‘വീടുകളിൽ ആൺ പെൺ വ്യത്യാസം പാടില്ല’; പെൺമക്കളിൽ ആത്മവിശ്വാസം വളർത്തണമെന്നും വനിതാ കമ്മിഷൻ

അന്താരാഷ്ട്ര ബാലികാ ദിനവുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ‘സേവ് ഗേൾ ചൈൽഡ്’ ക്യാമ്പയിനിലാണ് വീടുകളിൽ സമഭാവന വേണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞത്. ആൺ-പെൺ വ്യത്യാസം വീടുകളിൽ പാടില്ല. പെൺകുട്ടികളെ ആത്മവിശ്വാസം ഉള്ളവരായി വളർത്തണം. അതവരെ ഭാവിയിൽ പ്രതികരണശേഷി ഉള്ളവരാക്കി മാറ്റുമെന്നും സതീദേവി പറഞ്ഞു.
മുറ്റം അടിച്ചു വാരേണ്ടത് പെൺകുട്ടികളാണ് എന്നുള്ള മുതിർന്നവരുടെ കാഴ്ചപ്പാട് മാറ്റണം. തങ്ങൾ എന്നും അനുസരിക്കപ്പെടേണ്ടവർ മാത്രമാണെന്ന തോന്നലാണ് വിവാഹ ശേഷവും അവർക്കു ഇത്രയേറെ പീഡനങ്ങൾ ഏറ്റുവാങ്ങാൻ ഇടയാക്കുന്നതും. ഇതിനെതിരെ പ്രതികരിക്കാനാവാതെ ആത്മഹത്യയിലേക്ക് അവർ എത്തുന്നു. ഇത് മാറണം. അത് കുടുംബങ്ങളിൽ നിന്ന് തന്നെ ആരംഭിക്കണം.
ലോകത്ത് ഏറ്റവും പാർശ്വവൽക്കരിക്കപ്പെടുന്നവർ സ്ത്രീകളും കുട്ടികളുമാണ്. പ്രത്യേകിച്ച് പെൺകുട്ടികൾ. വർഗീയ ലഹള, കലാപങ്ങൾ, യുദ്ധം ഇവയിലെല്ലാം പീഡനത്തിന് ഇരയാകുന്നതും കൂടുതലും പെൺകുട്ടികളാണെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ സതീദേവി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മോഡൽ സ്ക്കൂളിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here