നഷ്ടപ്പെട്ട 300ഓളം വിദ്യാർത്ഥികൾ തനിക്ക് നേരിട്ട് സന്ദേശങ്ങൾ അയച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ടതെന്ന് ഗായത്രി പറഞ്ഞു.

പലപ്പോഴും പിആർ ഏജൻസികൾ വഴിയാണ് ഉദ്ഘാടനങ്ങൾ വരുന്നത്. ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അന്ന് ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ അതിനുശേഷം ഈ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്റെ സമ്മതമില്ലാതെയാണ് ഉദ്ഘാടനത്തിനെടുത്ത ചിത്രം അവർ പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നത് എന്നാണ് നടി വീഡിയോയിൽ വ്യക്തമാക്കിയത്. പറ്റിക്കപ്പെട്ട വിദ്യാർത്ഥികളും മാതാപിതാക്കളും ഒട്ടും വൈകാതെ നിയമപരമായി മുന്നോട്ടു പോകണമെന്നും പരാതി നൽകണമെന്നും താരം അഭ്യർത്ഥിച്ചു. കൊച്ചിയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top