ഗാസക്കായി ഇന്ത്യയുടെ ഏറ്റവും പുതിയ നീക്കം; ഇസ്രയേലുമായി പഴയ ബന്ധം തുടരുമോ?

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്നു…ഒരു യുദ്ധഭൂമിയിലെ ശാന്തിക്ക് വേണ്ടി. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക ഗാസ സമാധാന ഉച്ചകോടിക്ക് ഈജിപ്തിലെ ഷാം എൽ-ഷെയ്ഖിൽ നാളെ തുടക്കമാവുകയാണ്.

യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഈ ഉച്ചകോടിയിൽ, ഇന്ത്യയുടെ സാന്നിധ്യം നിർണ്ണായകമാകും. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആയിരിക്കും പങ്കെടുക്കുക. നാളെ ഉച്ചക്ക് ആരംഭിക്കുന്ന നിർണായക ഉച്ചകോടിയിൽ ഇന്ത്യ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക?

Also Read : ഗാന്ധി മുതൽ മോദി വരെ; ഇന്ത്യയുടെ പലസ്തീൻ നയതന്ത്രം

ഇസ്രായേലിനോട് ചേർന്ന്, സമാധാനപരവും സുരക്ഷിതവുമായ അതിർത്തികളോടെ, പരമാധികാരമുള്ള ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് ഇന്ത്യ ഉറച്ച പിന്തുണ നൽകും. രണ്ടു കൂട്ടർക്കും അവകാശപ്പെട്ടതാണ് ആ മണ്ണ്. ഭയമില്ലാതെ, അതിരുകളില്ലാതെ, സമാധാനത്തോടെ ജീവിക്കാൻ ഇസ്രായേലികൾക്കും പലസ്തീനികൾക്കും അവകാശമുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ഈ ദുരന്തത്തിന് അറുതി വരുത്താൻ, പരമാധികാരമുള്ള പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. അതിനുവേണ്ടി ഇന്ത്യ വാദിക്കും. കൂടാതെ, നിസ്സഹായരായ ജനതയ്ക്ക് വേണ്ടി ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കും.

Also Read : ‘സ്വതന്ത്ര പലസ്തീൻ യാഥാർത്ഥ്യമാകില്ല’; ലോക രാജ്യങ്ങളെ വെല്ലുവിളിച്ച് നെതന്യാഹു

ഇന്ത്യയുടെ വിദേശനയത്തിൻ്റെ അടിസ്ഥാനശിലയാണ് സമാധാനം. എന്നാൽ, തീവ്രവാദത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. തീവ്രവാദം ഏത് രൂപത്തിലായാലും അംഗീകരിക്കാനാവില്ല എന്ന ശക്തമായ നിലപാട് ഇന്ത്യ യോഗത്തിൽ ആവർത്തിക്കും. കൂടാതെ, ഗാസയിലെ ജനങ്ങൾക്ക് അടിയന്തരമായി മാനുഷിക സഹായം എത്തിക്കേണ്ടതിൻ്റെ ആവശ്യകതയും ഇന്ത്യ ഊന്നിപ്പറയും. അമേരിക്ക മുൻകൈയെടുക്കുന്ന, അറബ് രാജ്യങ്ങളുടെ സഹായത്തോടെ രൂപീകരിക്കുന്ന അന്താരാഷ്ട്ര സുരക്ഷാ സേനയ്ക്ക് ഇന്ത്യ പിന്തുണ നൽകാൻ സാധ്യതയുണ്ട്.

Also Read : അറസ്റ്റ് ഭീതിയിൽ നെതന്യാഹു; അധികം സഞ്ചരിച്ചത് 600 കി.മി; യൂറോപ്യൻ വ്യോമ പാത കയറാതെ “വിംഗ്സ് ഓഫ് സിയോൺ”

ഇസ്രായേലുമായും അറബ് രാജ്യങ്ങളുമായും അമേരിക്കയുമായും ഒരേപോലെ നയതന്ത്ര ബന്ധം പുലർത്തുന്ന ഇന്ത്യ, ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കാതെ സമതുലിതമായ നിലപാടായിരിക്കും സ്വീകരിക്കുക. പശ്ചിമേഷ്യയിലെ സമാധാനം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും നിർണായകമാണ്. ഗാസയിലെ യുദ്ധത്തിന് അറുതി വരുത്താനും പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുമുള്ള ഈ ആഗോള ശ്രമത്തിൽ, ഇന്ത്യയുടെ ശബ്ദം സുപ്രധാനമായിരിക്കും. ഈ ഉച്ചകോടിക്ക് ശേഷം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാകുക എന്ന് കാത്തിരുന്ന് കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top