കൈകൾ കെട്ടി കനാലിലെറിഞ്ഞ മകൾ 2 മാസത്തിനുശേഷം തിരിച്ചെത്തി; ആവശ്യപ്പെട്ടത് അച്ഛനെ വിട്ടയക്കാൻ

പഞ്ചാബിലെ ഫീറോസ്പൂരിൽ രണ്ട് മാസം മുമ്പാണ് അച്ഛൻ കൈകൾ കെട്ടി 17കാരിയെ കനാലിലേക്ക് തള്ളിയിട്ടത്. ആ പെൺകുട്ടിയാണ് ഇപ്പോൾ അത്ഭുതകരമായി തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ പെൺകുട്ടി എത്തിയതോടെയാണ് കേസിൽ നാടകീയമായ വഴിത്തിരിവുണ്ടായത്.

സെപ്റ്റംബർ 29നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മകളുടെ സ്വഭാവത്തിൽ സംശയം തോന്നിയ അച്ഛൻ സുർജിത് സിംഗ്, ഭാര്യയുടെയും മറ്റു മൂന്ന് പെൺമക്കളുടെയും മുന്നിലിട്ട് പെൺകുട്ടിയുടെ കൈകൾ കെട്ടി കനാലിലേക്ക് തള്ളിയിടുകയായിരുന്നു. ഈ ക്രൂരതയുടെ വീഡിയോ ഇയാൾ തന്നെ ചിത്രീകരിക്കുകയും അത് വൈറലാവുകയും ചെയ്തിരുന്നു. ബന്ധുവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്തത്. തുടർന്ന് സുർജിത് സിംഗിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.

മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പ്രതികരിച്ചു. കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ടപ്പോൾ കൈയ്യിലെ കയർ അത്ഭുതകരമായി അഴിഞ്ഞുപോയി. ഒഴുക്കിൽപ്പെട്ട് ഒഴുകി നീങ്ങുന്നതിനിടെ തല കനാലിലെ ഇരുമ്പ് ദണ്ഡിൽ ശക്തിയായി ഇടിച്ചു. ആ ഇരുമ്പ് ദണ്ഡിൽ പിടിച്ചാണ് കരയിലേക്ക് നീന്തിക്കയറിയത്. തുടർന്ന് അതുവഴി വന്ന മൂന്ന് പേർ ചേർന്ന് തന്നെ രക്ഷപ്പെടുത്തി. രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു എന്നും പറഞ്ഞു. എന്നാൽ, എവിടെയാണ് കഴിഞ്ഞിരുന്നതെന്ന വിവരം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല എന്നും പെൺകുട്ടി അറിയിച്ചു.

തന്നോട് ഇത്രയും ക്രൂരത ചെയ്ത അച്ഛനെ വെറുതെ വിടണമെന്നാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. തൻ്റെ ഇളയ മൂന്ന് സഹോദരിമാരെ നോക്കാൻ മറ്റാരും ഇല്ല. അതിനാൽ അച്ഛനെ എത്രയും പെട്ടെന്ന് ജയിലിൽ നിന്ന് വിട്ടയക്കണമെന്ന് പെൺകുട്ടി വികാരാധീനയായി ആവശ്യപ്പെട്ടു. ആക്രമണം നടക്കുമ്പോൾ മദ്യലഹരിയിലായിരുന്ന അച്ഛനെ, അമ്മയാണ് കൂടുതൽ പ്രകോപിപ്പിച്ചതെന്നും അവൾ ആരോപിച്ചു.

പെൺകുട്ടി തിരിച്ചെത്തിയതോടെ പൊലീസ് കേസ് പുനഃപരിശോധിക്കുകയാണ്. നിലവിൽ അച്ഛനെതിരെ ചുമത്തിയിട്ടുള്ള കൊലപാതക കുറ്റം മാറ്റി, വധശ്രമം എന്ന വകുപ്പ് ചുമത്താനാണ് സാധ്യത. ബന്ധുക്കളെ വിശ്വാസമില്ലാത്തതിനാൽ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top